Tuesday, April 30, 2019

ജീവിതത്തിൽ ഒരുപാട് വേദന നിറഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ട്...
അതൊക്കെ എപ്പോഴും ഓർമയിൽ വരുന്നൂ...
ഈ ജീവിതം എന്നെ തളർത്തുന്നത് പോലെ...
എനിക്കതൊക്കെ മറന്ന് പുതിയൊരു മനുഷ്യനാകണം...
അതൊക്കെ മറക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്???
അതിന് കഴിയുമോ???
മറക്കാൻ ഏറ്റവും നല്ല വഴി ഓർക്കാതിരിക്കലാണ്...
ഓർക്കാതിരുന്നാൽ മറന്നുപോകുന്നതെയുള്ളൂ ജീവിതത്തിലെ പല കാര്യങ്ങളും...
പക്ഷേ, പലരും ജീവിച്ച രീതി കാരണം ഒന്നും മറക്കാൻ കഴിയില്ലന്ന് വിശ്വസിക്കുന്നൂ...
എന്നാൽ മനുഷ്യ മനസ്സിന് കഴിയാത്തതായി ഒന്നുമില്ല...
ആ മനസ്സിനെ വേണ്ടും വിധത്തിൽ ഉപയോഗിച്ചാൽ പുതിയ മനുഷ്യനാകാം...
മനസ്സിനെ നിയന്ത്രിക്കുകയെന്നത് അസാദ്ധ്യമല്ലേ???
അല്ല...
"അർജുനൻ പറഞ്ഞു:
ഹേ മധുസൂദനാ, അങ്ങ് പറഞ്ഞുതന്ന ഈ യോഗപദ്ധതി അപ്രായോഗികമെന്നും, ചഞ്ചലമനസ്കനായ എനിക്ക് താങ്ങുവതല്ലെന്നും തോന്നുന്നു...
മനസ്സ് ചഞ്ചലമാണ്, പ്രക്ഷുബ്ധമാണ്, വഴങ്ങാത്തതും ബലമേറിയതുമാണ്...
കൃഷ്ണാ, അതിനെ നിയന്ത്രിക്കുകയെന്നത് കാറ്റിനെ പിടിച്ചു നിർത്തുന്നതിനേക്കാൾ പ്രയാസമുണ്ടെന്ന് എനിക്ക് തോന്നുന്നു"...
യുദ്ധഭൂമിയിൽ വെച്ച് മനസ്സിനെ നിയന്ത്രിക്കാൻ കൃഷ്ണൻ അർജുനനോട് പറഞ്ഞപ്പോൾ, അതിനു കഴിയാതെ അർജുനനും ഇതുപോലെ ചിന്തിക്കുന്നൂ...
കൃഷ്ണനോടത് പറയുകയും ചെയ്യുന്നൂ...
എന്നാൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞ മറുപടിയോ!!!
"ശ്രീ ഭഗവാൻ പറഞ്ഞു:
മഹാബാഹുവായ കുന്തീപുത്രാ, അസ്ഥിരമായ മനസ്സിനെ അടക്കുക എന്നത് തീർച്ചയായും ദുഷ്കരമാണ്...
എന്നാൽ യുക്തമായ പരിശീലനംകൊണ്ടും നിസ്സംഗതകൊണ്ടും അത് സാധിക്കാവുന്നതാണ്...
മനോനിയന്ത്രണമില്ലാത്തവന് ആത്മസാക്ഷാത്കാരം പ്രയാസമേറിയതാണ്...
മനസ്സിനെ കീഴടക്കി വേണ്ടുംവിധത്തിൽ ശ്രമിക്കുന്നവനാകട്ടെ, അതിൽ വിജയം നിശ്ചയമാണുതാനും...
ഇതാണെന്റെ അഭിപ്രായം"...
സ്ഥിരതയില്ലാത്ത മനസ്സിനെ അടക്കുകയെന്നത് പ്രയാസമുള്ളതു തന്നെയാണ്...
എന്നാൽ സ്ഥിരമായ പരിശീലനംകൊണ്ടും സ്വന്തം ലാഭത്തിനുവേണ്ടിയല്ലാതെയുള്ള ചിന്തകൾകൊണ്ടും പ്രവർത്തനം കൊണ്ടും മനസ്സിനെ പൂർണമായും നിയന്ത്രിക്കുകയെന്നത് സാധ്യമാണ്...
മനസ്സിനെ നിയന്ത്രിച്ചവന് മാത്രമേ ആത്മാവിനെ അറിയാൻ സാധിക്കുകയുള്ളൂ...
മനസ്സിനെ നിയന്ത്രിച്ചവന് എല്ലാം സാധ്യമാണ്...
അതായത്, നമ്മളെയെല്ലാം നയിക്കുന്നത് ശീലങ്ങളാണ്...
ആ ശീലങ്ങളാണ് നമ്മളെകൊണ്ട് ഓരോന്ന് ചിന്തിപ്പിക്കുന്നതും ചെയ്യിപ്പിക്കുന്നതും...
ഈ ശീലങ്ങളിൽ മാറ്റം വരുത്തിയാൽ ജീവിതത്തിലും മാറ്റം വരുത്താം...
ഒരുദാഹരണത്തിന്, ഒരു ചെറിയ കുട്ടി എങ്ങനെയാണോ എല്ലാം പതിയെ പതിയെ പഠിച്ചു വരുന്നത് അതുപോലെയാണ് മനുഷ്യരുടെ ശീലങ്ങൾ അവരവരെ ഒരോന്ന് പഠിപ്പിക്കുന്നതും...
മലയാളിയുടെ കുട്ടി വളർന്നു വരുമ്പോൾ മലയാളം നന്നായി സംസാരിക്കുന്നൂ...
അതുപോലെ മറ്റുള്ള നാട്ടുകളിലെ കുട്ടി, അവന്റെ നാട്ടിലെ ഭാഷ നന്നായി സംസാരിക്കുന്നൂ...
എന്തിനേറെ പറയുന്നൂ, മലയാളം അറിയാത്ത ബംഗാളി കേരളത്തിൽ ജോലി ചെയ്യാനെത്തി പതിയെ പതിയെ മലയാളം പഠിക്കുന്നൂ...
അതുപോലെ, ഹിന്ദി ഒട്ടും അറിയാത്ത ചില മലയാളികൾ ഗൾഫിലോ മറ്റോ പോയി വരുമ്പോഴേക്കും നാട്ടിലെ ഹിന്ദി മാഷിനേക്കാൾ നന്നായി ഹിന്ദി കൈകാര്യം ചെയ്യുന്നൂ...
എന്താണിതിന് കാരണം!!!
ശീലങ്ങളും സാഹചര്യങ്ങളുമാണിതിന് കാരണം...
ശീലങ്ങളും സാഹചര്യങ്ങളുമാണ് മനുഷ്യനെ നയിക്കുന്നതും പുതിയ ഓരോന്ന് പഠിപ്പിക്കുന്നതും...
നമ്മുക്ക് എന്താണോ വേണ്ടുന്നത് അത് നിരന്തരമായി പരിശീലിച്ചാൽ അതിൽ വിജയം കൈവരിക്കാനാകും...
അതുകൊണ്ട്, സ്വന്തം ബുദ്ധി സാഹചര്യത്തിനും സമയത്തിനുമനുസരിച്ച് കൃത്യമായി ഉപയോഗിച്ച് മനസ്സിനെ എങ്ങനെ നിയന്ത്രിക്കണമെന്ന് തീരുമാനിക്കുക...
മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്തവരുടെയും പഴയതൊന്നും മറക്കാൻ കഴിയാത്തവരുടെയും അഭിപ്രായം ഒന്നും മറക്കാൻ കഴിയില്ല എന്നായിരിക്കും...
എന്തെന്നാൽ, അവർക്ക് സാധിച്ചില്ലെങ്കിൽ അത് മറ്റുള്ളവർക്കും സാധിക്കില്ലന്ന് അവർ തെറ്റുദ്ധരിക്കുന്നൂ...
എന്നാൽ സ്ഥിരമായി ശ്രമിക്കുന്നവൻ മനസ്സിനെയും ബുദ്ധിയേയും വേണ്ടും വിധത്തിൽ ഉപയോഗിക്കുന്നൂ...
അതുകൊണ്ട്, ദുരനുഭവങ്ങളിൽ നിന്നായാലും നല്ല അനുഭവങ്ങളായാലും സാഹചര്യങ്ങളിൽ നിന്നായാലുമൊക്കെ അതിൽ നിന്ന് നല്ല പാഠങ്ങൾ സ്വീകരിച്ച് ഓർക്കേണ്ടത് ഓർക്കുകയും, മറക്കേണ്ടത് മറക്കുകയും, പൊറുക്കേണ്ടത് പൊറുക്കുകയും ചെയ്ത് മനസ്സിനെ നന്മയിലേക്ക് ഉയർത്തുക...
ഇതാണെന്റെ അഭിപ്രായം...
😊😊😊
കൃഷ്ണാർപ്പണം...

No comments: