Monday, September 09, 2019

ഓണം നല്‍കുന്ന വേദസന്ദേശം

മറ്റൊരു ഓണംകൂടി വന്നെത്തിയിരിക്കുകയാണ്. ഓണത്തിന്റെ സന്ദേശമെന്തെന്ന് ചോദിച്ചാല്‍ 'ദാനം' എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാം. സംസ്‌കൃതത്തില്‍ ദാനവുമായി ബന്ധപ്പെട്ട 'ബല്' എന്നൊരു ധാതുവുണ്ട്.  ഈ ധാതുവില്‍നിന്നാണ് 'ബലി'ശബ്ദം ഉണ്ടായത്. ദാനം ചെയ്യുന്നതെന്തോ അത് ബലി. ദാനവസ്തുക്കള്‍- അവ എന്തുമായിക്കൊള്ളട്ടെ, അന്നമോ വസ്ത്രമോ ധനമോ- അവയെയെല്ലാം ബലി എന്ന വാക്കിനാല്‍ വിളിക്കാം. 'അഹരഹര്ബലിമിത്തേ ഹരന്തഃ' എന്ന് അഥര്‍വവേദത്തില്‍ കാണാം. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന വൈശ്വാനരാഗ്‌നിക്ക് പ്രതിദിനം ബലി നല്‍കണം, അതായത് പ്രതിദിനം നാം ദാനം ചെയ്യണം എന്നാണ് ഈ മന്ത്രം ആഹ്വാനം ചെയ്യുന്നത്. ഇങ്ങനെ പ്രതിദിനവും ജീവിതത്തെ ദാനവുമായി ബന്ധിപ്പിക്കാന്‍ വൈദിക ഋഷിമാര്‍ ചിട്ടപ്പെടുത്തിയ ഒരു ആചരണമുണ്ട്. ബലിവൈശ്വദേവയജ്ഞം അഥവാ ഭൂതയജ്ഞം എന്നാണ് ഋഷി അതിനിട്ട പേര്. സനാതനധര്‍മത്തിന്റെ നിത്യകര്‍മങ്ങളായി ഋഷിമാര്‍ നിര്‍ദേശിച്ച പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നാണീ ബലിവൈശ്വദേവയജ്ഞം.

ഇങ്ങനെ പ്രതിദിനവും ദാനം ചെയ്ത് ചെയ്ത് ദാനത്തിന്റെ പാരമ്യതയെ അറിയുമ്പോള്‍ ഒരുവന്‍ സ്വയം ദാനവസ്തുവായിത്തീരും അഥവാ ബലിയായിത്തീരും. മഹാനായ ആ ദാനിയെ മഹാബലി എന്ന് വിളിക്കാം. ദാനരൂപേണ ഭഗവാനു മുന്നില്‍ സര്‍വതും സമര്‍പ്പിക്കുകയും അന്ത്യത്തില്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്ത മഹാബലിയുടെ കഥ ഇപ്രകാരം ദാനത്തിന്റെ പാരമ്യതയെ വര്‍ണിക്കുന്നതാണ്. ആധ്യാത്മികതയുടെ അത്യുന്നതമായ തലത്തെയാണ് ഈ സ്വയം സമര്‍പ്പണംകൊണ്ട് അര്‍ഥമാക്കുന്നത്.

 'ഇദം വിഷ്ണുര് വിചക്രമേ ത്രേധാ നി ദധേ പദമ്' (ഋഗ്വേദം 1.22.17), എന്ന് വിഷ്ണുവിന്റെ മൂന്ന് കാല്‍വെപ്പുകളെക്കുറിച്ച് ഋഗ്വേദത്തില്‍ പറയുന്നുണ്ട്.

ഭൂലോകം, അന്തരിക്ഷലോകം, ദ്യുലോകം എന്നീ മൂന്ന് ലോകങ്ങളിലാണ് വിഷ്ണു തന്റെ പാദങ്ങള്‍ വെച്ചത്. ഒരു വ്യക്തിയില്‍ ശരീരം, മനസ്സ്, മസ്തിഷ്‌കം അഥവാ ബുദ്ധി എന്നിവയാണ് യഥാക്രമം ഈ മൂന്ന് ലോകങ്ങള്‍. മഹാബലി ഇവയെയാണ് ഭഗവാനു മുന്നില്‍ ബലിയായി അതായത് ദാനരൂപേണ സമര്‍പ്പിക്കുന്നത്.

ഋഗ്വേദത്തില്‍ മറ്റൊരിടത്ത് പറയുന്നതാകട്ടെ, 'യസ്യ ത്രീ പൂര്ണാ മധുനാ പദാനി അക്ഷീയമാണാ സ്വധയാ മദന്തി' (ഋഗ്വേദം 1.154.4) എന്നാണ്. ആ വിഷ്ണുവിന്റെ മൂന്നു കാല്‍വെപ്പുകളും മധുരപൂര്‍ണവും നാശരഹിതവുമായ സ്വധയോടൊത്ത് തൃപ്തിയോഗം ചെയ്തിരിക്കുന്നു എന്നര്‍ഥം.

'സ്വധാ' എന്നത് 'ബലി'യുടെ പര്യായപദമാണ്. ബലിവൈശ്വദേവയജ്ഞമന്ത്രത്തിലും ഇപ്രകാരം 'സ്വധാ'ശബദം കടന്നുവരുന്നുണ്ട്.

ദാനത്തിന്റെ പരമമായ ഭാവത്തെ സാക്ഷാത്കരിച്ചവന്‍ ഇങ്ങനെ സ്വയം സ്വധയായി മാറി അഥവാ ബലിയായി മാറി, നാശരഹിതവും ആനന്ദപൂര്‍ണവുമായ ലോകത്തെ പ്രാപിക്കുന്നു. ഇങ്ങനെ വാമനന്റെ മൂന്നു കാലടികളെക്കുറിച്ചും അതിലൂടെ മഹാബലി മറ്റൊരു ലോകത്തേക്ക് ചെന്നെപ്പെട്ടതിനെക്കുറിച്ചുമുള്ള പുരാണകഥയുടെ ആധ്യാത്മിക അര്‍ഥത്തെ വേദങ്ങളില്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും.

ഓണച്ചടങ്ങുകളിലും ഈ ദാനസന്ദേശത്തെ നമ്മുടെ പൂര്‍വികര്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. വാമനന്റെ കാലടി വന്നുപതിഞ്ഞ ഇടം എന്ന അര്‍ഥത്തിലുള്ള തിരുക്കാല്‍ക്കര എന്ന തൃക്കാക്കരയിലെ വാമനമൂര്‍ത്തിക്ഷേത്രത്തില്‍ ഓണത്തിന്റെ പത്തു ദിനങ്ങളില്‍ നടത്തുന്ന വിശേഷമായ ശ്രീഭൂതബലി വൈദികകര്‍മമായ ബലിവൈശ്വദേവയജ്ഞം അഥവാ ഭൂതയജ്ഞത്തിന്റെ പകര്‍പ്പാണ്. പൂരാടം നാളില്‍ ഇത് ഉത്സവബലിയായി വിപുലമായികൊണ്ടാടുന്നു. ഉത്രാട-തിരുവോണദിനങ്ങളില്‍ സര്‍വര്‍ക്കും അന്നദാനരൂപത്തില്‍ ഓണസദ്യയും വിളമ്പുന്നു. മറ്റു പ്രദേശങ്ങളിലാകട്ടെ മണ്ണുകൊണ്ട് തൃക്കാക്കര അപ്പനെ ഉണ്ടാക്കി അന്നം നേദിക്കുന്നതും ചുറ്റും അരിമാവുകൊണ്ട് വരച്ച് കീടങ്ങള്‍ക്കുപോലും അന്നം നല്‍കുന്നതുമെല്ലാം ഈ സന്ദേശത്തെ ഉണര്‍ത്തുന്നതാണ്. കുട്ടനാട്ടിലെ ഉറുമ്പൂട്ടലും, അരിമാവില്‍ കൈമുക്കി കതകിലും ജനലിലും പതിപ്പിച്ച് പല്ലിയ്ക്ക് അന്നം നല്‍കുന്ന ചടങ്ങുമെല്ലാം ഈ സന്ദേശത്തെത്തന്നെയാണ് പ്രകടമാക്കുന്നത്.

എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നാം ആ ദാനമെന്ന മഹത്തായ സന്ദേശത്തെ അറിയാതെ പോകുന്നു. ചടങ്ങുകളില്‍നിന്നും അതിനെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ നമുക്ക് സാധിക്കുന്നില്ല. സനാതനധര്‍മത്തിന്റെ  അടിത്തറയായ വേദങ്ങള്‍ തൊട്ട് രാമായണത്തിലും മഹാഭാരതത്തിലും ഭഗവദ്ഗീതയിലുെമാെക്ക നമുക്ക് ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നത് കാണാം. ഭക്തിയോടെ വേദവും രാമായണവും ഭഗവദ്ഗീതയുെമാക്കെ കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്നവരിലും  ചിലരെങ്കിലും പക്ഷേ ഈ ദാനത്തെ  സ്വജീവിതത്തില്‍ പകര്‍ത്താന്‍ തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. വരുമാനത്തിന്റെ പത്തിലൊരു ഭാഗം ദാനകര്‍മത്തിനായി നീക്കിവെച്ചിരുന്നവരായിരുന്നു നമ്മുടെ പൂര്‍വികര്‍. എന്നാല്‍ നാം ആ സംസ്‌കാരത്തെ തീര്‍ത്തും കൈവിട്ടിരിക്കുന്നു.

ഭാരതത്തിന്റെ നാനാകോണുകളില്‍ നടന്നുവരുന്ന മറ്റെല്ലാ ആഘോഷങ്ങളേക്കാളും ദാനത്തിന് വിശേഷപ്രാധാന്യം കല്പിച്ചു നല്‍കിയ മലയാളിയുടെ സ്വന്തം ഓണത്തിന്റെ ദിനങ്ങളില്‍ നാം ദാനത്തിന്റെ വ്രതത്തെയാണ് ധരിക്കേണ്ടത്. ഓണത്തിനു മുന്നോടിയായി വലിയൊരു പ്രളയ ദുരന്തത്തെയാണ് കേരളം അഭിമുഖീകരിച്ചത്. എത്രയോ ആളുകള്‍ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നുണ്ട്. അവര്‍ക്കും ഓണക്കോടി കൊടുക്കണം. ഓണസദ്യയൊരുക്കണം.

ആവിശ്യമുള്ളതെന്തെന്ന് ചോദിച്ചറിഞ്ഞ് നല്‍കണം. അയല്‍പക്കത്താരും ദാരിദ്ര്യത്തില്‍ കഴിയുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ദുരിതത്തിലിരിക്കുന്ന സഹജീവികളെ കാണാതെ സ്വയം ആഘോഷിക്കുന്നവന് ഓണം എന്തെന്നറിയാന്‍ സാധിക്കില്ല. ദാനത്തിന്റെ മറുകരകണ്ട മഹാബലിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടി അണ്ണാറക്കണ്ണനും തന്നാലായതെന്നപോലെ അന്യരുടെ ദാരിദ്ര്യത്തെ അകറ്റാന്‍ ഈ ഓണം നമുക്ക് പ്രേരണ നല്‍കട്ടെ.
CP

No comments: