Wednesday, October 09, 2019

*ശ്രീമദ് ഭാഗവതം 299*

ഭഗവദ് ഗുണത്തിനും ഭഗവദ് ഭക്തിക്കും പ്രയോജനപ്പെടാത്ത ശരീരം നിന്ദ്യമാണ്. കുറുക്കന്മാര് പോലും വെറുക്കും ത്രേ. ശ്വഭോജനം. കുറുക്കന്മാർക്കുള്ള ഭക്ഷണം നായ്ക്കുള്ള ഭക്ഷണം എന്നൊക്കെ ശരീരത്തിനെ വിശേഷിപ്പിച്ചു. ഭഗവദ് ഗുണത്തിന് പ്രയോജനപ്പെട്ടില്യാ എങ്കിൽ കുറുക്കന്മാര് പോലും തിന്നില്യാത്രേ. ഒരാള് കാട്ടിലൂടെ ചെന്നു. അപ്പോ കുറേ കുറുക്കന്മാര് വരണത് കണ്ടിട്ട് ചാവാനെന്നവണ്ണം കിടന്നു. ചത്ത പോലെ കിടന്നു. അപ്പോ കുറുക്കന്മാര് ഒന്നും ചെയ്യില്യാന്ന് വിചാരിച്ചതാണ്. കുറുക്കൻ തള്ളകുറുക്കൻ എല്ലാവരും കൂടി വട്ടത്തിൽ വന്നു നിന്നു. കുറുക്കകുട്ടികള് അമ്മകുറുക്കനോട് ചോദിക്കാണ്.

ഞങ്ങള് ഇത്തിരി കടിച്ചോട്ടേ...?

തൊട്ടു പോകരുത്
ഹസ്തൗ ദാന വിവർജിതൗ
ഈ കൈ കൊണ്ട് ഒരാൾക്കും ഒന്നും കൊടുത്തിട്ടില്യാ. കൈയ്യിലിത്തിരി എച്ചില് ണ്ടെങ്കിൽ കാക്കയെ ഓടിക്കില്യാത്രേ. വറ്റ് താഴെ വീണാലോ ന്നാണ്.

ചെവി ഇത്തിരി കടിച്ചോട്ടേ...?

വേണ്ട സരസ്വതീ ദേവിയ്ക്ക് ഇത്രയധികം ദ്രോഹം ചെയ്തിട്ടുള്ള സ്ഥാനംല്യ .
ശ്രുതിപുടൗ സാരസ്വത ദ്രോഹിണൗ

കണ്ണ് മുന്തിരിപ്പഴം പോലെ ണ്ട്.
കടിച്ചാലോ ??
നേത്രേ സജ്ജനലോകനേന രഹിതേ
ഈ കണ്ണ് കൊണ്ട് കണ്ണുകടി മാത്രേ ഇവനുള്ളൂ.

പാദൗ ന തീർത്ഥം ഗതൗ
ഈ കാല് ഒരു തീർത്ഥക്ഷേത്രത്തിലേയ്ക്ക് പോയിട്ടില്ല്യ.

വയറോ, വലുതായിട്ടുണ്ടല്ലോ.
അന്യായാർജ്ജിത വിത്തപൂർണമുദരം
അന്യായമായി ആർജ്ജിച്ച സമ്പത്ത് കൊണ്ട് നിറച്ചതാണ്.

ശിരസ്സോ ..?
ഗർവ്വേണതുംഗം ശിര:
ഗർവ്വം കൊണ്ട് ഉയർത്തിയതാണീ തല.
വേരേജംബുക മുഞ്ച മുഞ്ച സഹസാ നീചം സുനിന്ദ്യം വപു:
ഉപേക്ഷിക്കൂ ഉപേക്ഷിക്കൂ നിന്ദ്യമാണീ ശരീരം.

അങ്ങനെ മൃഗങ്ങൾ പോലും നിന്ദിച്ചിട്ട് പോകുന്നതുപോലെ ആകരുതല്ലോ. ഈ ശരീരം ഭഗവദ്കൈങ്കര്യത്തിന് പ്രയോജനപ്പെടണം. അതുകൊണ്ട് പരീക്ഷിത്ത് ശ്രീശുകമഹർഷിയോട്   പറയാണ്

ഭഗവാനേ, ഭഗവദ് കഥ പറയൂ. ഏതെങ്കിലും ഭക്തന്മാരുടെ കഥ പറയൂ..
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: