Thursday, October 17, 2019

*ഭാഗം 7*

'ഭാരതത്തിൽ പിറന്നവർ ഭാരത ഗൗരവം മനസ്സിലാക്കേണ്ടതുണ്ട്. അതിന് ഹിമാലയ ദർശനം നന്നായി സഹായിക്കും. അവിടെ മഞ്ഞു മൂടിയ മാമലകളും വന്യമായ പ്രകൃതി മനോഹാരിതയും ഗംഗ, യമുന പോലുള്ള ദിവ്യ നദികളും ഒക്കെ നമ്മെ പലതും പഠിപ്പിക്കും. അതിനും പുറമെ അനവധി സന്യാസി മഹാത്മക്കളെ കാണാൻ കഴിയുമെന്നതും പ്രത്യേകതയാണ്. അക്കൂട്ടത്തിൽ ചിലർ അത്യന്തം മഹത്വമുള്ളവരായിരിക്കും. സജ്ജന സന്ദർശനവും സത്സംഗവും ജീവിതത്തെ ശോഭനമാക്കും.' സ്വാതന്ത്ര്യം തോന്നുന്നവരോട് ഞാൻ ഈ കാര്യങ്ങൾ പറഞ്ഞു കൊടുക്കാറുണ്ട്. വർഷങ്ങൾക്കു മുമ്പ്, എന്റെ ആദ്യ ഹിമാലയ യാത്രയോടനുബന്ധിച്ച് മാർഗ്ഗദർശനം തേടി ഞാൻ എന്റെ പഴയ ഭാഷാധ്യാപകനരികിൽ ചെന്നിരുന്നു. അദ്ദേഹം ജോലിയിലിരിക്കുന്ന കാലത്തു തന്നെ പല പ്രാവശ്യം ഹിമാലയ തീർത്ഥാടനം നടത്തിയിട്ടുള്ള ആളാണ്. വിരമിച്ച ശേഷം മാസങ്ങളോളം അവിടെ ചില ആശ്രമങ്ങളിൽ സത്സംഗങ്ങളുമായി കഴിഞ്ഞിട്ടുള്ള ഹിമാലയ പ്രേമിയാണ്. കൈലാസ ദർശനവും പരിക്രമണവും വർഷങ്ങൾക്കു മുമ്പ് സാധിച്ച ധീരനാണ്. യാത്രക്കു വേണ്ട തയ്യാറെടുപ്പുകളെ കുറിച്ച് പറയുന്നതോടൊപ്പം, പുലർത്തേണ്ട മാനസിക ഭാവത്തെക്കുറിച്ചാണ് അദ്ദേഹം കൂടുതൽ വിശദീകരിച്ചത്. 'ഹിമാലയത്തിൽ ചെന്നാൽ രണ്ടു കാര്യം സംഭവിക്കും. ആദ്യമായി ചെല്ലുന്ന ആൾക്ക് *ഞാനൊന്നുമല്ല എന്ന ബോധ്യം* ഉണരും. പിന്നീട് സന്ദർശകർക്ക് അവരവരുടെ പക്വതയും, സജ്ജനങ്ങളുടെ അനുഗ്രഹവും അനുസരിച്ച് *ഞാനെല്ലാമാണെന്ന തിരിച്ചറിവും* ലഭിക്കും.' അന്ന് അദ്ധ്യാപകൻ പറഞ്ഞു തന്ന ഈ രണ്ടു പാഠങ്ങൾ എനിക്ക് ഏറെ പ്രയോജനകരമായിട്ടുണ്ട്. *'അഹം വൃക്ഷസ്യ രേരിവ, കീർത്തിഃ പൃഷ്ഠം ഗിരേരിവ'*  - ഏതോ ഒരുപനിഷദ് പ്രയോഗം മാഷ് ഉദ്ധരിച്ചതും എന്റെ ഓർമ്മയിൽ ഇന്നും ഭദ്രമായുണ്ട്. വാഗർത്ഥവും, പശ്ചാത്തലവും ഒന്നും വിസ്തരിച്ച് അന്വേഷിച്ചിട്ടില്ല. ആത്മാവിന്റെ മഹത്വമാണ് പ്രതിപാദിക്കുന്നതെന്നറിയാം. എപ്പോഴെങ്കിലും ആത്മനിന്ദ തോന്നുമ്പോൾ ഞാനിത് ഉള്ളിൽ ജപിക്കും. ഫലം അത്ഭുതകരമാണ്.  സൂര്യ പ്രഭയിൽ മൂടൽമഞ്ഞു പോലെ നിഷേധാത്മക ചിന്ത അകന്നു പോവും.
പല പ്രാവശ്യമായി ചെയ്ത ഹിമാലയ യാത്രകളുടെ അനുഭവങ്ങൾ പലതും ഓർമ്മയിൽ ഓടിയെത്തുന്നു. തത്ക്കാലം ഓർമ്മകൾക്ക് കടിഞ്ഞാണിടേണ്ടതുണ്ട്. കാരണം ഇപ്പോൾ എന്റെ ദൗത്യം സുഹൃത്തിനെ സശ്രദ്ധം ശ്രവിക്കുക എന്നതാണ്.

എന്റെ സുഹൃത്ത് അദ്ദേഹം ഒരു രാത്രി കഴിച്ചു കൂട്ടിയ ആശ്രമത്തിലെ സ്ഥാപകാചാര്യനായ സന്യാസിവര്യന്റെ മഹത്വം ശേഖരേട്ടനിൽ നിന്നും പിറ്റേന്ന് കാലത്ത് കേട്ടപ്രകാരം വർണ്ണിക്കുകയാണ്.
'ശേഖരേട്ടനോടും ഞാൻ ചായ കുടിക്കാൻ അഭ്യർത്ഥിച്ചു. അദ്ദേഹം സസ്നേഹം ക്ഷണം നിഷേധിച്ചു കൊണ്ട് ചായയും, കാപ്പിയും കുടിക്കാറില്ലെന്ന് പറഞ്ഞു. ഞങ്ങൾ അദ്ദേഹം കൊണ്ടുവന്ന ചായ കുടിച്ചു കൊണ്ടിരിക്കവേ ശേഖരേട്ടൻ സ്വാമിജിയെക്കുറിച്ച് പറയാൻ ആരംഭിച്ചു. 'ശ്രീമദ് ഓങ്കാരാനന്ദ സരസ്വതി പൂർവ്വാശ്രമത്തിൽ പ്രശസ്തമായ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സസ്യശാസ്ത്ര ഗവേഷകനായിരുന്നത്രേ. ഉദ്യോഗത്തിലിരിക്കവെ പൊടുന്നനെ സന്യസിക്കാൻ നിശ്ചയിച്ച കഥ കേട്ടാൽ അവിശ്വസനീയമായി തോന്നും. അദ്ദേഹത്തിന്റെ അച്ഛൻ ആദ്ധ്യാത്മിക ശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച പണ്ഡിതനായിരുന്നെങ്കിലും മകന് അതിലൊന്നും ഒട്ടും താത്പര്യമില്ലായിരുന്നത്രേ. മാത്രമല്ല കടുത്ത അഭിപ്രായ വ്യത്യാസവും പുലർത്തിയിരുന്നു. സമ്പന്നരുടെ ആലസ്യവും, ധൂർത്തുമാണ് ആദ്ധ്യാത്മികത. ദരിദ്രരേയും, ദുഃഖിതരേയും പ്രത്യാശ കൊടുത്ത് ചൂഷണം ചെയ്യാനുള്ള ഉപാധിയാണ് ആത്മീയത. ചിലർക്ക് ജീവിതത്തിലെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ന്യായമാണ് ആദ്ധ്യാത്മികത എന്നൊക്കെ പലപ്പോഴായി അഭിപ്രായപ്പെട്ട ആളായിരുന്നത്രേ. ഇദ്ദേഹത്തിന്റെ അമ്മയുടെ കുടുംബത്തിൽ ഒരാൾ സന്യാസ വൃത്തി സ്വീകരിച്ചിട്ടുണ്ടായിരുന്നു എന്നതാണ് മറ്റൊരു വിചിത്രമായ സംഗതി.
നമ്മുടെ ഗവേഷകൻ ഒരു ദിവസം ജോലിക്കു പോകാനൊരുങ്ങിയിറങ്ങാനിരിക്കെ  വീട്ടിൽ ഭിക്ഷ യാചിച്ച് ഒരു കാവി വേഷധാരി എത്തി. ഗവേഷകന് ദേഷ്യം വന്നു. അദ്ദേഹം കോപത്തോടെ ആ സാധുവിനോട്   ഒന്നും തരാൻ ഉദ്ദേശിക്കുന്നില്ലെന്ന് അട്ടഹസിച്ചു. കടക്ക് പുറത്തെന്ന് ആക്രോശിച്ചു. ആ യാചകൻ ഗവേഷകന്റെ കണ്ണുകളിലേക്ക് തറപ്പിച്ചൊന്നു നോക്കി ഇറങ്ങിപ്പോയത്രേ. ആ നോട്ടമാവണം ഗവേഷകനെ സ്വാധീനച്ചത്. അദ്ദേഹം അകത്തു പോയി ഔദ്യോഗിക വേഷം അഴിച്ചു വെച്ച് സാധാരണ വേഷമണിഞ്ഞ് വന്ന് ഇറങ്ങിപ്പോവുന്നത് അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരിയും ഒന്നും കണ്ടിരുന്നില്ല. ഇക്കാര്യം മുറ്റമടിക്കാനെത്തിയ സ്ത്രീ പറഞ്ഞ് പിന്നീട് അവർ മനസ്സിലാക്കി. നാടുവിട്ടു പോയ മകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു. വർഷങ്ങൾ കടന്നു പോയെങ്കിലും ഒരു വിവരവും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ലഭിച്ചില്ല.  .

(തുടരും ....)

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
[ Camp @ Dubai
up to Oct 23rd ]

No comments: