Wednesday, October 16, 2019

🍁

സ്കൂള്‍ വിട്ടു രണ്ടു മണിക്ക് അവൻതിരിച്ചെത്തും. ആരെങ്കിലുമൊരാള്‍ നമ്മെ കാത്തിരിക്കാന്‍ ഉണ്ടാവുക എന്നത് ലോകത്തിലെ ഏറ്റവും സുന്ദരമായ അനുഭവമാണ്. അതു കൊണ്ടു അവന്‍ വരുമ്പോള്‍ ഞങ്ങൾ കാത്തിരിക്കും.

ഇന്നലത്തെ കാത്തിരിപ്പിന്  മറ്റൊരു പ്രത്യേകത  കൂടിയുണ്ടായിരുന്നു. സ്പോര്‍ട്സ് സെലക്ഷന്‍ ഡേ ആണ്. യൂണിഫോം ഒന്നും ഇല്ലാതെ  ടീഷര്‍ട്ടും  പാന്‍റും ധരിച്ചാണ് സ്കൂളിലേയ്ക്ക് പോയത്.

അവൻ വന്നു.. എന്തായി സെലക്ഷൻ? ചോദ്യം സഹയുടെ വകയാണ്..

''എല്ലാ ഐറ്റത്തിലും തോറ്റു"

ചിരിച്ചു കൊണ്ടാണ്ട് അവനതു പറഞ്ഞത്. കേട്ടയുടനെ ഞാനും അവളും കൈയ്യടിച്ചു. അവനു പിന്നെയും ചിരി വന്നു.. ജീവിതം മുഴുവനും തോൽവികളെ പുഞ്ചിരിയോടെ നേരിടാൻ അവനു കഴിയട്ടെ എന്നു മനസ്സിൽ ഞാൻ അവനെ ആശംസിച്ചു.

ഇന്നു രാവിലെ ഞാൻ ചോദിച്ചു, തോറ്റതിൽ നിനക്കു വിഷമമുണ്ടോ?

" ഉപ്പയല്ലേ പറഞ്ഞത് ജയിക്കലോ തോൽക്കലോ അല്ല പരിപാടികളിൽ പങ്കെടുക്കലാണ് പ്രധാനം എന്ന്"

അതു പൊളിച്ചു. തോൽക്കുന്നതിലെ ഭംഗിയെക്കുറിച്ചു ഗാന്ധിജിയുടെ വാഗ്ശകലങ്ങൾ അടങ്ങിയ ഒരു വിഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം ഞാനവനെ കാണിച്ചിരുന്നു.

അവൻ ഇനിയും തോൽക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിശയം തോന്നുന്നുണ്ടോ? എങ്കിൽ പറയട്ടെ, അവൻ പഠിച്ചു പഠിച്ചു വലിയവനാകണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നേയില്ല ;

തോറ്റ് തോറ്റ് തോൽവിയോടുള്ള ഭയം ഒടുങ്ങിയവനെ ഒരാൾക്കും പിന്നെ തോൽപ്പിക്കാനാവില്ല.  മൽസരമല്ല ജീവിതം എന്ന സ്വബോധം നമുക്കു നഷ്ടപ്പെട്ടു പോയ നിധിയാണ്. അവനെങ്കിലും അതിൽ നിന്നും രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെടട്ടെ.

എന്റെ കൂടെപ്പഠിച്ച, എപ്പോഴും തോൽക്കുമായിരുന്ന ഒരു പാടുപേർ ഗൾഫിലും നാട്ടിലുമായി ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. അവരൊന്നും പക്ഷേ ജീവിതത്തിൽ ഒരു പരാജയമല്ല. ഓരോ ഇഷ്യൂസ് വരുമ്പോഴും അവരതിനെ നേരിടുന്നതിലെ അനായാസത അതിശയിപ്പിക്കാറുണ്ട്.

വിജയത്തിന്റെ വിപരീതമല്ല തോൽവി, വിജയത്തിലേയ്ക്കുള്ള യാത്രയാണ് എന്നു പറയാറുണ്ടായിരുന്ന അധ്യാപകൻ റോഡ്രിഗസിനെ ഇപ്പോൾ ഓർമ്മ വരുന്നു. റോഡ്രിഗസ് ഒരു അധ്യാപകൻ മാത്രമായിരുന്നില്ല, ഒരു "കൊച്ചു തെമ്മാടി" കൂടി ആയിരുന്നു.

ക്ലാസിൽ വന്നാൽ അദ്ദേഹം  ഞങ്ങളുടെ തോൽവികളുടെ കഥകൾ പറയിപ്പിക്കുമായിരുന്നു.. എല്ലാം പറഞ്ഞു കഴിയുമ്പോൾ ഞങ്ങൾക്കെല്ലാം ജയിച്ച ഫീൽ ഉണ്ടാകാറുണ്ടായിരുന്നു.

എന്നിട്ടു പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം പറയുമായിരുന്നു, നോക്കൂ, രണ്ടും നമ്മുടെ മാനസികാവസ്ഥകൾ മാത്രമാണ്.. ആരുമീ ലോകത്ത് ജയിക്കുന്നില്ല... തോൽക്കുന്നുമില്ല, നാം ജീവിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നാമതിനു നൽകുന്ന നിറങ്ങൾ പോലെയത് നമുക്ക് അനുഭവപ്പെടുന്നു എന്നു മാത്രം...

            🔷🔹🔷

No comments: