ഭ്രുവോര്‍ മധ്യേ ശിവസ്ഥാനം
മനസ്തത്ര വിലീയതേ
ജ്ഞാതവ്യം തത്പദം തുര്യം
തത്ര കാലോ ന വിദ്യതേ 48
ഭ്രൂമധ്യത്തിലാണ് ശിവസ്ഥാനം. അവിടെ മനസ്സ് ലയിക്കുന്നു. ആ നാലാം അവസ്ഥ അറിയണം. അവിടെ കാലമില്ല.
ശിവസ്ഥാനമെന്നാല്‍ ശംഭുവിന്റെ, ഈശ്വരന്റെ സ്ഥാനമെന്നോ സുഖ (ശിവം ) രൂപമായ ആത്മാവിന്റെ സ്ഥാനമെന്നോ പറയാം. അവിടെ മനസ്സിനെ കേന്ദ്രീകരിക്കുമ്പോള്‍ അതിന് ശാംഭവീ ( ശംഭുവിന്റെ )മുദ്ര എന്നു പറയും. ശാംഭവിയില്‍ സ്ഥിരത നേടാന്‍ ത്രാടക ക്രിയ സഹായകരമാണ്.
തുര്യം എന്നാല്‍ നാലാമത്തേത്. ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളും കടന്നത്. അവിടെ കാലമില്ല. കാലനുമില്ല. 'ഭോക്ത്രീ സുഷുമ്‌നാ കാലസ്യ' സുഷുമ്‌ന കാലത്തെ തിന്നുകളയും എന്ന് ഇതില്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. സൂര്യ ചന്ദ്ര നാഡികള്‍ ഇവിടെ സുഷുമ്‌നയില്‍ ലയിക്കും. ആജ്ഞാചക്രമാണ് (ഭ്രൂമധ്യം) ബോധത്തി ന്റെ സ്ഥാനം. ഇതിന് ഗുരുചക്രമെന്നും പേരുണ്ട്. അവിടെ മനസ്സും പ്രാണനും, ബോധവും ജീവചൈതന്യവും ഒന്നായി ത്തീരുന്നു. ഇഡയും പിംഗളയും ഇവിടെ വരെയേ ഉള്ളൂ. ഇവിടെ നിന്ന് അവ സുഷുമ്‌നയില്‍ ലയിക്കും. ചാഞ്ചല്യങ്ങള്‍ ഇവിടെ അവസാനിക്കും. പഞ്ചഭൂതങ്ങള്‍ ക്കും മേലെയാണ് ഇവിടത്തെ അനുഭൂതി. ഭാരതീയര്‍ ഇവിടെ ഒരു കുറി തൊടും, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ. ആ സ്ഥാനത്തിന്റെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്.
ആജ്ഞ എന്നാല്‍ നിര്‍ദ്ദേശം എന്ന ഒരര്‍ഥമുണ്ട്. ഒരു നിയന്ത്രണ കേന്ദ്രമാണിത്. ബോധത്തെ നിയന്ത്രിക്കുന്നത് ഇവിടെ വെച്ചാണ്. ഉള്‍വിളികളുണ്ടാവുന്നത് ഇവിടെയാണ്. സഹസ്രാരത്തിലെത്തിയ കുണ്ഡലിനി ശക്തി വിശ്രമിക്കുന്നതിവിടെ യാണ്.
അഭ്യസേത് ഖേചരീം താവദ്
യാവത് സ്യാദ് യോഗനിദ്രിതഃ
സമ്പ്രാപ്ത യോഗനിദ്രസ്യ
കാലോ നാസ്തി കദാചന 49
യോഗനിദ്ര ലഭിക്കുന്നതു വരെ ഖേചരി അഭ്യസിക്കണം. അതു ലഭിച്ചാല്‍ പിന്നെ കാലമില്ല.
ചിത്തവൃത്തി നിരോധമാണ് യോഗം. അതു തന്നെ ഉറക്കമാവുന്നതാണ് യോഗനിദ്ര. യോഗമാകുന്ന നിദ്ര. അതു ലഭിച്ചവനാണ് യോഗ നിദ്രിതന്‍. അവന് കാലമില്ല, മരണമില്ല.
ഇന്ന് യോഗനിദ്ര എന്നത് യോഗാഭ്യാസത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. ശവാസനത്തില്‍ കിടത്തിയ ശേഷം ശ്വാസത്തില്‍ ശ്രദ്ധയോടെ ശരീരത്തിന്റെ ഓരോ ഭാഗമായി തളര്‍ത്തി വിശ്രമിപ്പിക്കുന്ന
ഒരു രീതിയാണിവിടെ പ്രയോഗിക്കുന്നത്. ആദ്യമൊക്കെ ഉറങ്ങിപ്പോവാന്‍ സാധ്യതയുണ്ട്. പക്ഷെ ക്രമത്തില്‍ ബോധത്തോടെയുള്ള വിശ്രമാനുഭവം വരും, വരണം. അപ്പോഴേ യോഗനിദ്രയുടെ അനുഭവം വരൂ. ഉറക്കമല്ലാത്ത ഉറക്കം.
സ്വപ്‌നാവസ്ഥയിലും ഉറക്കത്തിലും എല്ലാം ബോധമുണര്‍ന്നിരിക്കുമ്പോഴാണ് യോഗനിദ്രയാവുന്നത്.
നിരാലംബം മനഃ കൃത്വാ
ന കിംചിദപി ചിന്തയേത്
സബാഹ്യാഭ്യന്തരേ വ്യോമ്‌നി
ഘടവത്തിഷ്ഠതി ധ്രുവം. 4 50
മനസ്സിനെ നിരാലംബമാക്കി ഒന്നും ചിന്തിക്കാതിരിക്കുക. അപ്പോള്‍, അകത്തും പുറത്തുമുള്ള ആകാശത്തില്‍ ഒരു കുടം പോലെ നില്‍ക്കാന്‍ കഴിയും, തീര്‍ച്ച.
കുടത്തിന്റെ അകത്തും പുറത്തും ആകാശമാണ്. മറ്റൊരാലംബനമില്ലാത്ത ഖേചരിയില്‍ ഇതുപോലെയാണ്. ആലംബനമെന്നാല്‍ ഇവിടെ ചിന്തകളെയും സംസ്‌കാരങ്ങളെയും ആണ് സൂചിപ്പിക്കുന്നത്. അവ തന്നെ ചിത്തവൃത്തികള്‍. ചിന്തയുടെ ഒഴുക്കാണ് മനസ്സ് എന്ന് സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞിട്ടുണ്ട്. 'യോഗശ്ചിത്തവൃത്തി നിരോധഃ' എന്ന് പതഞ്ജലിയും പറഞ്ഞു വെച്ചു.
ഒരു കുപ്പിയില്‍ നിറച്ച് എണ്ണയുണ്ടെങ്കില്‍ പിന്നെ അതില്‍ കാറ്റിനിരിക്കാന്‍ സ്ഥലമില്ല. അതുപോലെയാണ് മനസ്സ്. അതില്‍ ആഗ്രഹങ്ങളും ദുഷ്ചിന്തകളും നിറഞ്ഞാല്‍ മറ്റുള്ളവ അതില്‍ പ്രവേശിക്കുകയില്ല. അതു കൊണ്ട് മനസ്സിലെ ഓര്‍മ്മകളും അഹങ്കാരവും ചിന്തകളും മറുചിന്തകളും വിചാരങ്ങളും വികാരങ്ങളും മാറ്റി ഒഴിഞ്ഞ കുടം പോലെയാക്കണം. അതാണ് നിരാലംബമായ മനസ്സ്. അഥവാ നിര്‍ബീജ, നിരാലംബ സമാധി.
കുടം ശരീരമായാണ് സങ്കല്പം. അത് പൂര്‍ണമായും കാലിയായാല്‍ അതുടഞ്ഞു പോകുമ്പോള്‍ അകത്തുള്ളതും പുറത്തുള്ളതും ഒന്നാകും. അപ്പോള്‍ അകത്തും പുറത്തും ബ്രഹ്മം നിറഞ്ഞു നില്ക്കും.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)..kithapram vasudevan namboodiri
No comments:
Post a Comment