Wednesday, October 02, 2019

*ശ്രീ മഹാദേവ്യൈ നമഃ...*

*സൗന്ദര്യത്തിന്റെ അമൃത ലഹരി*

ചന്ദ്രവംശത്തിലെ പ്രശസ്തനായ ജനമേജയ മഹാരാജാവ് ഒരിക്കല്‍ വ്യാസമഹര്‍ഷിയോട് ഇങ്ങനെ ചോദിച്ചു:

ദേവിയുടെ ഉത്ഭവം എങ്ങനെ?' മഹര്‍ഷിയുടെ മറുപടി, ദേവിയുടെ ഉത്ഭവത്തെക്കുറിച്ച് വിചാരിപ്പാന്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ക്കും ശക്തിയില്ല. എന്നാലും ഞാന്‍ വല്ലതുമൊക്കെ പറഞ്ഞു തരാം. വല്ലതുമൊക്കെയാണ് വേദവ്യാസന്‍ പറഞ്ഞതെങ്കില്‍ അതുതന്നെ എത്ര വലുതും മഹത്തമവും. ആ ദേവീ മഹിമയുടെ ഉത്തേജിത പുനഃസൃഷ്ടിയാണ് ശ്രീശങ്കരന്റെ സൗന്ദര്യ ലഹരി.

ഇച്ഛാ ജ്ഞാനക്രിയാ ശക്തികള്‍ തന്നെയാണ് ഈ പിണ്ഡാണ്ഡത്തിനും (ദേഹം/ മൈക്രോ) ബ്രഹ്മാണ്ഡത്തിനും (വിശ്വം/ മാക്രോ) കാരണ ഭൂതങ്ങള്‍. ഈ ശക്തിത്രയങ്ങളുടെ ആധാരഭൂമികയത്രെ  കുണ്ഡലിനി. കുണ്ഡലിനി എന്നാല്‍ ജീവന്റെ ശക്തി, ജീവന്റെ ജീവത്വം എന്നൊക്കെയാണര്‍ത്ഥം. സുഷുമ്‌നാ നാഡിയുടെ അവസാനഭാഗമായ മൂലാധാരമാണ് കുണ്ഡലിനീ ശക്തിയുടെ ആവാസ മന്ദിരം. ജഗന്മാതാവിന്റെ മരീചിമാലകളാണ് ഷഡ്ചക്രങ്ങള്‍.

ഷഡ് ചക്രപ്രതിപാദനം സൗന്ദര്യ ലഹരിയിലെ ഉദാത്തമായ കവിതതന്നെ. മൂലാധാരചക്രത്തില്‍ പൃഥ്വീതത്വമടങ്ങിയിരിക്കുന്നു. ത്രികോണാകൃ തിയിലുള്ള ഈ ചക്രം ചതുര്‍ദളകലമമത്രെ. സ്വാധിഷ്ഠാന ചക്രത്തില്‍ അഗ്നിതത്വം. ഇതാവട്ടെ, ഷഡ്ദളകമലം. ദശദള കമലാകൃതിയിലുള്ള മണിപൂരക ചക്രത്തില്‍ പഞ്ചഭൂതങ്ങളിലെ ജലതത്വം. വായുതത്വം അനാഹത ചക്രത്തില്‍. ദ്വാദശദള കമലമേ്രത ഇത്. അടുത്ത വിശുദ്ധി ചക്രത്തില്‍ ആകാശതത്വം. ഇത് ഷോഡശദളകമലമാകുന്നു. ആജ്ഞാചക്രത്തില്‍ മനസ്തത്വമാണ്. അങ്ങനെ നാം ശ്രീ ചക്രരൂപിയായ സഹസ്രദളകമലത്തിലെത്തുന്നു. ഇതത്രെ ബിന്ദു. ബിന്ദുവിന്റെ പരിണാമം തന്നെ ഇക്കണ്ട വിശ്വം.

ശ്രീചക്രം ശിവ ശക്തികളുടെ വാസസ്ഥലം. അണു പ്രപഞ്ചവും വിരാട് പ്രപഞ്ചവും ഒന്നെന്ന അഭേദചിന്തയില്‍ നാം എത്തുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സുദൃഢ സല്ലയനം തന്നെയിത്. ഈ ഭാരതീയ ദര്‍ശനത്തെ ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു.

പരാശക്തിയുടെ ആരാധന മൂന്ന് വിധത്തിലാണ്. ഒന്ന് കൗളം, രണ്ട് സമയം, മൂന്ന് മിശ്രകം. ഈ ത്രിവിധ ഉപാസനകളും വിധിച്ചത് പരമശിവനത്രെ. ശിവന് ആനന്ദഭൈരവന്‍ എന്നും നവാത്മാ എന്നും കൗളമതത്തില്‍ പേരുകള്‍. ശക്തിയെ ആനന്ദഭൈരവി, കൗളിനി എന്നും വിളിക്കുന്നു. നവവ്യൂഹങ്ങളുടെ അധിപനാണ് നവാത്മാ. കാലവ്യൂഹം, കുലവ്യൂഹം, നാമവ്യൂഹം, ജ്ഞാനവ്യൂഹം, ചിത്തവ്യൂഹം, നാദവ്യൂഹം, ബിന്ദുവ്യൂഹം, കലാവ്യൂഹം, ജീവവ്യൂഹം എന്നിവയാണ് നവവ്യൂഹങ്ങള്‍.

വസിഷ്ഠ സംഹിത, ശുകസംഹിത, സനന്ദന സംഹിത, സനക സംഹിത, സനല്‍കുമാര സംഹിത എന്നിവയ്ക്ക് ശുഭാഗമ പഞ്ചകം അഥവാ തന്ത്രപഞ്ചകം എന്ന് വിളിപ്പേര്. ഈ അഞ്ച് സംഹിതകളില്‍ പ്രതിപാദിച്ചിട്ടുള്ള ആചാരമാണ് സമയം എന്നറിയപ്പെടുന്നത്.

കൗള സിദ്ധാന്തവും സമയസിദ്ധാന്തവും ഒന്നുചേര്‍ന്നതാണ് ശാക്തേയത്തിലെ മിശ്രകം.

മഹത്തായ കവിത ഈശ്വരമഹിമയ്ക്ക് സാക്ഷ്യം പറയുന്ന മഹത്വ സങ്കീര്‍ത്തനമാണെങ്കില്‍ ശ്രീ ശങ്കരന്റെ സൗന്ദര്യലഹരി മഹത്തമമായ കാവ്യമാകുന്നു. നൂറില്‍നിന്നും ഒരു ശ്ലോകം മാത്രമുദാഹരിക്കുന്നു.

അഹഃ സുതേ സവ്യം തവനയനമര്‍-
ക്കാത്മകതാ
ത്രിയാമാം വാമം തേ സൃജതി -
രജനീ നായകതയാ
തൃതിയാ തേ ദൃഷ്ടിര്‍ദ്ദരദളിത -
ഹേമാംബുജ രുചിഃ
സമാധത്തേ സന്ധ്യാം ദിവസ-
നിശയോരന്തരചരീം (48)

ഭഗവതിയുടെ വലത്തേ നയനം സൂര്യാത്മകം. ഇടത്തേത് ചന്ദ്രാത്മകം. മൂന്നാമത്തേത് അഗ്നിരൂപവും ആകുന്നു. പകലിന്റെ കര്‍ത്താവ് സൂര്യന്‍. രാത്രിയുടെ കര്‍ത്താവ് ചന്ദ്രന്‍. സന്ധ്യകള്‍ക്ക് കാരണം ദേവിയുടെ തൃക്കണ്ണും. പകല്‍, രാത്രി, സന്ധ്യ, പക്ഷം, അയനം, ഋതു, സംവത്സരം, യുഗം, കല്‍പ്പം..... എല്ലാ കാലഗണനകള്‍ക്കും കാരണം ദേവിതന്നെ.

*ശ്രീ മഹാദേവ്യൈ നമഃ...*

No comments: