Wednesday, October 02, 2019

*ശ്രീമദ് ഭാഗവതം 292*
കൃഷ്ണൻ ഉള്ളിൽ ചെന്നതും കാലയവനൻ ഈ ഉറങ്ങുന്ന മുചുകുന്ദനെ കൃഷ്ണനാണെന്നു ധരിച്ച് ചവിട്ടി. ഉറങ്ങിക്കിടക്കായിരുന്ന മുചുകുന്ദൻ എഴുന്നേറ്റ് ഒന്ന് നോക്കി. നോക്കിയതും ഈ കാലയവനൻ ഒരു പിടി ഭസ്മം, ചാരം ആയിട്ട് മാറി!!

മുചുകുന്ദൻ  ഇക്ഷ്വാകു വംശത്തിലെ രാജാവാണ്. അദ്ദേഹം ഒരിക്കൽ ദേവലോകത്ത് ദേവന്മാരെ യുദ്ധത്തിൽ സഹായിക്കാനായിട്ട് ചെന്നു. യുദ്ധം ജയിച്ചു കഴിഞ്ഞപ്പോ ദേവന്മാർ ചോദിച്ചു

അങ്ങേയ്ക്ക് എന്തു വരമാ വേണ്ടത്.

മുചുകുന്ദൻ പറഞ്ഞു

എനിക്ക് ആത്മസാക്ഷാത്ക്കാരം വേണം.

ദേവതകൾ പറഞ്ഞു
അത് ഞങ്ങളെക്കൊണ്ടാവില്യ.
ഞങ്ങൾക്ക് ആത്മസാക്ഷാത്ക്കാരം ണ്ടെങ്കിൽ ഞങ്ങളീദേവലോകത്ത് ഇരിക്കില്യല്ലോ. അതിന് ഭഗവാൻ തന്നെ ഒരു സദ്ഗുരു ആയി വന്ന് നിങ്ങൾക്ക് ഉപദേശിക്കണം. അതല്ലാതെ എന്താ വേണ്ടത്.

മുചുകുന്ദൻ പറഞ്ഞു
ഞാൻ ഇത്രയും സാധന ഒക്കെ ചെയ്തിരിക്കണു ജപം ചെയ്തു, പ്രാണായാമം ചെയ്തു. ശാസ്ത്രാധ്യയനം ചെയ്തു. ഇതുകൊണ്ടൊന്നും പൂർണമായ അനുഭൂതി ണ്ടാവണില്യ.

പൂർണമായ അനുഭൂതി എന്ന് വെച്ചാലെന്താ. അഹങ്കാരം ശമിക്കിണില്യ. എന്തുചെയ്താലും അതിലൊക്കെ ഈ അഹങ്കാരം ഒളിഞ്ഞു നില്ക്കണു.

ജപം ചെയ്താൽ എന്നേപ്പോലെ ജപിക്കണ ആളില്യ എന്ന് തോന്നും.
പ്രാണായാമം ചെയ്താൽ ഞാൻ വലിയ യോഗി ആണെന്ന് തോന്നും.
എല്ലാത്തിലും ഈ അഹങ്കാരം ഉള്ളിൽ കടന്നിരിക്കുന്നതുകൊണ്ട് പൂർണത ണ്ടാവണില്യ.

ചക്രവർത്തി ആയിരുന്ന് സകലസുഖങ്ങളും കണ്ടു കഴിഞ്ഞു. അതിലൊന്നും കഴമ്പില്യാന്ന് മനസ്സിലായി. ഭഗവദ്പ്രാപ്തിക്കുവേണ്ടി ഇത്രയധികം പരിശ്രമിച്ചിട്ട് നില്ക്കാണ്.

ഇപ്പൊ ദേവന്മാര് കൈ മലർത്തുന്നു.
ഞങ്ങൾക്ക് വയ്യ.

എന്നാ പിന്നെ ഞാനെവിടെയെങ്കിലുമൊക്കെ കിടന്നുറങ്ങിക്കൊള്ളാം.
ഉറക്കത്തിൽ അഹങ്കാരം ഒന്നും ഇല്യാല്ലോ. എവിടെ എങ്കിലുമൊക്കെ കിടന്നുറങ്ങിക്കൊള്ളാം.
ഭഗവാൻ കൃപ ചെയ്യുമ്പോ ചെയ്യട്ടെ.

അപ്പോ ദേവന്മാര് മുചുകുന്ദന് ഒരു വരം കൊടുത്തു. ഈ അരമനയിൽ കിടന്നുറങ്ങണ്ടാ. ആളുകള് വന്ന് എഴുന്നേൽപ്പിക്കും. ഒരു കാട്ടിലൊരു ഗുഹയിൽ ചെന്ന് ഉറങ്ങ്വാ. ആ വരത്തിനോടുകൂടെ അവര് വേറെ ഒന്ന് കൂടി ചേർത്ത് വെച്ചു. എഴുന്നേറ്റ് ആദ്യം ആരെ നോക്കുന്നുവോ, അയാൾ ഭസ്മം ആയിത്തീരും. അങ്ങനെ മുചുകുന്ദന് വരം കൊടുത്തു.

ഇദ്ദേഹം അങ്ങനെയാണ് കാട്ടിൽ വന്നു ഗുഹയിൽ കിടന്നുറങ്ങണത്. ഈ മുചുകുന്ദൻ ഉറക്കമെണീറ്റ് ആരെന്ന് മനസ്സിലാവണതിനു മുൻപേ ഒരു പിടി ചാരം കിടക്കാണ് മുന്നിൽ! ആരോ വന്നിരിക്കണു. ആ ഗുഹയാകെ പ്രകാശമയമായിരിക്കണു!!
ഭഗവാൻ മുമ്പില് വന്നു നില്ക്കണു!
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: