Friday, October 18, 2019

🌹 *അനസൂയയും ദത്താത്രേയനും*✍ 



*അത്രി മഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായിട്ട്‌ വിഷ്ണുഭഗവാന്‍ ദത്താത്രേയന്‍ എന്ന നാമധേയത്തില്‍ അവതരിക്കുന്നത്‌. ഇതു സംബന്ധിച്ച പുരാണകഥ ഇപ്രകാരമാണ്‌. പണ്ട്‌ അണിമാണ്ഡവ്യന്‍ എന്നൊരു മുനിയുണ്ടായിരുന്നു. ആ മുനി മൗനനിഷ്ഠനായി സമാധിയിലിരിക്കുമ്പോള്‍ കുറേ ചോരന്മാര്‍ അതുവഴി കടന്നുപോയി. ചോരന്മാരെ പിന്‍തുടര്‍ന്ന രാജ കിങ്കരന്മാര്‍ അണിമാണ്ഡവ്യനെ ചോദ്യം ചെയ്തു. പക്ഷേ, അണിമാണ്ഡവ്യന്‍ തന്റെ മൗനവ്രതത്തെ വെടിഞ്ഞില്ല. ഇതുകണ്ട്‌ കുപിതരായ രാജകിങ്കരന്മാര്‍ മുനിയെ ശൂലത്തില്‍ കയറ്റി. മുനി മരണവേനയും അനുഭവിച്ചുകൊണ്ട്‌ വഴിവക്കിലെ ശൂലത്തില്‍ വളരെനാള്‍ കിടന്നു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ ഭര്‍ത്താവായ ഉഗ്രശ്രവസ്സ്‌ ക്രൂരനും വിടനുമായിരുന്നു. സ്വപാപകര്‍മ്മത്തിന്റെ ഫലമെന്നപോലെ ഉഗ്രശ്രവസ്സ്‌ രോഗിയായിത്തീര്‍ന്നു. എന്നിട്ടും ശീലാവതി ഭര്‍ത്താവിനെ ഭക്തിയോടെ പൂജിച്ചു. ശീലാവതി ഭര്‍ത്താവിനെയും തോളിലേറ്റി ഭിക്ഷയാചിക്കാന്‍ തുടങ്ങി. ഒരുനാള്‍ ഉഗ്രശ്രവസ്സ്‌ ഒരു വേശ്യാഗൃഹത്തെ കാണുകയുണ്ടായി. അവിടെ പോകണമെന്ന്‌ ഉഗ്രശ്രവസ്സ്‌ ശീലാവതിയോട്‌ പറഞ്ഞു. ഭര്‍ത്താവിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന ശീലാവതി അന്നുരാത്രി ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി. അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു*.


*അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ 'സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ' എന്ന്‌ ശപിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി 'നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ' എന്നൊരു പ്രതിശാപവും നല്‍കി. അതോടെ സൂര്യന്‍ ഉദിക്കാന്‍ സാധിക്കാതായി. ശീലാവതിയെ അനുനയിപ്പിച്ച്‌ ശാപം പിന്‍തിരിപ്പിക്കാന്‍ ത്രിമൂര്‍ത്തികള്‍ അത്രിപത്നിയായ അനസൂയയുടെ സഹായം തേടി. തന്റെ പതിയെ മൃത്യുവില്‍ നിന്ന്‌ രക്ഷിക്കാമെന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ ശീലാവതി ശാപം പിന്‍വലിച്ചു. അനസൂയയുടെ പ്രയത്നം കണ്ട്‌ സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ എന്തുവരമാണ്‌ വേണ്ടതെന്ന്‌ ചോദിച്ചു. ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി ജനിക്കണമെന്ന വരത്തെ അനസൂയ വരിച്ചു*.

*അതനുസരിച്ച്‌ ബ്രഹ്മാവ്‌ ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും ശിവന്‍ ദുര്‍വാസാവ്‌ എന്ന പേരിലും അനസൂയയുടെ പുത്രന്മാരായി ജനിച്ചു. വിഷ്ണുവിനാല്‍ ദത്തനാകുകയാല്‍ ദത്തന്‍ എന്നും അത്രിയുടെ പുത്രനായതുകൊണ്ട്‌ ആത്രേയന്‍ എന്നും ദത്താത്രേയന്‌ പേരുണ്ട്‌. ഈ രണ്ടുപേരുകള്‍ ചേര്‍ത്ത്‌ ദത്താത്രേയന്‍ എന്നുവിളിക്കുന്നു*.

*ദത്താത്രേയന്റെ അവതാരം സംബന്ധിച്ച്‌ മറ്റൊരു പുരാണകഥയും കൂടിയുണ്ട്‌. അത്രി മഹര്‍ഷിയുടെ പത്നിയായ അനസൂയയുടെ പാതിവ്രത്യം കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാരായ സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍ക്ക്‌ വലുതായ അസൂയ തോന്നിയത്രേ. ഒരിക്കല്‍ ഭൂമിയില്‍ പത്തുവര്‍ഷത്തോളം മഴ ലഭിക്കാതിരുന്നു. അതിന്റെ ഫലമായി ഭൂമി വരണ്ടുണങ്ങുകയും സസ്യലതാദികളും ജീവജാലങ്ങളുമൊക്കെ നശിച്ചുപോവുകയും ചെയ്തു. ഈ സമയത്ത്‌ അനസൂയ തന്റെ തപശക്തികൊണ്ട്‌ ഭൂമിയില്‍ സസ്യലതാദികളെ സൃഷ്ടിക്കുകയും ജീവജാലങ്ങളെ സംരക്ഷിക്കുകയും ചെയ്തു. ഇത്രയും മാഹാത്മ്യത്തോടുകൂടിയ അനസൂയയെ പരീക്ഷിക്കുന്നതിനായി ലക്ഷ്മി, സരസ്വതി തുടങ്ങിയവര്‍ സ്വപത്നിമാരെ തന്നെ അവരുടെ അടുക്കലേക്കയച്ചു. അത്രി മഹര്‍ഷി ആശ്രമത്തില്‍ ഇല്ലാത്തനേരം നോക്കി ത്രിമൂര്‍ത്തികള്‍ ബ്രാഹ്മണവേഷത്തില്‍ അനസൂയയുടെ മുമ്പിലെത്തി ഒരു വരം ചോദിച്ചു*. 

*അനസൂയ വരം നല്‍കാമെന്ന്‌ പറഞ്ഞപ്പോള്‍ ത്രിമൂര്‍ത്തികള്‍ പറഞ്ഞു. അവിടുന്ന്‌ പരിപൂര്‍ണ നഗ്നയായി ഞങ്ങള്‍ക്ക്‌ ആഹാരം തരണം. ഇതുകേട്ട്‌ അനസൂയ പുഞ്ചിരിയോടുകൂടി അപ്രകാരമുള്ള വരം നല്‍കണമെന്ന്‌ പറഞ്ഞു. അനന്തരം അനസൂയ ത്രിമൂര്‍ത്തികളെ മാതൃഭാവത്തോടുകൂടി വീക്ഷിച്ചു. അനസൂയയുടെ തപസ്സിന്റെയും പാതിവ്രത്യത്തിന്റെയും ഫലമായി ത്രിമൂര്‍ത്തികള്‍ മുലകുടി മാറാത്ത ശിശുക്കളായി ഭവിച്ചു. പിന്നെ അനസൂയ ത്രിമൂര്‍ത്തികള്‍ക്ക്‌ വിവസ്ത്രയായി തന്നെ ആഹാരം നല്‍കി. തങ്ങളുടെ പതിമാരുടെ ഈ അവസ്ഥ കണ്ട്‌ ത്രിമൂര്‍ത്തി പത്നിമാര്‍ അനസൂയയോട്‌ അവരെ പൂര്‍വാസ്ഥയിലാക്കുവാന്‍ അഭ്യര്‍ത്ഥിച്ചു. അനസൂയ അതിനെ അംഗീകരിക്കുകയും ചെയ്തു. ഇതിന്‌ ശേഷം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട്‌ ദത്തായത്രേയന്‍ എന്ന നാമധേയത്തില്‍ അനസൂയയുടെ പുത്രനായി ജനിച്ചു. ദത്താത്രേയന്റെ മൂര്‍ത്തീഭാവം ത്രിമൂര്‍ത്തികള്‍ ഏകത്വം കൈകൊണ്ട രൂപത്തിലുള്ളതാണ്‌*.

*അതായത്‌ ത്രിമൂര്‍ത്തികളെ അനുസ്മരിപ്പിക്കുന്ന മൂന്ന്‌ ശിരസ്സുകളോടും ആറ്‌ കൈകളോടും കൂടിയാണ്‌. അവയില്‍ ത്രിമൂര്‍ത്തികളുടെ ആയുധാദികളും ധരിച്ചിരിക്കുന്നു. ഈ ഭാവത്തിലാണ്‌ ദത്താത്രേയനെ ഉപാസിക്കാറുള്ളത്‌. അതുപോലെ തന്നെ ഗുരുസങ്കല്‍പത്തില്‍ ആരാധിക്കുന്നതും ദത്താത്രേയനെയാണ്‌. ദത്താത്രേയനെക്കുറിച്ച്‌ പുരാണങ്ങളില്‍ പലയിടത്തും പരാമര്‍ശമുണ്ട്‌. കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയ മഹര്‍ഷിയെ ആരാധിച്ച്‌ ആയിരം കൈകളെ നേടിയെടുത്തതായി ബ്രഹ്മപുരാണത്തില്‍ പറയുന്നുണ്ട്‌*.

*ദത്താത്രേയമഹര്‍ഷി നിരവധി പേര്‍ക്ക്‌ വരത്തെയും മന്ത്രോപദേശത്തേയും പ്രദാനം ചെയ്തതായി ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ദത്താത്രേയന്റെ നാമധേയത്തില്‍ പ്രസിദ്ധമായ പുരാണമാണ്‌ ദത്തപുരാണം*

*അത്രിമഹര്‍ഷിയുടെ ധര്‍മപത്‌നിയായ അനസൂയ ഘോരതപസ്സിനാല്‍ ശിവനെ പ്രസാദിപ്പിച്ച് ദത്താത്രേയനെ പുത്രനായി നേടി. വനവാസകാലത്ത് ശ്രീരാമചന്ദ്രനും സീതാദേവിയും അത്രിമഹര്‍ഷിയുടെ ആശ്രമത്തില്‍ വസിച്ചിരുന്നു. അവിടെ വെച്ച് അനസൂയാ ദേവി സീതയ്ക്ക് സന്തോഷപൂര്‍ണമായ ആതിഥ്യം നല്‍കുകയും സ്ത്രീധര്‍മവും പാതിവ്രത്യ ധര്‍മവും ഉപദേശിക്കുകയും ചെയ്തു*. 

*തുടരെ പത്തു വര്‍ഷം മഴ പെയ്യാതെ ലോകം തപിച്ചപ്പോള്‍ അനസൂയ തപഃശക്തിയും പാതിവ്രത്യശക്തിയും കൊണ്ട് കായ്കനികള്‍ നിര്‍മിച്ച് ജീവജാലങ്ങളെ പോറ്റിപ്പുലര്‍ത്തുകയും വറ്റിപ്പോയ ഗംഗാനദിയില്‍ ജലപ്രവാഹമുണ്ടാക്കുകയും ചെയ്തു*.


*ശുചീന്ദ്രം സ്ഥാണുമാലയ പെരുമാള്‍ ക്ഷേത്രം*🏯


*ദക്ഷിണേന്ത്യയിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാള്‍ ക്ഷേത്രം. ത്രിമൂര്‍ത്തികളായ ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കല്‍പ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ. ചുവര്‍ചിത്രങ്ങളും ശില്‍പങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു*.

*നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്‍റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ശില്‍പികളുടെ കരവിരുത് ഏതോരു സന്ദര്‍ശകനും നല്ലൊരു അനുഭവമാണ്. ഹിന്ദു ദേവന്‍മാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രതേൃകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാല്‍ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്*.

*ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്‍മണ്ഡപം ശില്‍പകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങള്‍ കേള്‍ക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാര്‍ത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്*.

*പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാര്‍കഴിയും ചിത്തിരയും. ഡിസംബര്‍/ജനുവരി മാസത്തിലാണ് ഒന്‍പത് ദിവസത്തെ മാര്‍കഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളില്‍ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. എപ്രില്‍/മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക*.

*ശൈവ, വൈഷ്ണവ ഭക്തരെ ആകര്‍ഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളില്‍ മുപ്പതോളം ദേവി-ദേവന്‍മാരുടെ പ്രതിഷ്ഠകളുണ്ട്*.

*ഐതീഹ്യം*🔱 

*ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതീഹ്യങ്ങളുണ്ട്. അത്രി മഹര്‍ഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടതാണിതില്‍ പ്രധാനം. ദേവന്‍മാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്*.

*അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹര്‍ഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോല്‍പ്പത്തിയ്ക്ക് കാരണമായി പറയുന്നത്. ഒരിക്കല്‍ അവിടെ മഴ പെയ്യാതായി. അതിന്‍റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്‍ഷിയ്ക്ക് ഉത്തരം നല്‍കാന്‍ ത്രിമൂര്‍ത്തികള്‍ക്കുപോലുമായില്ല*.

*പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്ക്ക് പോയി. അനസൂയ ജ്ഞാനാരണ്യത്തില്‍ ഒറ്റയ്ക്കാണെന്ന ചിന്ത മഹര്‍ഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാല്‍ മഹര്‍ഷിയുടെ ധര്‍മ്മസങ്കടം മനസ്സിലാക്കിയ ദേവി ഭര്‍ത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തില്‍ പോകാന്‍ അപേക്ഷിച്ചു. മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്‍റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്‍റെ അഭാവത്തില്‍ തനിയ്ക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു*.

*ഭര്‍ത്താവിന്‍റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാര്‍ഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹര്‍ഷി നാരദന്‍ വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാര്‍വ്വതി) ചെവിയിലുമെത്തി. അനസൂയയുടെ ഭര്‍ത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാര്‍ അവരെ പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭര്‍ത്താക്കന്‍മാരെ അനസൂയയുടെ അടുത്തേക്ക് അയക്കാന്‍ തീരുമാനിച്ചു*.

*തുടര്‍ന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂര്‍ത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവര്‍ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോള്‍ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു*.

*വിവസ്ത്രയായി വേണം ഞങ്ങള്‍ക്ക് ഭിക്ഷയും ആഹാരവും തരാന്‍. ഇതുകേട്ട അനസൂയ ഒരു നിമിഷം തന്‍റെ ഭര്‍ത്താവിന്‍റെ പാദ പൂജ ചെയ്ത ജലത്തില്‍ നോക്കി പ്രാര്‍ഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂര്‍ത്തികള്‍ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു*.

*ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാര്‍ ഭര്‍ത്താക്കാന്മാരെ പഴയ രൂപത്തില്‍ തിരിച്ചു നല്‍കണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവര്‍ത്തിയില്‍ അവര്‍ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂര്‍ത്തികളെ പഴയ രൂപത്തില്‍ ദേവിമാര്‍ക്ക് തിരിച്ചു നല്‍കി*.

*അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം*.

*കാരിക്കോട് ദേവി ക്ഷേത്രം -11-10-2019*✍

No comments: