ശ്രീമഹാഭാഗവതകഥകൾ: അക്രൂരാഗമനം;
കഥ തുടരുന്നു....
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അക്രൂരൻ വരുന്നത് ദൂരെവച്ചുതന്നെകണ്ട പീതാംബരൻ ജ്യേഷ്ഠനോടും കൂടി ഓടി അടുത്തുചെന്നപ്പോൾ ആകൃതിയും തേജസ്സും കണ്ട്, ഇതുതന്നെയാണ് തൻറെ സങ്കല്പമൂർത്തിയെന്ന് ധരിപ്പിച്ചുകൊണ്ട് ആ ഭക്തൻ കൃഷ്ണപാദങ്ങളിൽ വീണു സാഷ്ടാംഗം നമസ്ക്കരിച്ചു. കൃഷ്ണൻ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു ഗാഢഗാഢം പുണർന്ന് ആലിംഗനംചെയ്തു സന്തോഷത്തോടെ ബലരാമനുമൊരുമിച്ച് കൈയ്ക്കുപിടിച്ച് അകത്തുകൊണ്ടുപോയി, പാദങ്ങൾ കഴുകി അർഘ്യപൂജയും നൽകി ഉപചരിച്ച്, ദാഹത്തിനു രുചികരമായ ചൂടൂപാലും കൊണ്ടുവന്നുനൽകി. രാമകൃഷ്ണന്മാർ രണ്ടുപേരും ചേർന്ന് പിന്നെയും ആ ഭക്തന് വേണ്ട ശുശ്രൂഷകൾ ചെയ്തു.
അപ്പോഴത്തേക്ക് ദിനകൃത്യങ്ങൾ കഴിഞ്ഞു നന്ദഗോപനും അവിടെ ആഗമിച്ചു. അദ്ദേഹം രാമകൃഷ്ണന്മാരെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു:--
' മകളെ! അദ്ദേഹം ആരാണെന്നു വിചാരിച്ചാണ് നിങ്ങൾ ഇത്രവളരെ ലോഹ്യം കാണിച്ചത്?'
' അച്ഛൻറെ ഒരു ബന്ധുവാണെന്ന് വിചാരിച്ച്, ' രാമൻ പ്രതിവചിച്ചു.
' അതു ശരിയാണ്. അദ്ദേഹം നമുക്കൊരു ബന്ധുവാണ് '. എന്നുപറഞ്ഞു നന്ദഗോപൻ ആഗതനോടായി നിവദിച്ചു:---
'അല്ലയോ! ധന്യനായ അക്രൂരയാദവാ, ഒരു ബന്ധുവായ അങ്ങ് എന്നെ ഇപ്പോൾ കാണാൻവന്നതിൽ വളരെ സന്തോഷം. അങ്ങേയ്ക്കും കംസമഹാരാജാവിനും സൗഖ്യമല്ലേ? യാദവശ്രേഷ്ഠനായ വസുദേവരും പത്നിമാരും ക്ഷേമത്തോടെ കഴിയുന്നില്ലേ?' ഗാന്ദിനീനന്ദനൻ പ്രതിവചിച്ചു:----
' അല്ലയോ പുണ്യവാനായ നന്ദഗോപരെ! ഞാനിപ്പോൾ കംസരാജാവിൻറെ ഒരു ദൂതനായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. അദ്ദേഹം ഒരു ധനുർയാഗം നടത്താൻ ആരംഭിച്ചിരിക്കുന്നു. ആ യജ്ഞത്തിൽ പങ്കുകൊള്ളുവാൻ ബന്ധുക്കളും സ്നേഹിതന്മാരുമായ സർവ്വമാനപേരെയും അദ്ദേഹം ക്ഷണിച്ചിരിക്കുന്നു. അങ്ങും അദ്ദേഹത്തിന്റെ സ്യാലനായ വസുദേവരുടെ മാതുലപുത്രനാണല്ലോ. ആയതിനാൽ അങ്ങും സ്വന്തം ഗോത്രക്കാരുമൊരുമിച്ച് കഴിയുന്നിടത്തോളം ഗോരസങ്ങളുമായി, നാളെത്തന്നെ മഥുരാപുരിയ്ക്ക് പുറപ്പെടണമെന്ന് ഭോജരാജൻ കല്പിച്ചിരിക്കുന്നു.
' കൂടാതെ, അങ്ങയുടെ പുത്രനായ കൃഷ്ണകുമാരനെക്കുറിച്ചും, വസുദേവപുത്രനായി ഇവിടെ വളരുന്ന ബലരാമനെക്കുറിച്ചുമുള്ള കീർത്തി, അദ്ദേഹം കേട്ടുകഴിഞ്ഞിരിക്കുന്നു. അവരെയും ഒന്നു കണ്ടാൽ കൊള്ളാമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ട്. ആയതിനാൽ അവരെയുംകൂടി അയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. അവരെ കൂട്ടിക്കൊണ്ടു ചെല്ലാൻ എന്നെ ചുമതലപ്പെടുത്തി അദ്ദേഹത്തിന്റെ രാജകീയരഥവും തന്നയച്ചിട്ടുണ്ട്. '
മഥുരാപുരിമന്നനായ കംസൻ നടത്തുന്ന യാഗത്തിനു, തന്നെ ക്ഷണിച്ചത് വലിയ ഒരു ബഹുമതിയായി നന്ദഗോപനുതോന്നി. അദ്ദേഹം ഗോപ്രമാണികളെ വിളിച്ചുവരുത്തി, അതിരാവിലെതന്നെ യാത്ര പറപ്പെടേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു തീരുമാനിച്ചു. കഴിവുള്ളിടത്തോളം വണ്ടികൾ സജ്ജമാക്കാനും കാഴ്ചദ്രവ്യമായി ഉള്ളിടത്തോളം ഘൃതം കൊണ്ടുപോകാനും അദ്ദേഹം ഏർപ്പാടുചെയ്തു.
അനന്തരം അതിഥിക്ക് രുചികരമായ അത്താഴഭക്ഷണം നൽകി നന്ദൻ വേണ്ടവിധം സല്ക്കരിച്ചു. അക്രൂരന് കിടക്കാനുള്ള ശയ്യ ശ്യാമളവർണ്ണൻതന്നെ കൊട്ടിവിരിച്ച്, അതിന്മേൽ അദ്ദേഹത്തെ ആദരപൂർവ്വം കൊണ്ടുവന്നു കിടത്തി
അടുത്തിരന്നൂകൊണ്ട് ജ്യേഷ്ഠനും അനുജനുംകൂടി ഓരോ കുശലപ്രശ്നങ്ങൾ ചെയ്യുന്നതിനിടയിൽ കൃഷ്ണൻ ചോദിച്ചു:---
ഹേ! മഹാത്മൻ! ഞങ്ങളെ പ്രത്യേകമായി ക്ഷണിച്ചുവരുത്തിക്കാണുവാൻ കംസനു തോന്നിയ ആഗ്രഹമെന്താണ്? ഓന്നും ഒളിക്കരുത് സത്യംപറഞ്ഞു ഞങ്ങളെ ധരിപ്പിക്കണം '.
അക്രൂരൻ തൊഴുതുകൊണ്ട് അറിയിച്ചു:---
പ്രഭോ! സർവ്വജ്ഞനായ നി തിരുവടിക്ക് സർവ്വവും അറിയാം. എങ്കിലും എന്നോടു ചോദിച്ച സ്ഥിതിക്ക് എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറയാം. വാസ്തവം പറഞ്ഞാൽ നിന്തിരുവടി നന്ദഗോപൻറെ പുത്രനല്ല. നന്ദഗോപൻ ഒരു വളർത്തച്ഛൻ മാത്രമാണ്. നിന്തിരുവടിയുടെ യഥാർത്ഥമായ പിതാവ് ശൂരസേനതനയനായ വസുദേവയാദവനും, മാതാവ് കംസസോദരിയായ ദേവകീദേവിയുമാണ് അവർ രണ്ടുപേരും ഇന്നു കംസൻറെ കാരാഗൃഹത്തിൽ കിടന്നു കഷ്ടപ്പെടുന്നു. വിധിയുടെ ക്രൂരതയെന്നേ പറയാനുള്ളൂ,'
ആ വധൂരത്നത്തെ വസുദേവർ വേളികഴിച്ചു കൊണ്ട്പോകുന്നസമയം, അവരുടെ രഥം നയിച്ചിരുന്നത് ഭോജാധിപനാണ്. അപ്പോൾ ആകാശത്തിൽ ഒരു അശരീരിയുണ്ടായി ---- ദേവകി പ്രസവിക്കുന്ന എട്ടാമത്തെ പുത്രൻ കംസനെ വധിക്കുമെന്ന്. ആ ദേവവാക്യം കേട്ട് ഭീതനായിത്തീർന്ന കംസൻ തൽക്ഷണംതന്നെ സഹോദരിയെ വധിക്കാനൊരുങ്ങി എങ്കിലും, വസുദേവരുടെ നയോക്തികളാൽ, വധകൃത്യം നടത്താതെ അവരെ രണ്ടുപേരെയും ചങ്ങലയിട്ടുപൂട്ടി കാരാഗൃസത്തിലടച്ചു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ്
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
' ദേവകി പ്രസവിച്ച ആറുമക്കളേയും ആ കശ്മലൻ നിർദ്ദയം പാറമേലടിച്ചു കൊന്നു. ഏഴാമത്തെ ഗർഭത്തിലുണ്ടായ പ്രജയെ വസുദേവരുടെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഗർഭാശയത്തിലേയ്ക്ക് സംക്രമിപ്പിച്ചു, യഥാകാലം അവൾ പ്രസവിച്ച പുത്രനാണ് ബലഭദ്രൻ. വാസ്തവം ആലോചിച്ചാൽ ബലഭദ്രൻറെയും ആദിജനനം ദേവകീദേവിയുടെ ഉദരത്തിലാണ്. എട്ടാമതും ദേവകി ഗർഭം ധരിച്ചു. നിന്തിരുവടിയെ പ്രസവിച്ചു. കൃഷ്ണാ! സർവ്വതന്ത്രസ്വതന്ത്രനായ അങ്ങ് അസ്വതന്ത്രനായി പാതിരാക്കൂരിരുളിൽ കംസകാരാഗൃഹത്തിലാണ് പിറന്നുവീണത്. ആ സമയം ദൈവേച്ഛയാ നന്ദഗോപപത്നിയായ യശോദയും ഒരു പെൺകുഞ്ഞിനെ ഇവിടെ പ്രസവിച്ചു. വസുദേവർ ആ രാത്രിയിൽത്തന്നെ ആരുമറിയാതെ നിന്തിരുവടിയെ യശോദയുടെ നികടത്തിൽ കൊണ്ടുവന്നു കിടത്തിയിട്ട്, ആ പെൺകുഞ്ഞിനേയും കൊണ്ട് തിരിച്ചുപോയി. കംസൻ അതിനേയും കൊല്ലാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ദേവകിയുടെ അഷ്ടമസൂനുവാണ് യശോദാനന്ദനനായി വളരുന്നതെന്ന് കംസൻ ധരിച്ചില്ല. എങ്കിലും തൻറെ ശത്രുവായി വളരുന്ന ഒരു പൈതലാണെന്നു കരുതി ചില അസുരപ്പരിഷകളേയും ആ പൈതലിനെ വധിക്കാനായി അവൻ നിയോഗിച്ചു. അതിലും അവൻ പരാജയപ്പെട്ടു.
' അടുത്തകാലത്ത് നാരദമഹർഷിയിൽ നിന്നും അങ്ങയുടെ ജനനരഹസ്യം മുഴുവനും ആ ദുഷ്ടൻ ധിക്കരിക്കാനിടയായി. അപ്പോൾ മുതൽ നിങ്ങളെ നിഗ്രഹിക്കണമെന്നുള്ള ജ്വരത്തിൽ അവൻ കഴിഞ്ഞുകൂടുകയാണ്. നിങ്ങളെ--- പ്രത്യേകിച്ച് കൃഷ്ണനെ--- കൊല്ലാൻ വേണ്ടിയാണ് ഈ ചാപയാഗവും അവർ നടത്തുന്നത്. നിങ്ങൾ വരുമ്പോൾ കുത്തിക്കൊല്ലാൻ യാഗശാലയുടെ മുമ്പിൽ, കുവലയാപീഡമെന്ന ഹസ്തിപ്രവരനേയും, മല്ലയുദ്ധം ചെയ്തു വധിക്കാൻ മുഷ്ടികചാണൂരന്മാരായ മല്ലന്മാരെയും അവൻ ഏർപ്പാടു ചെയ്തീട്ടുണ്ട്.
' കൃഷ്ണാ! രാമാ! നിങ്ങൾ ദിവ്യാത്മാക്കളാണ്. ഞാൻ സത്യം തുറന്നു പറഞ്ഞു. കംസൻ ഇതറിഞ്ഞാൽ എൻറെ ഗളഛേദമായിരിക്കും ഫലം. സ്വന്തം പിതാവിനെപ്പോലും പിതാവല്ലെന്നു പറഞ്ഞ് അവൻ കാരാഗൃഹത്തിലിട്ട് അടച്ചിരിക്കുന്നു അത്ര ദുഷ്ടനാണ് അവൻ. ഈ രഹസ്യങ്ങൾ മുഴുവനും അവൻതന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അവൻ രാജാധികാരമുള്ളവൻ. അവൻറെ നിർദ്ദേശമനുസരിച്ച് ---- അവനെ ഭയപ്പെട്ട് ---- ഞാൻ ഈ ദൗത്യം നിർവ്വഹിച്ചു എന്നുമാത്രം. ചതിയാണ് ആ യാഗത്തിൻറെ പിന്നിൽ മറഞ്ഞിരിക്കുന്നത്. അതു നിങ്ങൾ അറിഞ്ഞിരിക്കണം. ഇനി നിങ്ങളുടെ ഹിതമേതോ ---- അതുപോലെ പ്രവർത്തിച്ചാൽ മതി. വരാനിഷ്ടമില്ലെങ്കിൽ, വരണമെന്നില്ല. '
' ഇല്ല, മാതുലാ! ഞങ്ങൾ വരും. ആ ചാപയാഗം ഞങ്ങൾക്ക് കാണണം. ഞങ്ങളെച്ചൊല്ലി കാരാഗൃഹത്തിൽ കിടന്നു കഷ്ടപ്പെടുന്ന ഞങ്ങളുടെ വന്ദ്യതാതമാതാക്കളെ ഞങ്ങൾക്ക് രക്ഷിക്കണം. ആനയോ മല്ലന്മാരോ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, ഞങ്ങൾ വരും ' എന്നു കൃഷ്ണൻ പറഞ്ഞപ്പോൾ, ' ഈ രാത്രിയിൽത്തന്നെ പുറപ്പെടണമെങ്കൽ അതിനും ഞങ്ങൾ തയ്യാറാണ് ' എന്നു രാമനും അഭിപ്രായപ്പെട്ടു. ( തുടരും)
~~~~~~~~~~~~~~~~~~~~~~~~~~~~
ചോദ്യം:-- നന്ദഗൃഹത്തിലെത്തിയ അക്രൂരനോട് രാമകൃഷ്ണന്മാർ എന്താണ് പറഞ്ഞത്?
~~~~~~~~~~~~~~~~~~~~~~~~~~~
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം
~~~~~~~~~~~~~~~~~~~~~~~~~~~~
നാളെ !!! ഭഗവാൻറെ മഥുരാപുരീഗമനം !!!
No comments:
Post a Comment