Sunday, April 05, 2020

ഹൗഡിനി, ലോകപ്രസിദ്ധനായ മാന്ത്രികൻ.houdini's escape എന്നൊരു പ്രയോഗം തന്നെയുണ്ട്.ഏതു ബന്ധനങ്ങളെയും അനായാസം അതിജീവിച്ചു പുറത്തു വരുന്നയാൾ.... ഒരിക്കൽ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് ലോകപ്രസിദ്ധമായ  ജയിലിൽ അദ്ദേഹത്തെ പൂട്ടിയിടപ്പെട്ടു.പുറത്ത് ആവേശത്തോടെ കാത്തു നിൽക്കുന്ന കാണികൾ.......അവരെ നിരാശരാക്കി ക്കൊണ്ട് പതിവു സമയം കഴിഞ്ഞിട്ടും അദ്ദേഹം പുറത്ത് വന്നില്ല.ഹൗഡിനി പൂട്ട് തുറക്കാനുള്ള തന്റെ കഴിവുകള് മുഴുവൻ പയറ്റി തളർന്നു.സമയം കടന്നു പോയി.ഇനിയൊന്നും ചെയ്യാനില്ല, ലോകം കണ്ട ഇതിഹാസമാന്ത്റികൻ ഹൗഡിനി ആദ്യമായി ഇതാ പരാജയം ഏറ്റുവാങ്ങുകയാണ്.അദ്ദേഹം അവശതയോടെ വാതിലിലേയ്ക്ക് ചാഞ്ഞു, അത്ഭുതമെന്നു പറയട്ടെ അദ്ദേഹത്തിന്റെ ഭാരം ഏറ്റുവാങ്ങിയ വാതിലുകൾ മലർക്കെ തുറന്നു.കാവൽക്കാരൻ താഴിടാൻ മറന്നു പോയിരുന്നു.പൂട്ടാത്ത പൂട്ട് തുറക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം അവശനായത്, പുറത്തു വന്ന അദ്ദേഹം ചിരിച്ചു ചിരിച്ചു കൈവീശി പറഞ്ഞു ഞാനല്ല ....ഇത് ... ഞാനല്ല....

ഒരുപക്ഷേ ശരിയ്ക്കും പൂട്ട് പൂട്ടിയിരുന്നു എന്കിലോ.... അപ്പോഴും ഇത് തന്നെയാണ് സംഭവിച്ചിരിക്കുക.

എന്നും കെട്ടുന്ന പശുവിന് വെറുമൊരു കയറും കുറ്റിയും മതി അത് സ്വയം നിർണ്ണയിച്ച വൃത്തത്തിൽ നിന്ന് പുറത്ത് കടക്കാതെ കറങ്ങിക്കോളും.ചിലപ്പോൾ കയറില്ലാതെ കെട്ടിയിടാം....

ഇതുപോലെ അയത്നലളിതം തന്നെയല്ലേ നമ്മുടെ എല്ലാ ബന്ധനങ്ങളും.വൃഥാ നാം പൂട്ടിട്ട് വീണ്ടും വീണ്ടും അത്  ഉറപ്പിക്കാൻ സാഹസപ്പെടുന്നു.സത്യത്തിൽ പൂട്ട് വീഴുന്നുണ്ടോ, ഉണ്ട് എന്കിൽതന്നെ നമ്മുടെ തന്നെ അവശതകളിൽ ബന്ധനങ്ങളൊക്കെ ചരടറ്റ് പോകുന്നില്ലേ.

സ്വപ്നത്തിൽ നിന്നുണർന്ന്  ജനകൻ ചോദിച്ചുകൊണ്ടിരിക്കുന്നു." അത് സത്യമോ , ഇത് സത്യമോ ......"
അഷ്ടാവക്റൻ പറയുന്നു." അതും സത്യമല്ല ഇതും സത്യമല്ല ..."

No comments: