ഗീതാദര്‍ശനം/കാനപ്രം കേശവന്‍ നമ്പൂതിരി
Friday 22 June 2018 1:00 am IST
ഇഷ്ടപ്പെട്ട ലൗകിക സുഖങ്ങളെല്ലാം ഒന്നുപോലും അവശേഷിക്കാതെ അനുഭവിക്കുക എന്നത് മാത്രമാണ് ആസുരീക സ്വഭാവികളുടെ പുരുഷാര്‍ത്ഥം. അതിനെക്കാള്‍ ഉത്കൃഷ്ടമായി ഒന്നും ഇല്ലെന്ന് അവര്‍ നിശ്ചയിച്ചിരിക്കുന്നു. അതിനുള്ള ഉപായങ്ങളും ഉപകരണങ്ങളും ചിന്തിച്ചു കൊണ്ടും പ്രവര്‍ത്തിച്ചുകൊണ്ടും, അതു പരാജയപ്പെട്ടാല്‍ പുതിയ മറുമാര്‍ഗങ്ങള്‍ ചിന്തിക്കുകയും പ്രയോഗിക്കുകയും ചെയ്തുകൊണ്ട് അവര്‍ മുന്നോട്ടു പോകുന്നു എന്നുതന്നെയാണ് അവര്‍ തീരുമാനിക്കുന്നത്. ഈ ചിന്തയ്ക്ക് അവസാനമില്ല. ധനത്തിനുള്ള ആഗ്രഹം സഫലമായാല്‍ കൃഷിസ്ഥലത്തിനു വേണ്ടിയുള്ള ചിന്ത തുടങ്ങുകയായി. പിന്നെ ഗൃഹനിര്‍മ്മാണത്തിന്റെ ചിന്തയായി. പിന്നെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ചിന്തയായി. ഇങ്ങനെ ഈ ചിന്ത മരണ കാലത്ത് അവസാനത്തെ ശ്വാസം പോകുന്നതുവരെ (പ്രളയം വരെ) തുടരും. അവരുടെ ആഗ്രഹത്തിനും ചിന്തക്കും പരിമിതിയില്ല എന്നു താല്‍പര്യം. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖത്തോടെ മരിക്കുന്നു.
അവര്‍ സമ്പാദിക്കുന്ന ധനത്തിന് കണക്കില്ല (16-12)
ആശാ- എന്ന വാക്കിന്റെ അര്‍ഥം- നമ്മുടെ സ്വാധീനതയിലല്ലാത്ത സുഖങ്ങള്‍ വേണമെന്ന അഭിലാഷം എന്നാണ്. ആശകളാകുന്ന പാശങ്ങള്‍- കയറുകള്‍ അല്ലെങ്കില്‍ ചങ്ങലകള്‍ നൂറുകണക്കിന് ആസുരീകസ്വഭാവമുള്ളവരെ കെട്ടിമുറുക്കി തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാട്ടും ചലിച്ചു കൊïുപോകുന്നു. കുറെ ശൃംഖലകള്‍ തെക്കോട്ട് ധനത്തിനുവേണ്ടി വലിച്ചു കൊണ്ടുപോകുമ്പോള്‍, വേറെ ചങ്ങലകള്‍ ഗൃഹത്തിനുവേണ്ടി വടക്കോട്ടു കൊണ്പോകുന്നു. അതേസമയംതന്നെ കുറേ കയറുകള്‍ സ്ത്രീകള്‍ക്കുവേണ്ടി കിഴക്കോട്ട് കൊണ്ടുപോകുമ്പോള്‍ വ്യവസായത്തിന് വേണ്ടിപടിഞ്ഞാട്ടു വലിച്ചുകൊണ്ടുപോകുന്നു. തങ്ങളുടെ ആഗ്രഹത്തിനു തടസ്സം സൃഷ്ടിക്കുന്ന ആളുകളോടും വസ്തുക്കളോടും നിയമവ്യവസ്ഥയോടും ക്രോധം വരുന്നു; അവയെ നശിപ്പിക്കാന്‍ വേണ്ടി ഒരുങ്ങുന്നു. അവര്‍ എപ്പോഴും കാമവും ക്രോധവും ആശ്രയിച്ചും നടപ്പിലാക്കിയും ജീവിക്കുന്നു. സ്വന്തം ജീവിതം സുഖം അനുഭവിച്ച്, സന്തോഷസമ്പൂര്‍ണമാക്കാന്‍ വേണ്ടി, ന്യായമല്ലാത്ത വഴിയിലൂടെയല്ലാതെ- കരിഞ്ചന്തയും പൂഴ്ത്തിവെപ്പു നടത്തിയും ആളുകളെ കൊന്നും ബാങ്കുകള്‍ കൊള്ളയടിച്ചും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചും- കോടിക്കണക്കിന് രൂപ നേടി, ലോകത്തിലെ എല്ലാ ബാങ്കുകളിലും നിക്ഷേപിക്കുന്നു. ഈ ദുഷ്പ്രവൃത്തികള്‍ക്ക് വിധേയരാവുന്ന സാധാരണക്കാരെ വിഷമിപ്പിക്കുകയും ചെയ്യുന്നു.
No comments:
Post a Comment