Friday, February 01, 2019

*ശ്രീമദ് ഭാഗവതം 49*

മഹാത്മാക്കളുടെ കാര്യത്തിൽ പോലും അവരുടെ കാലത്തിനു ശേഷം ശരീരത്തെ ചൊല്ലി ശണ്ഠ ണ്ടായിട്ടുണ്ട്. കബീർ മരിച്ചു കഴിഞ്ഞപ്പോ അദ്ദേഹത്തിനെ സംസ്ക്കരിക്കണമെന്ന് ഒരു വിഭാഗം. അല്ല തീ വെയ്ക്കാ വേണ്ടതെന്ന് വേറെ ഒരു വിഭാഗം. രണ്ടു കൂട്ടരും ബഹളം. അവസാനം അദ്ദേഹത്തിന്റെ ശവം തുണി തുറന്നു നോക്കിയപ്പോ ഒരു പിടി പൂവായിട്ട് ഇരുന്നു അത്രേ. ദേഹം ഇല്ല്യ. പകുതി പുഷ്പത്തിനെ കൊണ്ട് പോയി അവര് പെട്ടിയിലിട്ട് മൂടി. പകുതി പുഷ്പത്തിനെ മറ്റേ കൂട്ടർ  കത്തിച്ചും കളഞ്ഞു അപ്പഴും വിട്ടില്ല്യാ എന്നർത്ഥം. നോക്ക്വാ അത്രയ്ക്ക് പ്രബലമാണ് ഈ അജ്ഞാനം.

 അപ്പോ ഭഗവാൻ പറഞ്ഞു. ഹേ ബ്രഹ്മാവേ നല്ലവണ്ണം പരമേണ സമാധിനാം നല്ലവണ്ണം അറിഞ്ഞാൽ എന്താ പ്രയോജനം.  ഭവാൻ കല്പവികല്പേഷു ന വിമുഖ്യതി കർഹിചിത്. ഇനി എത്ര യുഗങ്ങളും കല്പവികല്പങ്ങളും ണ്ടായാലും താങ്കൾക്ക് മോഹം വരാതിരിക്കണമെങ്കിൽ ഇവിടെ രണ്ടാമത് ഒന്നും തന്നെ ഇല്ല്യ. ഏകമേവ അദ്വിതീയം. ഈ തത്വം അറിഞ്ഞാൽ കൂട്ടത്തിന്റെ നടുവില് തനിയെ ഇരിക്കും എന്നാണ് ആചാര്യസ്വാമികൾ പറയണത്. ന്താ,  ഒന്നാണെന്നറിഞ്ഞാൽ പിന്നെ വേറൊരാൾ  അവിടെ  ഇല്ലല്ലോ. കാട്ടിനുള്ളിലോ ഒരു മഠത്തിൽ ഇരുന്നാലോ ഒന്നും ഏകാന്തം കിട്ടില്ല്യ. 

ഏകമേവ അദ്വിതീയം ഇതി ഗുരുവാക്യൈ: സുനിശ്ചിതം. ഇവിടെ മറ്റാരും ഇല്ല്യ എന്ന് ഗുരുവാക്യം കൊണ്ട് ആര് നിശ്ചയിച്ചിരിക്കണുവോ അവര് എവിടെ ഏത് കൂട്ടത്തിൽ പോയിരുന്നാലും ഏകാന്തത്തിൽ തന്നെ ആയിരിക്കും. അവർ അരണ്യത്തിലാണ്.

ജനകൻ അങ്ങനെയാ പറയണത്. സദസ്സിലിരിക്കണ ജനകനോട് ചോദിച്ചു . അവിടുന്ന് ഇങ്ങനെ സിംഹാസനത്തിൽ ഇരുന്ന് എങ്ങനെ  സമാധാനമായിട്ടിരിക്കും? ഞാൻ അരണ്യത്തിലാണ് ഇരിക്കണത്. രണം ഇല്ലാത്തയിടം ആണ് അരണ്യം. ഉള്ളില് ഒരു conflict ഉം ഇല്ല്യ എന്ന് അർത്ഥം. ആരോടും ഒരു യുദ്ധം ഇല്ല്യ ശണ്ഠ ഇല്ല്യ യാതൊന്നും ഇല്ല്യ. രണ്ടാമത് ഒരു വസ്തു ഇല്ല്യ.

ബ്രഹ്മാവിനോട് ഭഗവാൻ പറഞ്ഞു. ഇനി ഇപ്പൊ  ഇത് അറിഞ്ഞിട്ടിനി മിണ്ടാണ്ടിരിക്കേണ്ട. സകല ഏടാകൂടവും പ്രവർത്തിച്ചോളുക. ആദ്യം ഏറ്റവും കൂടുതൽ ഏടാകൂടം പ്രവർത്തിച്ചത് ബ്രഹ്മാവാണല്ലോ. നമ്മളെ ഒക്കെ ണ്ടാക്കി വെച്ചില്ലേ. എത്ര മെനക്കേട്. സ്ക്കൂളിൽ പോകണം. പഠിക്കണം. ജോലിക്ക് പോകണം. കുട്ടികളെ നോക്കണം. എത്ര വിഷമാ. ഈ സൃഷ്ടി മുഴുവൻ തുടങ്ങി വെച്ചത് അദ്ദേഹാണ്.
ശ്രീനൊച്ചൂർജി
തുടരും. ...

No comments: