Wednesday, February 13, 2019

*ശ്രീമദ് ഭാഗവതം 61*

അപ്പൊ ഭക്തന്റെ ലക്ഷണം എന്താ?

സന്തുഷ്ട സതതം.
എപ്പോഴും സന്തോഷം ആയിട്ടിരിക്കാ.

ഒരു കഥ ണ്ട്. ചൈതന്യമഹാപ്രഭു. ഒരിക്കൽ നാമസങ്കീർത്തനം ചെയ്ത് ലഹരി പിടിച്ച് ആനന്ദത്തോടെ സമുദ്രക്കരയിലൂടെ നടക്കുമ്പോൾ സമുദ്രത്തില് വീണു. ഒരു മുക്കുവൻ, സ്വാമി വീണിരിക്കണത് കണ്ട്  സമുദ്രത്തിൽ ഇറങ്ങി ചൈതന്യ മഹാപ്രഭുവിനെ പിടിച്ചു കെട്ടി വലിച്ചു കൊണ്ട് വന്നു. കരയ്ക്ക് കൊണ്ട് വന്നു. അദ്ദേഹത്തെ സ്പർശിച്ചതോടെ ഈ മുക്കുവന് ഒരു ആനന്ദം. ഓരോ രോമകൂപത്തിലും ആനന്ദം. ഇയാൾക്ക് മീൻ പിടിക്കാൻ പോകാൻ ഉത്സാഹം ഇല്ല്യ. പണി എടക്കണില്ല്യ. വീട്ടില് ആനന്ദമായിട്ട് ഇരിക്കാണ്. സന്തോഷായിട്ട്. ആ മുക്കുവസ്ത്രീകൾക്കൊക്കെ പേടി ആയി. ഇദ്ദേഹത്തിന് എന്തു പറ്റി?

ഈ ആനന്ദമായിട്ടിരിക്കാ എന്നുള്ളത് സമൂഹത്തിൽ പതിവില്ലല്ലോ. എന്തോ കുഴപ്പണ്ട്. ഒരാള് സന്തോഷം ആയിട്ടിരുന്നാൽ ആളുകള് ചോദിക്കും. അവന് എന്തു പറ്റി? ല്ലേ. നിങ്ങള് നാളെ റോഡിലിറങ്ങി കരഞ്ഞു കൊണ്ടേ പോവാ. ഒരാളും ചോദിക്കില്ല്യ. നിങ്ങള് ചിരിച്ചു കൊണ്ട് പോകൂ. അങ്ങട് ഇങ്ങട് ഒക്കെ നോക്കും. ഇന്നലെ ആ സപ്താഹത്തിന് പോയിരുക്കമ്പഴേ ഞാൻ വിചാരിച്ചു അവന് എന്തോ കുഴപ്പണ്ടെന്ന്.

ആനന്ദമായിരിക്കാൻ ആളുകള് സമ്മതിക്കില്ല്യേ. ഈ മുക്കുവൻ ആനന്ദമായിട്ടിരിക്കണു. അപ്പോ ഈ മുക്കുവസ്ത്രീകള് ഒക്കെ പോയിട്ട് ചൈതന്യ മഹാപ്രഭുവിനെ കണ്ട് പറഞ്ഞു. സ്വാമീ ഒരു രക്ഷയും ഇല്ല്യ ഇവന് എപ്പോ നോക്കിയാലും ഇങ്ങനെ കണ്ണും അടച്ചിങ്ങനെ ഇരിക്കണു. പണി എടുക്കാൻ പോണില്ല്യ.

ചൈതന്യമഹാപ്രഭു മരുന്ന് വിധിച്ചത് എന്താ അറിയോ. അതങ്ങട് പച്ചയ്ക്ക് പറയാൻ പാടില്ല്യ.    ലൗകികമായ പ്രതിഫലം ഇച്ഛിച്ചു കൊണ്ട് വൈദികകാര്യങ്ങൾ ഒക്കെ ചെയ്യണ ഒരു വീട്ടില് പോയിട്ട് ഒരു പിടി അരി വാങ്ങിച്ച് കൊണ്ട് വന്ന് പാചകം ചെയ്തു കൊടുക്കാൻ പറഞ്ഞു അത്രേ. എന്നാ ഈ ഭാവാവേശം, ഭക്തി ഒക്കെ പോയ്ക്കൊള്ളും എന്ന് പറഞ്ഞു.

സത്സംഗത്തിന് അത്ര ബലം ണ്ട്. ദുസ്സംഗത്തിനും ബലം ണ്ട്. ഭക്തന്മാരുടെ സമ്പർക്കത്തിൽ നമ്മളറിയാതെ ആനന്ദത്തിൽ ഇരിക്കും. അപ്പൊ,

സംഗസ്തേഷുവദതേ പ്രാപ്യ: സംഗദോഷാരഹിതേ.

കപിലഭഗവാൻ പറഞ്ഞു അമ്മേ ഭഗവാനോട് എന്തെങ്കിലും പ്രാർത്ഥിക്കണമെങ്കിൽ ഭഗവാനേ എനിക്ക് സത്സംഗം തരൂ എന്ന് ചോദിക്കാ. സത്സംഗത്തിന് എന്താ ഗുണം?

സന്തുഷ്ട സതതം.
എപ്പോഴും സന്തോഷമായിരിക്കും.

സാധുക്കളുടെ അടുത്ത് നിന്ന് നമുക്ക് കിട്ടുന്ന ഒരേ ഒരു ധനം അതാണ്.

മദാശ്രയാ കഥാമൃഷ്ടാ: എപ്പോഴും അവര് ഭഗവദ് കഥകൾ പറഞ്ഞു കൊണ്ടേ ഇരിക്കും.

അങ്ങനെ സത്സംഗത്തിൽ ഇരിക്കുമ്പോ ഭക്തി രസം ഹൃദയത്തിൽ ണ്ടാവും. ഭക്തിയിൽ ആദ്യം ഒരു പ്രയത്നം, പ്രവേശം ണ്ടാവണത് സത്സംഗത്തിൽ കൂടെയാണ്. സത്സംഗം മുഖേന ഭഗവദ് രസം നമ്മള് അനുഭവിക്കും. കുറച്ച് കുറച്ചായിട്ട്. അപ്പോ ബാക്കി ഉള്ളത് പതുക്കെ വിട്ടു പോയിക്കൊള്ളും.

കപിലൻ ആദ്യമായി അമ്മയ്ക്ക് പറഞ്ഞു കൊടുക്കുന്ന മാർഗ്ഗം ആണ് സത്സംഗം. ചിത്തത്തിനെ നിയന്ത്രണം ചെയ്യാനുള്ള എളുപ്പവഴി. നമ്മളായിട്ട് ഏകാന്തത്തിൽ ഇരുന്ന് ജപം ധ്യാനം യോഗം ഒക്കെ ആദ്യമേ തുടങ്ങിയാൽ നമ്മുടെ അഹന്ത അതിൽ ഒട്ടി പ്പിടിച്ച് ഞാൻ ജപിക്കണു ഞാൻ ധ്യാനിക്കണു എന്നൊക്കെ തോന്നും. അടുക്കളയില് ഒരു ഗ്ലാസ്സ് ചോട്ടില് വീണാ മതി പോയി ബഹളവും കൂട്ടും. ഞാൻ ധ്യാനിക്കുമ്പോ നീ ഗ്ലാസ്സ് ചോട്ടിലിട്ടു ശബ്ദം ണ്ടാക്കുന്നോ എന്ന് പറഞ്ഞ് ദേഷ്യം വരും. പക്ഷെ സത്സംഗത്തിൽ ഞാൻ എന്നുള്ളതേ ഇല്ല്യ. പറയണ ആളിന് ചിലപ്പോ ണ്ടാവാം. പക്ഷേ കേൾക്കണവർക്ക് വല്ലതും ണ്ടോ. നമുക്ക് സന്തോഷായിട്ട് രസിച്ചു കേൾക്കാം. ല്ലേ.

കേട്ടു കൊണ്ടേ ഇരിക്കണംന്ന് പറയും ചിലര്. ന്താ ഒരു പണിയും ഇല്ലല്ലോ. കേട്ടാ മാത്രം മതീല്ലോ. എവിടെ ങ്കിലും ഒരിടത്ത് തൂണ് ചാരി ഇരിക്കാം.. ഇതാണ് ചാരുശീലൻ. (ചിരി) ചാരി ഇരിക്കണ ശീലം ഉള്ള ആള്. സുഖായിട്ട് കേൾക്കാം രസിക്കാം.
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi Prasad

No comments: