Sunday, February 17, 2019

അജ്ഞാനമാണു പ്രപഞ്ചകാരണമെന്നുകണ്ടു. സൂര്യോദയത്തില്‍ അന്ധകാരമെന്നപോലെ ജ്ഞാനോദയത്താല്‍ അതു നീങ്ങിക്കൊള്ളും. അജ്ഞാനം നീങ്ങുമ്പോള്‍ പ്രപഞ്ചാനുഭവം അവസാനിച്ച് ‘അഹംബ്രഹ്മാസ്മി’ എന്ന അനുഭവം, ശിവാഭിന്നത്വം സിദ്ധിക്കും. ഇതാണു നെറ്റിക്കണ്ണു തുറക്കുമ്പോള്‍ മൂന്നു ലോകങ്ങളും എരിപൊരികൊള്ളുമെന്നു പറഞ്ഞിരിക്കുന്നതിന്റെ സൂക്ഷ്മാര്‍ത്ഥം. ജീവജാലങ്ങള്‍ക്ക് നിടിലനേത്രമില്ല. രണ്ടു കണ്ണുകളേയുള്ളൂ. അവയുടെ സാമര്‍ത്ഥ്യം ഭൗതിക പദാര്‍ത്ഥങ്ങളെ ഗ്രഹിക്കുന്നതില്‍     ഒതുങ്ങി നില്ക്കും. അതില്‍പോലുമുണ്ട് പരിമിതി. ഏറെ ദൂരെയിരിക്കുന്നതും ഏറ്റവുമടുത്തിരിക്കുന്നതും അത്യന്തസൂക്ഷ്മമായിട്ടുള്ളതും മറവുള്ളതുമൊന്നും കാണുവാനോ കേള്‍ക്കുവാനോ സാദ്ധ്യമല്ല. പരിമിതികള്‍ ഇനിയുമുള്ളതു തല്‍ക്കാലം വിശദീകരിക്കുന്നില്ല. അതിനാല്‍ ഈ പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ ഇന്ദ്രിയങ്ങള്‍ക്കു ഗ്രഹിക്കാനാവുന്നുള്ളൂ. അവയുടെ പരിധിയില്‍ പെടാത്തവയാണ് ഏറെ. ബാഹ്യവസ്തുക്കളെ ഗ്രഹിക്കാന്‍പോലും ഇന്ദ്രിയങ്ങള്‍ക്ക് ഇത്രയും വൈഷമ്യമെങ്കില്‍ ഉള്ളിലേക്കു ചുഴിഞ്ഞുനോക്കാന്‍ അവയ്‌ക്കെങ്ങനെയാണു കഴിയുക? അതിനാല്‍ അന്തര്യാമിയായ പരമാത്മാവിനെ കാണാന്‍ വേണ്ടുന്ന ശേഷി അവയ്ക്കില്ല. പരമാത്മദര്‍ശനം സാദ്ധ്യമാകണമെങ്കില്‍ ആജ്ഞാചക്രത്തിലിരിക്കുന്ന ഈ ജ്ഞാനദൃഷ്ടി തുറക്കണം. സര്‍വസാധനകളുടെയും ലക്ഷ്യം അതാകുന്നു. ജ്ഞാനദൃഷ്ടി തുറക്കുമ്പോള്‍ അജ്ഞാനജന്യമായ ലോകംമറഞ്ഞ് ആത്മാനന്ദം അനുഭവപ്പെടുന്നു. അതാണു ശിവന്റെ പ്രപഞ്ചസംഹാരം. പലരും ധരിച്ചുവച്ചിരിക്കുംപോലെ അതു ഹിംസയല്ല. ഇതേവിധം മഖാന്തകം ഭവാന്തകം മുതലായ ശിവവിശേഷണങ്ങളില്‍ കാണുന്ന അന്തകത്വങ്ങളും ജ്ഞാനപ്രഭാവമാണ് അല്ലാതെ ഹിംസയല്ലെന്നു അറിഞ്ഞുകൊള്ളണം...punyabhumi

No comments: