Wednesday, February 20, 2019

ഭക്തി

ഭാരതത്തിൽ മഹാന്മാരായ ഭക്തർ ഉണ്ടായിരുന്നതു പോലെ പാശ്ചാത്യ നാട്ടിലും വലിയ ഭക്തർ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫസർ നിക്സൺ. രണ്ടാം ലോക മഹായുദ്ധത്തിൽ യുദ്ധ വിമാനം പറത്തുന്ന പൈലറ്റ്. തികഞ്ഞ നാസ്തികൻ,യുക്തിവാദി. ഒരു ദേവാലയങ്ങൾക്കും മുട്ടുകുത്തിക്കാൻ സാധിച്ചിട്ടില്ലാത്ത വ്യക്തിത്വം.

ഒരു നാൾ യുദ്ധ വിമാനം പറത്തുന്നതിനിടയിൽ സിഗ്നൽ ലഭിക്കാതെയായി. ഏതു ദിശയിലേയ്ക്ക് പോകണമെന്ന് വ്യക്തതയില്ലാതെ കുഴങ്ങി. അപ്പോഴാണ് മുന്നിൽ അനവധി യുദ്ധ വിമാനങ്ങൾ പറക്കുന്നത് കണ്ടത്. ആ ട്രാക്കിൽ പോയാൽ ഒരുപക്ഷേ സിഗ്നൽ ലഭ്യമായാലോ എന്ന് മനസ്സ് പറഞ്ഞു. എന്നാൽ ഉള്ളിൽ നിന്നും അതി ദൃഡമായി മറ്റൊരു നിർദ്ദേശം മുന്നിലുള്ള വിമാനങ്ങൾ വലതു വശത്തേക്ക് തിരിഞ്ഞപ്പോൾ എതിർ ദിശയിലേക്ക് തിരിക്കു എന്ന്. അദ്ദേഹം അതനുസരിച്ചു. അല്പം മുന്നിലേയ്ക്ക് പോയപ്പോൾ സിഗ്നൽ ലഭ്യമാവുകയും വിമാനം ശരിയായിടത്ത് ലാൻഡ് ചെയ്യിക്കാനും സാധിച്ചു. പിന്നീടറിഞ്ഞു തനിക്ക് മുന്നിൽ പാഞ്ഞ യുദ്ധ വിമാനങ്ങൾ ശത്രു രാജ്യത്തിന്റെയാണെന്ന്. ആ വഴിക്ക് പോയിരുന്നെങ്കിൽ അപകടമായിരുന്നു.

നിക്സൺ വിചാരത്തിലാണ്ടു. എങ്ങിനെയാണ് എന്റെ ഉള്ളിൽ നിന്നും ദൃഢവും, യാതൊരു തെറ്റുമില്ലാതെ സ്പഷ്ടമായ ആ ശബ്ദം വന്നത്. അത് മനസ്സല്ലായിരുന്നു. മനസ്സ് തെറ്റിലേയ്ക്കാണ് വഴി കാണിച്ചത്. ആ ശബ്ദത്തിന്റെ ഉറവിടമായ ശക്തിയെ അറിഞ്ഞാൽ പിന്നെ ഈ മനസ്സോ പഠിപ്പോ എനിയ്ക്ക് ആവശ്യമില്ല.

എന്റെ ഉള്ളിൽ അങ്ങനെയൊരു ശക്തി ഉണ്ടെങ്കിൽ ആ ശക്തിയെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം തന്റെ ജോലിയും യുദ്ധവുമെല്ലാം ഉപേക്ഷിച്ചു. ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലുള്ള ഒരു കലാലയത്തിൽ അദ്ധ്യാപകനായി. പിന്നീട് ഭാരതത്തിൽ കൽക്കത്തയിലെ ഒരു വലിയ യൂണിവേഴ്സിറ്റിയിൽ ലെക്ചറർ ആയി ജോലിയിൽ പ്രവേശിച്ചു.

അവിടത്തെ വൈസ് ചാൻസിലറുടെ പത്നി വളരെ ഉയർന്ന നിലയിലുള്ള കൃഷ്ണ ഭക്തയായിരുന്നു. ബാഹ്യമായി വളരെ മോഡേൺ ആയിരുന്നെങ്കിലും ഉള്ളിൽ കൃഷ്ണ ഭക്തി നിറഞ്ഞിരുന്നു. അനുഭവത്തിലും ഉയർന്ന തലത്തിൽ നിൽക്കുന്നു.ഒരിക്കൽ നിക്സൺ ചാൻസിലറോട് സംസാരിച്ച് തിരികെ പോകുന്ന വഴിക്ക് ആ അമ്മയെ കാണുകയുണ്ടായി. കൃഷ്ണ ഭാവത്തിൽ ഏതോ ഉയർന്ന തലത്തിൽ വഴിയിൽ നിൽക്കുന്നു. കണ്ടതും ഉള്ളിൽ നിന്ന് ആ പഴയ ശക്തിയുടെ പ്രേരണയാൽ നിക്സൺ അവരുടെ കാൽക്കൽ വീണ് നമസ്കരിച്ചു. വെള്ളക്കാരനായ നിക്സൺ ഒരു സാധാരണ ബംഗാളി ബ്രാഹ്മണ സ്ത്രീയുടെ കാൽക്കൽ വീണ് നമസ്കരിക്കുന്നു.

എന്തിനാണ് നമസ്കരിക്കുന്നത് എന്ന് ആ അമ്മയും ചോദിച്ചില്ല കൃഷ്ണന്റെ ഒരു പാവ നിക്സണിന് നല്കി കൊണ്ട് പറഞ്ഞു ഇന്നു മുതൽ നീ പ്രൊഫസർ നിക്സൺ അല്ല കൃഷ്ണപ്രേം ആണ്. അന്ന് മുതൽ സ്വയം മറന്ന് വൈഷ്ണവ സാധുക്കളെ പോലെ തല മുണ്ഡനം ചെയ്ത് വൈഷ്ണവ തിലകം ധരിച്ച് കൃഷ്ണ വിഗ്രഹത്തെ തോളിലേറ്റി നാടു തോറും നടന്നു. പരമ ഭക്തനായ അദ്ദേഹം തിരുവണ്ണാമലയിലും രമണ ഭഗവാനെ ദർശിക്കാൻ വന്നിരുന്നു. രമണ ഭവാന്റെ മുന്നിൽ അദ്ദേഹത്തിന് മഹത്തായ അനുഭവങ്ങളുണ്ടായി. ശ്രീരംഗത്ത് മഹത് അനുഭൂതിയിൽ ബോധ രഹിതനായി.

ഭക്തിക്ക് ജാതി, കുലം, ദേശം, ആൺ പെൺ ഒരു വിത്യാസങ്ങളും ഇല്ല. ഭക്തി എവിടെ വേണമെങ്കിലും വരാം വരാതെയുമിരിക്കാം. അഭിമാനമുള്ളയിടത്ത് ഭക്തി വരികയില്ല. കൃഷ്ണൻ എന്ന് കേട്ടിട്ടു പോലുമില്ലാത്ത എതോ നാട്ടിൽ ജനിച്ചവനും കൃഷ്ണ ഭക്തിയുണ്ടാകാം.

ഹരേ കൃഷ്ണ 🙏🙏🏵️
Translated from a tamil discourse on Shiva bhakthi vilasam
Nochurji 🙏 🙏
Malini dipu 

No comments: