Monday, February 18, 2019

ഗുരു പൂർണിമ ആശംസകൾ.
ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയത നിറയുന്ന മനോഹരമായ രാഷ്ട്രം .മറ്റൊരു രാഷ്ട്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങൾ പ്രഭ ചൊരിയുന്ന നാട് .
നൂറുകണക്കിന് ജനപദങ്ങളുടെ ,ഭാഷകളുടെ ആയിരക്കണക്കിന് മതങ്ങളുടെ , ലക്ഷക്കണക്കിന് ദൈവങ്ങളുടെ നാട്.മനുഷ്യരാശിയുടെ കളിത്തൊട്ടിൽ , ചരിത്രത്തിന്റെ മാതാവ് , ഐതിഹ്യങ്ങളുടെ മാതാമഹി ..
പണ്ഡിതനേയും പാമരനേയും വിഢിയേയും മനീഷിയേയും രാജാവിനേയും സേവകനേയും ഒരു പോലെ അത്ഭുതപ്പെടുത്തിയ സൂര്യന് കീഴിലുള്ള ഒരേയൊരു നാട്..
ലോകപ്രശസ്തകരായ ചിന്തകരും സഞ്ചാരികളും അത്ഭുതത്തോടെ അവളുടെ വാങ്മയ ചിത്രങ്ങൾ വരച്ചു . അവളുടെ സാംസ്കാരിക സവിശേഷതകളെപ്പറ്റി എഴുതി .. വിചാര വൈവിദ്ധ്യത്തെപ്പറ്റി വാചാലരായി.. ആയിരക്കണക്കിനാണ്ടുകൾ പഴക്കമുള്ള ആ സംസ്കാരത്തിന്റെ മഹിമയിൽ അഭിമാനം കൊണ്ടു. ആ തനിമയിൽ ആവേശ ഭരിതരായി..
ഭാരതം എന്നും ത്യാഗഭൂമിയായിരുന്നു. ഭോഗങ്ങളെല്ലാം ക്ഷണനേരത്തേക്ക് മാത്രമുള്ള മരീചികയാണെന്ന് അവളുടെ ചിന്തകർ ലോകത്തിനു പഠിപ്പിച്ചു . ഉള്ളവരേയും ഇല്ലാത്തവരേയും മാത്രം കണ്ട ലോകം ഉണ്ടായിട്ടും ഒന്നും വേണ്ടാത്തവരെ കണ്ടത് ഭാരതത്തിലാണ്.
അങ്ങനെ കച്ച് മുതൽ കാമരൂപം വരേയും കുമാരി മുതൽ കശ്മീരം വരേയുമുള്ള നാനാത്വത്തിൽ അവൾ സംസ്കാരം കൊണ്ട് ഏകത്വം രചിച്ചു. ആ ഏകത്വത്തിന് എന്നും ആധാരമായി നിന്ന സങ്കൽപ്പങ്ങളിലൊന്നാണ് ഗുരു സങ്കൽപ്പം.
ഗുരുവെന്ന സങ്കൽപ്പം ലോകത്തെ ഒട്ടു മിക്ക മതങ്ങളിലും സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ട് . എന്നാൽ ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ലോകത്തുണ്ടോയെന്ന് സംശയമാണ് . വേദങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ശ്രുതികളിലും പുരാണേതിഹാസങ്ങളിലുമെല്ലാം ഗുരുവെന്ന സങ്കല്പം പ്രാധാന്യത്തോട് കൂടി വിവരിക്കപ്പെട്ടിട്ടുണ്ട് .
. “ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്) എന്ന് മുണ്ഡകോപനിഷത്ത് പറയുന്നു.
ഗുരുവെന്ന മഹത്തായ സങ്കല്പത്തിന് സ്ഥായീഭാവം നൽകുന്ന ഗുരുപൂർണിമ ആഷാഢ മാസത്തിലെ പൗർണമി ദിനത്തിലാണ് ആഘോഷിക്കപ്പെടുന്നത് .ഗുരുപൂർണിമ വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തിദിനമായും വ്യാസൻ വേദങ്ങളെ നാലായി വ്യസിച്ച ദിനമായും കരുതപ്പെടുന്നുണ്ട് .
അടർക്കളത്തിൽ യുദ്ധസന്നദ്ധരായി നിൽക്കുന്ന ബന്ധുജനങ്ങളേയും ഗുരുക്കന്മാരേയും കണ്ട് തേർത്തട്ടിൽ തളർന്നിരുന്ന ഗാണ്ഡീവധാരിക്ക് ഭഗവാൻ ശ്രീകൃഷ്ണനിലൂടെ ഭഗവ്ദ് ഗീത ഉപദേശിച്ച ഭാരതം ഗുരുവിന്റെ മഹത്വത്തെ പകർന്ന് നൽകാൻ ഗുരുഗീതയും ഉപദേശിച്ചിട്ടുണ്ട് .
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമ
അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്ന ഗുരുവിനായി നമസ്കാരം എന്ന് പറഞ്ഞ ഭാരതം ഗുരുവിന്റെ മഹത്വത്തെ ഇങ്ങനെയും വർണിക്കുന്നുണ്ട്.
അഖണ്ഡ മണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തദ്പദം ദർശിതം യേന
തസ്മൈ ശ്രീ ഗുരവേ നമ..
അഖണ്ഡ മണ്ഡലാകാരമായ ചരാചരങ്ങൾ യാതൊന്നാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ ആ പദം യാതൊരുവനാൽ കാണിക്കപ്പെട്ടുവോ അങ്ങനെയുള്ള ഗുരുവിനായി നമസ്കാരം.
തീർന്നില്ല ..
ചൈതന്യം ശാശ്വതം ശാന്തം
വ്യോമാതീതം നിരഞ്ജനം
നാദബിന്ദു കലാതീതം
തസ്മൈ ശ്രീ ഗുരവേ നമ:
ചൈതന്യമായും ശാശ്വതമായും ശാന്തമായും ആകാശത്തിന് അതീതമായും നിരഞ്ജനവും നാദബിന്ദു കലകളെ കടന്നതുമായ ശ്രീഗുരുവിനായി നമസ്കാരമെന്നും പറയുന്നു . അത് മാത്രമല്ല പിതാവും മാതാവും ബന്ധുവും ദേവതയും സംസാരമോഹങ്ങളെ നശിപ്പിക്കുന്നവനും ഗുരുതന്നെയാണെന്നും ഗുരു ഗീതയിൽ വിവക്ഷിക്കുന്നുണ്ട് .
സപിതാ, സ ചമേമാതാ
സ ബന്ധു സ ച ദേവതാ
സംസാരമോഹനാശായ
തസ്മൈ ശ്രീഗുരവേ നമ:
ലോകത്തുള്ളതെല്ലാം വ്യാസനാൽ വിരചിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പണ്ഡിത മതം . പരാശര മഹർഷിയുടേയും സത്യവതിയുടേയും പുത്രനായ കൃഷ്ണദ്വൈപായനൻ വേദങ്ങളെ വ്യസിച്ച് വേദവ്യാസനായി വിശ്വഗുരുസ്ഥാനത്തേക്കുയർന്നു . വ്യാസമഹർഷിയുമായി ബന്ധപ്പെട്ടുള്ള ആഘോഷമായതു കൊണ്ട് ഗുരുപൂർണിമ വ്യാസപൂർണിമ എന്നും അറിയപ്പെടുന്നുണ്ട് .
.
ഉദാത്തമായ ഭാരത സംസ്കാരത്തെ ആധുനിക ലോകത്തും പ്രതീകവത്കരിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയ സ്വയംസേവക സംഘം വർഷംതോറും ആചരിക്കുന്ന ആറുത്സവങ്ങളിൽ ഒന്നാണ് ഗുരുപൂജ മഹോത്സവം. കാലദേശാതിവർത്തിയായി മൂല്യച്യുതികളില്ലാതെ നിലനിൽക്കാൻ ഒരു മനുഷ്യന് കഴിയില്ലയെന്നിരിക്കെ ഒരു പ്രതീകത്തെ ഗുരുവായിക്കാണാനാണ് സംഘം തീരുമാനിച്ചത്. ആ പ്രതീകം പരമ പവിത്രമായ ഭഗവദ്ധ്വജമാണ്. കാവിനിറമുള്ള കേവലമൊരു തുണിക്കഷണമല്ല മറിച്ച് സഹസ്രാബ്ദങ്ങളായി പ്രതീകവത്കരിച്ചു വരുന്ന മഹത്തായ ആദർശമാണത് .
അജ്ഞാനാന്ധകാരത്തിൽ പെട്ട് സത്യവും മിഥ്യയും തിരിച്ചറിയാതെ പോകുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കുന്നയാളാണ് ഭാരതത്തിന്റെ ഗുരുസങ്കല്പം.. ആദർശവും ചെയ്യുന്നത് ഇത് തന്നെയാണ് . ദൃഢമായ ആദർശമുള്ളയാൾക്ക് സത്യധർമ്മങ്ങൾക്ക് വിരുദ്ധനായി ജീവിക്കാൻ കഴിയില്ല തന്നെ. ആദർശശാലി ആയിരം തെറ്റ് ചെയ്യുമ്പോൾ ആദർശഹീനൻ അൻപതിനായിരം തെറ്റ് ചെയ്യുമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്.
മനുഷ്യന് യഥാർത്ഥ ജ്ഞാനം പ്രദാനം ചെയ്ത് അവന് ജീവിതത്തിൽ മുന്നോട്ടു പോകാനും മരണതത്വത്തെ മനസ്സിലാക്കി നിർഭയനായി ഭൗതിക ശരീരത്തെ ത്യജിക്കാൻ പ്രാപ്തനാക്കുകയും ചെയ്യുന്ന പ്രേരാണാസ്രോതസാണ് ഗുരു. അതുകൊണ്ട് കൂടിയാണ് ത്രിമൂർത്തികളുടെ സമാഹൃത രൂപമായി ഗുരുവിനെ ഭാരതീയർ കരുതുന്നതും .
 ജനം ടിവി 

No comments: