Monday, February 18, 2019

ആത്മാവ് എന്നാല്‍ ജീവചൈതന്യം

മരിച്ച ആള്‍, കാണുന്നില്ലെന്നും കേള്‍ക്കുന്നില്ലെന്നും സ്പര്‍ശനമറിയുന്നില്ലെന്നും പ്രാചീന ചിന്തകര്‍ ശ്രദ്ധിച്ചു. മരണത്തിന്റെ ആ നിമിഷം വരെയും ഇന്ദ്രിയങ്ങള്‍ ജാഗ്രതയുള്ളതായിരിക്കുന്നതും അവര്‍ ശ്രദ്ധിച്ചു. പൊടുന്നനെ, അവയവങ്ങളെല്ലാം, ശേഷികളെല്ലാം, നിലയ്ക്കുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന അവയവങ്ങള്‍ ഒന്നിച്ച് ഒരു നിമിഷത്തില്‍ കേടായിപ്പോകുന്നത് അവരെ അമ്പരപ്പിച്ചു. ശരീരത്തിലെ അനുഭൂതികളെല്ലാം അറിഞ്ഞിരുന്ന ഒരേകകത്തിന്റെ വിടപറച്ചിലാണ് ആ അനുഭൂതികളെല്ലാം പൊടുന്നനെ ഒന്നിച്ച് നിലയ്ക്കാന്‍ കാരണമെന്ന് അവര്‍ ഊഹിച്ചു.

അങ്ങനെ, ആത്മാവ് ശരീരത്തില്‍നിന്ന് വിടപറയുന്നതാണ് മരണമെന്ന് അവര്‍ കണ്ടു. ആത്മാവില്ലാത്ത ശരീരം, ജഡപദാര്‍ത്ഥങ്ങളുടെ സങ്കരം മാത്രമാണ്. ആത്മാവാണ് ശരീരത്തിന് ജീവന്‍ നല്‍കി അതിനെ ചലിപ്പിക്കുന്നത്. എല്ലാ ജീവജാലങ്ങളിലും ഇത്, ഇങ്ങനെയാണ്. അതിനാല്‍, ആത്മാവ്, ഒരു ജീവജാലത്തിലെ ജീവനത്വം അഥവാ ചൈതന്യമാണ്. (ഒരു കോഴിയുടെ തല വെട്ടിയാല്‍, അതിന്റെ ഉടല്‍ പലവട്ടം ആടുന്നത് അതില്‍ ജീവനുള്ളതുകൊണ്ടല്ല; അതിനുള്ളില്‍ ഊറിക്കൂടിയിരുന്ന ഊര്‍ജം കെട്ടുപോവുകയാണ്; ഒരു യന്ത്രത്തിലെ ചക്രം സ്വിച്ച് ഓഫ് ചെയ്ത ശേഷവും കുറച്ചുനേരം കറങ്ങുന്നതുപോലെ). ആത്മാവ്, ശരീരത്തെ ചലനാത്മകമാക്കുന്നു. അതിനെ പ്രവര്‍ത്തിപ്പിക്കുന്നു. ആത്മാവില്‍നിന്ന് ഉയരുന്ന തരംഗങ്ങള്‍, ശരീരാവയവങ്ങളിലേക്കു പ്രസരിച്ച്, അവയെ ജീവസുറ്റതാക്കുന്നു. ഇക്കാരണത്താലാണ്, ഇന്ദ്രിയങ്ങള്‍ ബോധകണികകള്‍ പോലെ പ്രവര്‍ത്തിച്ച്, സ്പന്ദനങ്ങള്‍ അറിഞ്ഞ്, കര്‍മനിരതമാകുന്നത്. ഇരുണ്ട ഒരു മുറിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച്, അവിടത്തെ വസ്തുക്കളെ പ്രകാശവത്താക്കുന്ന ഒരു കണ്ണാടിയോട് ഇതിനെ താരതമ്യം ചെയ്യാം.

അനുഭൂതികളെല്ലാം അറിയുന്നത് ആത്മാവാണെന്നും, അതറിയാനുള്ള ആത്മാവിന്റെ ഉപകരണങ്ങള്‍ മാത്രമാണ് ഇന്ദ്രിയങ്ങളെന്നും ഛാന്ദോഗ്യോപനിഷത് പറയുന്നു. ആത്മാവിന്റെ പ്രചോദനത്താലാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബുദ്ധിയെ പ്രചോദിപ്പിക്കുന്ന വിചാരങ്ങള്‍ ഉണര്‍ത്തിവിടുന്നത് ആത്മാവാണ്. ആത്മാവില്‍ ഒരു വിചാരം ഉണ്ടാകുമ്പോള്‍ തന്നെ, അത്, ബുദ്ധി, മനസ്സ്, മസ്തിഷ്‌കം എന്നിവിടങ്ങളിലേക്കും ബന്ധപ്പെട്ട ഇന്ദ്രിയങ്ങളിലേക്കും പ്രസരിപ്പിച്ച്, അതൊരു പ്രവൃത്തിയായി തീരുന്നു. അങ്ങനെ, ഒരു ഉറവിട, പ്രചോദന കേന്ദ്രത്തെയാണ് സാമാന്യേന, ഒരു ‘തത്വം’ എന്നുപറയുന്നത്. അദൃശ്യമായ ഒരു തത്വം ആണ് ആത്മാവ്. ശരീരമോ ഇന്ദ്രിയമോ ഹൃദയമോ മസ്തിഷ്‌കമോ ഒന്നും ഒരു ‘തത്വം’ അല്ല. ശരീരത്തെ


ചലനാത്മകമാക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന തത്വമാണ് ആത്മാവ്. അത്, ജീവതത്വമാണ്. സത്യത്തില്‍, എല്ലാ ഇന്ദ്രിയങ്ങള്‍ക്കും ആത്മാവ്, ബോധം പ്രസരിപ്പിക്കുന്നു. അത്, അങ്ങനെ, ബോധതത്വമാകുന്നു.
sanathanadharmam

No comments: