Monday, February 11, 2019

ഭദ്രകാളി മറ്റപ്പള്ളി നമ്പൂതിരിപ്പാട് വൈക്കത്തു ക്ഷേത്രത്തില്‍ തന്ത്രിയായി താമസിച്ചിരുന്ന കാലത്ത് ഒരിക്കല്‍ കുഞ്ചമണ്‍പോറ്റി അവിടെയെത്തി. ഊണു കഴിഞ്ഞ് രണ്ടുപേരും ഓരോ കാര്യങ്ങള്‍ സംസാരിച്ച് ഇരിപ്പായി. അതിനിടെ, ഒരു മൂര്‍ത്തിയെ സേവിക്കുകയാണെങ്കില്‍ ചാത്തനെ തന്നെ സേവിക്കണമെന്നും ചാത്തന്‍ പ്രസാദിച്ചാല്‍ നടക്കാത്തതൊന്നുമില്ലെന്നും  പോറ്റി പറഞ്ഞു. പറഞ്ഞു പറഞ്ഞ് ഇരുവര്‍ക്കുമിടയില്‍ വാദം കലശലായി. അങ്ങനെയെങ്കില്‍ ഇപ്പോള്‍ തന്നെ നമുക്ക് അമ്പലത്തില്‍ പോയി പരീക്ഷിച്ചു നോക്കാം എന്ന് പോറ്റി പറഞ്ഞു. അങ്ങനെ തന്നെയെന്ന് പറഞ്ഞ് നമ്പൂതിരിപ്പാടും കൂടെയിറങ്ങി. രണ്ടുപേരും പോയി ക്ഷേത്രമണ്ഡപത്തില്‍ കയറിയിരുന്നു. 
ഉടനെ പോറ്റി, ''ആരവിടെ മുറുക്കാന്‍ കൊണ്ടുവരട്ടെ'' എന്നു പറഞ്ഞു. അപ്പോള്‍ ഒരു കുട്ടിച്ചാത്തന്‍ ഭൃത്യന്റെ വേഷത്തില്‍ വെറ്റില തേച്ചുതെറുത്തു മുറുക്കാന്‍ തയ്യാറാക്കി പോറ്റിക്കു കൊണ്ടുചെന്നു  കൊടുത്തു. ഉടനെ നമ്പൂതിരിപ്പാട് , കാളിയെവിടെ?  മുറുക്കാന്‍ കൊണ്ടുവരൂ എന്നു പറഞ്ഞു. അതുകേട്ട് സാക്ഷാല്‍  ഭദ്രകാളി, അതിസുന്ദരിയായ ഒരു സ്ത്രീയുടെ വേഷത്തില്‍ മുറുക്കാന്‍ തയ്യാറാക്കി നമ്പൂതിരിപ്പാടിന് നല്‍കി. പോറ്റി ഉടനെ ചാത്തന്മാര്‍ക്ക്  കോളാമ്പി കൊണ്ടുവരാന്‍ കല്പന നല്‍കി. അപ്പോള്‍ നിലം തൊടാതെ കോളാമ്പിയുമായി ഒരാള്‍ പോറ്റിക്കു മുമ്പിലെത്തി. പോറ്റി, കോളാമ്പിയില്‍ തുപ്പി, കോളാമ്പി അയാള്‍ക്ക് തിരികെ നല്‍കി. അയാള്‍ അതുമായി അന്തര്‍ധാനം ചെയ്തു. 
 ഉടനെ നമ്പൂതിരിപ്പാട്,  കാളിയെവിടെയെന്ന് ഉറക്കെ ചോദിച്ചു. വൈകാതെ ഒരു സ്ത്രീ നമ്പൂതിരിപ്പാടിനു മുമ്പില്‍ നിലം തൊടാതെയെത്തി കോളാമ്പി നല്‍കി. നമ്പൂതിരിപ്പാട് അതില്‍ തുപ്പി. തിരികെ അതു വാങ്ങി കോളാമ്പിയുമായി ആ സ്ത്രീയും അന്തര്‍ധാനം ചെയ്തു.  ഇതുകണ്ട കുഞ്ചമണ്‍ പോറ്റി, അങ്ങുതന്നെ ജയിച്ചു. ഞാന്‍ തോറ്റിരിക്കുന്നു എന്നു പറഞ്ഞ് അവിടെ നിന്ന് യാത്രയായി. 
 പോറ്റി പോയി കഴിഞ്ഞ ഉടനെ ഭദ്രകാളി, നമ്പൂതിരിപ്പാടിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ എന്നെക്കൊണ്ട് ചെയ്യിച്ചത് ശരിയായില്ല, ഇതൊന്നും ചെയ്യാന്‍ എനിക്കാവുകയുമില്ല എന്ന്  ഭദ്രകാളി, നമ്പൂതിരിപ്പാടിനോട് പറഞ്ഞു. ഇനിയെന്നെകാണില്ല, എങ്കിലും അങ്ങ് വിചാരിക്കുന്ന ന്യായമായ കാര്യങ്ങള്‍ ഞാന്‍ സാധിപ്പിച്ചു തരാമെന്നു പറഞ്ഞ് ഭദ്രകാളി അന്തര്‍ധാനം ചെയ്തു. പിന്നീടൊരിക്കലും മറ്റപ്പള്ളി നമ്പൂതിരിപ്പാടിന് മുമ്പില്‍ ഭദ്രകാളി പ്രത്യക്ഷപ്പെട്ടിട്ടില്ല.
janmabhumi

No comments: