അഥാതോ ബ്രഹ്മ ജിജ്ഞാസാ എന്ന ആദ്യ സൂത്രത്തിന്റെ വിവരണം തുടരുന്നു...
ബ്രഹ്മത്തെ അറിയാനുള്ള ആഗ്രഹത്തെയാണ് ബ്രഹ്മ ജിജ്ഞാസാ എന്ന് പറയുന്നത്. ബ്രഹ്മ, ജിജ്ഞാ, സാ എന്നീ മൂന്ന് വാക്കുകള്‍ കൂടിച്ചേര്‍ന്നതാണിത്. 'ബൃ'എന്ന ധാതുവില്‍ നിന്നാണ് ബ്രഹ്മ എന്ന വാക്ക് ഉണ്ടായത്.
ബൃഹത്വാത്, ബൃംഹണത്വാത് ബ്രഹ്മ ഉച്യതേ എത്രയോ വലുതായിരിക്കുന്നതിനാല്‍, വൃദ്ധിയെ പ്രാപിച്ചിരിക്കുന്നതിനാല്‍ ബ്രഹ്മം എന്ന് അര്‍ഥം.അതിന് പകരം വയ്ക്കാന്‍ മറ്റു വാക്കുകളില്ല. പരബ്രഹ്മം, പരമാത്മാവ് എന്നിങ്ങനെ വിശേഷിപ്പിക്കാം.
ജിജ്ഞാ എന്നാല്‍ ജ്ഞാനം, അറിവ് എന്നര്‍ഥം. സാ എന്നാല്‍ ആഗ്രഹം എന്നും. അറിയാനുള്ള ആഗ്രഹമാണ് ജിജ്ഞാസാ. അങ്ങനെ പറഞ്ഞതിനാല്‍ ഇവിടെ ഈ സൂത്രവാക്യത്തിന്റെ ലക്ഷ്യാര്‍ഥം ബ്രഹ്മ അന്വേഷണമാണ്. അല്ലാതെ വെറും ആഗ്രഹമാണെന്ന് കരുതരുത്. സാധനചതുഷ്ടയ സമ്പന്നന്‍മാരായ അധികാരികള്‍ക്ക് ഇനി ബ്രഹ്മാന്വേഷണം ആരംഭിക്കാം എന്നാണ് സൂത്രത്തിലൂടെ ഉദ്ദേശിക്കുന്നത്.
പ്രവൃത്തി മാര്‍ഗമെന്നും നിവൃത്തി മാര്‍ഗമെന്നും രണ്ട് വഴികള്‍ ഈ ലോകത്തില്‍ പറഞ്ഞിരിക്കുന്നു. പ്രവൃത്തി മാര്‍ഗത്തെ പിന്തുടരുന്നവര്‍ക്ക് ധര്‍മജിജ്ഞാസയും നിവൃത്തിമാര്‍ഗത്തെ അനുസരിക്കുന്നവര്‍ക്ക് ബ്രഹ്മ ജിജ്ഞാസയും ഉണ്ടാകുന്നു. ധര്‍മജിജ്ഞാസയുടെ ഫലമായി അഭ്യുദയമുണ്ടാകുന്നു. ബ്രഹ്മ ജിജ്ഞാസയുടെ ഫലമായി നിശ്രേയസ്സുണ്ടാകും.
ലൗകിക വിഷയങ്ങളുടെ തീച്ചൂളയില്‍ പെട്ട് കഷ്ടപ്പെടുന്നവരില്‍ ചിലര്‍ അതിന് പരിഹാരം കാണാനായി അന്വേഷണം ആരംഭിക്കും. മിക്കവരും താല്‍ക്കാലിക ആശ്വാസത്തിനായി സത്കര്‍മങ്ങളിലും ദേവതാ ഉപാസനയിലുമൊക്കെ എത്തിച്ചേരും. കര്‍മമാര്‍ഗത്തേയും ഭക്തിമാര്‍ഗത്തേയും ആശ്രയിക്കും. എന്നാല്‍ വിവേക ചിന്തയുള്ളവര്‍ കുറച്ചു കൂടി കാരണത്തിലേക്ക് അന്വേഷിച്ചിറങ്ങും.
അങ്ങനെ ആധ്യാത്മിക പാതയിലേക്ക് തിരിയുന്ന അവര്‍ അന്വേഷണം അവനവനിലേക്ക് തിരിക്കും. അക്കൂട്ടര്‍
ബ്രഹ്മജ്ഞാനത്തെ നേടണമെന്ന ആഗ്രഹമുള്ളവരായിത്തീരും. വാസ്തവത്തില്‍ എല്ലാവരും എത്തിച്ചേരേണ്ടത് ഈ ബ്രഹ്മാന്വേഷണത്തിലും തുടര്‍ന്ന് ബ്രഹ്മത്തിലുമാണ്. ബ്രഹ്മജ്ഞാനം തന്നെയാണ് അധ്യാത്മ മാര്‍ഗത്തിന്റെ ലക്ഷ്യം. ബ്രഹ്മജ്ഞാനത്തിനുള്ള ഉപായങ്ങളും ഫലങ്ങളുമാണ് ബ്രഹ്മസൂത്രത്തില്‍ വിവരിക്കുന്നത്.
എന്തുകൊണ്ടാണ് ആത്മജിജ്ഞാസ എന്ന് പറയാതെ ബ്രഹ്മജിജ്ഞാസ എന്ന് പറഞ്ഞത്? സമഷ്ടിയെ പറയുമ്പോള്‍ ബ്രഹ്മം എന്നാണ് സാധാരണ ഉപയോഗിക്കുക. വ്യഷ്ടിയെക്കുറിച്ചാവുമ്പോള്‍ ആത്മാവ് എന്നും പറയും. വ്യഷ്ടിസാരമായിരിക്കുന്നതെന്തോ അത് തന്നെയാണ് സമഷ്ടി സാരവും.
വ്യക്തമാക്കി അറിയുന്നതിനെക്കുറിച്ചോ വ്യക്തമായി അറിയാത്തതിനെക്കുറിച്ചോ അന്വേഷണം വേണമോ എന്ന് പൂര്‍വ പക്ഷം ചോദിക്കുന്നു. എന്നാല്‍ ബ്രഹ്മം ഇവ രണ്ടിലും പെടാതെ വ്യക്തമല്ലാതെ അറിയുന്നതിനാല്‍ അന്വേഷണം നടത്തുക തന്നെ വേണം.
ഞാന്‍ ആരാണ് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തത വന്നിട്ടില്ല. അതിനാല്‍ അന്വേഷണം നിര്‍ബന്ധമാണ്. ഈ 'ഞാന്‍' എന്ന് പറഞ്ഞത് എന്തിനെയാണ്. എല്ലാത്തിനും സാക്ഷിയായിരിക്കുന്ന ആത്മസ്വരൂപത്തെ ശരിയായ 'ഞാന്‍' എന്നതിനെ തിരിച്ചറിയുക തന്നെ വേണം. അതിന് അന്വേഷണം കൂടിയേ തീരൂ.
ആ ബ്രഹ്മം നിത്യശുദ്ധബുദ്ധമുക്ത സ്വാഭവവും സര്‍വജ്ഞവും സര്‍വശക്തി സമന്വിതവുമാണ്. ബ്രഹ്മം തന്നെ ആത്മാവ്. അതിനെയാണ് അന്വേഷിക്കേണ്ടത്. ദേഹമാണ് ആത്മാവ് എന്ന് പറയുന്ന ലോകായതരേയും ചേതനയാണ്, മനസ്സാണ്, ക്ഷണികമാണ്, ശൂന്യമാണ്... തുടങ്ങിയവയൊക്കെയാണ് ആത്മാവ് എന്ന് കരുതുന്ന എല്ലാ തരത്തിലുള്ള വാദങ്ങളെയും ഇവിടെ നിഷേധിക്കുന്നു.
അതിനാല്‍ ഉപനിഷദ് പ്രതിപാദ്യമായ ബ്രഹ്മാന്വേഷണം ആരംഭിക്കണം.
No comments:
Post a Comment