Saturday, February 02, 2019

ശ്രീഗണേശന്റെ ഇച്ഛാനുസൃതം ശ്രീനാരദര്‍ നല്‍കിയ ഉപദേശാനുസൃതം താരകാസുരന്‍ സന്നദ്ധനായിത്തന്നെ ശ്രീമുരുകന്റെ മുന്നിലെത്തി. എന്നാല്‍ അഹംഭാവം തെല്ലും ഉപേക്ഷിച്ചിരുന്നില്ല. രഥത്തില്‍ നിന്നിറങ്ങാന്‍ തന്നെ മടിച്ചു.
ശ്രീമുരുകനെ സംബന്ധിച്ചിടത്തോളം പിന്തിരിയേണ്ട ആവശ്യം തന്നെയില്ല. ഭഗവത് നിശ്ചയമനുസരിച്ച് എല്ലാം നടക്കും. മറ്റു ദേവന്മാരെല്ലാം പറഞ്ഞതിനെ മറക്കുന്നില്ല. ''ത്വം ഹി സാക്ഷാത്പരം ബ്രഹ്മഃ'' എന്ന് അവര്‍ പറഞ്ഞതൊക്കെ നില്‍ക്കട്ടെ, ഞാന്‍ പരബ്രഹ്മമോ ആരുമോ ആകട്ടെ.
ശിവപാര്‍വതിമാരുടെ നിയോഗം താന്‍ അനുസരിക്കുന്നു, അത്ര തന്നെ. തികഞ്ഞ ആത്മവിശ്വാസമായിരുന്നു ശ്രീമുരുകന്.രഥത്തിലിരിക്കുന്ന താരകാസുരനെ നോക്കി, തിരിച്ചറിയാത്തതുപോലെ ശ്രീമുരുകന്‍ ചോദിച്ചു.
''കിംനാമ, കിമിഹാഗത'' നീ ആരാണ്?
എന്തിനാണ് ഇവിടെ വന്നത്?
''നാമാസ്മി താരകോ ലോകേ
ശൂരപത്മാസുരാനുജഃ''
താരകാസുരന്‍ മറുപടി നല്‍കി. എന്റെ പേര് താരകന്‍ എന്നാണ്. ശൂരപത്മാസുരന്റെ അനുജനാണ് ഞാന്‍. എന്നാല്‍ അങ്ങയുമായി ഒരു കലഹത്തിന് ഞാന്‍ ആഗ്രഹിക്കുന്നില്ല.
''സ്‌കന്ദ ഈശോളസ്യ ജഗതഃ കര്‍ത്താ
സുരാസുര ഗുരുസ്മൃതഃ''
സ്‌കന്ദന്‍ ജഗദീശ്വരനാണ്. സുരാസുരന്മാരുടെയെല്ലാം ഗുരുവാണ് അങ്ങെന്ന് സ്മൃതികള്‍ പറയുന്നു. സാക്ഷാല്‍ ആദി പരാശക്തിക്ക് അങ്ങയോട് ഏറെ വാത്സല്യമാണ്. ശ്രീപരമേശ്വരന്റെയും ഇഷ്ടനാണ്. ആ നിലയ്ക്ക് അങ്ങയുമായി ഒരു യുദ്ധത്തിന് ഞങ്ങള്‍ അസുരര്‍ക്കു താല്‍പര്യമില്ല.
പിന്നെ ഞങ്ങളുടെ കര്‍മങ്ങളേക്കുറിച്ചാണെങ്കില്‍ ഞങ്ങള്‍ പ്രകൃത്യാ തന്നെ ദുഷ്ടകൃത്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ്. പിന്നെ ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും ആജ്ഞകളുമായി ആരെങ്കിലും വന്നാല്‍ അവ പാലിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറില്ല.  ആ ഘട്ടങ്ങളില്‍ ആജ്ഞാലംഘനം ചെയ്‌തേക്കും. അതിനാല്‍ ഞങ്ങള്‍ അസുരന്മാര്‍ അനിഷ്ടകരമായി പലതും ചെയ്യാറുണ്ട്. അതിനാല്‍ത്തന്നെ പലപ്പോഴും ഞങ്ങള്‍ ശ്രീപരമേശ്വരനും അനിഷ്ടന്മാരാണ്.
എന്നാല്‍ അനിഷ്ടം പറഞ്ഞുകൊണ്ട് ഞങ്ങളെ ചൊറിയാന്‍ വന്നാല്‍ ശിവന്റെയാണെങ്കിലും വംശത്തെത്തന്നെ ഞങ്ങള്‍ ഇല്ലാതാക്കുമെന്ന് മനസ്സിലാക്കിക്കോളൂ.
ഇത്തരത്തില്‍ തികച്ചും ഒരു മാനസിക രോഗിയുടേതുപോലെ താരകാസുരന്‍ മാറിമാറിപ്പറഞ്ഞുകൊണ്ടിരുന്നു. എന്താണ് പറയേണ്ടതെന്നതില്‍ ഒരുവിധ വ്യക്തതയും താരകാസുരനുണ്ടായിരുന്നില്ല. താരകാസുരന്റെ ഉള്ളിലെ ഭയവും ഇത്തരം വാക്കുകളില്‍ പ്രകടമായിരുന്നു.
വിധാതാവിന്റെ നിശ്ചയപ്രകാരമാണ് ഞങ്ങള്‍ ദുഷ്ടകര്‍മങ്ങള്‍ ചെയ്യുന്നതെന്നു പറഞ്ഞ താരകാസുരന്‍ തന്നെ പറയുന്നു, ഞങ്ങളുടെ നേരെ ആജ്ഞയുമായി വന്നാല്‍ ഏതു ബ്രഹ്മാവായാലും വേണ്ടില്ല, ഞങ്ങള്‍ നിഷേധിക്കുകയും ഞങ്ങളുടെ ദുഷ്ടപ്രവൃത്തികള്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഞങ്ങളെ ആരും നിയന്ത്രിക്കാന്‍ വരേണ്ട. ഇത്യാദി പ്രകൃതത്തിലായിരുന്നു താരകന്റെ മറുപടി.

No comments: