Monday, February 11, 2019

അടുത്ത തത്ത്വം സദാശിവതത്ത്വം ആണ്. ഇവിടെ അഹം-ഇദം എന്നതിലെ ഇദത്തിലാണ് ഊന്നല്‍. ഇദന്തയെ സമര്‍ഥിക്കാനുള്ള വെമ്പലായ ഇച്ഛ ആണ് ഈ ബോധതലത്തിന്റെ സവിശേഷത. ഇവിടുത്തെ ബോധത്തിന്റെ ഘടന ഞാന്‍ ഇത് ആകുന്നു എന്നതിലെ ഞാന്‍ ആകുന്നു എന്നതാണ്. ഇദം ഇനിയും വ്യക്തത ആര്‍ന്നിട്ടില്ല. ഇതിനെ പരമശിവന്റെ നിമേഷം എന്നു പറയുന്നു. പ്രസരിക്കാന്‍ പോകുന്ന ജഗത്തിന്റെ അവ്യക്തമായ ഒരു നിഴലാട്ടം ആണ് ഇവിടെ അനുഭൂതമാകുന്നത്. ഈ സദാശിവതത്ത്വം ആണ് ആദ്യത്തെ ആഭാസം അഥവാ പ്രകടീകരണം (മാനിഫെസ്റ്റേഷന്‍).
നാലാമത്തെ തത്ത്വം ഈശ്വരതത്ത്വം എന്നറിയപ്പെടുന്നു. ഈ ബോധാവസ്ഥയില്‍ ഇദന്ത കൂടുതല്‍ സ്ഫുടമാകുന്നു. ജഗത്തിന്റെ ഉന്മേഷം ആണ് ഇവിടെ സംഭവിക്കുന്നത്. ജ്ഞാനശക്തിക്കാണ് ഇവിടെ മുന്‍തൂക്കം. എന്താണ് സൃഷ്ടിക്കേണ്ടതെന്ന് ഈ തത്ത്വത്തില്‍ വ്യക്തമാകുന്നു. ഒരു ചിത്രകാരന് താന്‍ വരക്കാന്‍ പോകുന്ന ചിത്രത്തിന്റെ അവ്യക്തമായ രൂപം ഉള്ളില്‍ ആദ്യം തോന്നുകയും പിന്നീട് അതിനു വ്യക്തത കൈവരികയും ചെയ്യുന്നതുപോലെ ആണ് ഇവിടെയും സംഭവിക്കുന്നത്. സദാശിവാവസ്ഥയില്‍ ഞാന്‍ ഇതാണ് (അഹം ഇദം) എന്നതാണ് ബോധഘടന. ഈ ഈശ്വരാവസ്ഥയില്‍ ആകട്ടെ ഇത് ഞാനാണ് (ഇദം അഹം) എന്നതാണ് ബോധസ്വരൂപം.
അഞ്ചാമത്തെ തത്ത്വം ശുദ്ധവിദ്യ (സദ്‌വിദ്യ) ആണ്. ഈ ബോധാവസ്ഥയില്‍ അഹവും ഇദവും ഒരു തുലാസ്സിന്റെ രണ്ടു തട്ടുകള്‍ ഒരേ തലത്തില്‍ എന്നതുപോലെ (സമധൃതതുലാപുടന്യായേന) സമതുലിതങ്ങളായി നിലക്കൊള്ളുന്നു. ഇവിടെ ക്രിയാശക്തിക്കാണ് പ്രാധാന്യം. ഇവിടെ അഹവും ഇദവും ഒരേ സമയം അദ്വയവും ദ്വയവും ആയി അനുഭവപ്പെടുന്നു (ഭേദാഭേദവിമര്‍ശനാത്മകം). അഹന്തയ്ക്കും ഇദന്തയ്ക്കും ഒരേ ഉറവിടം (സാമാനാധികരണ്യം) ആയതിനാല്‍, അദ്വയത്വവും രണ്ടും വ്യക്തത ആര്‍ന്നതിനാല്‍, രണ്ടാണെന്ന തോന്നലും ഉണ്ടാകുന്നു. 
ശിവതത്ത്വത്തില്‍ അഹംബോധ (അഹംവിമര്‍ശം) വും സദാശിവതത്വത്തില്‍ അഹമിദംവിമര്‍ശവും ഈശ്വരതത്ത്വത്തില്‍ ഇദമഹംവിമര്‍ശവും ആണ് ഉണ്ടാകുന്നത്. മൂന്നിലും ആദ്യത്തെ പദത്തിലാണ് ഊന്നലെങ്കില്‍ ഈ ശുദ്ധവിദ്യാതത്ത്വത്തില്‍ അഹംഅഹം- ഇദംഇദം എന്ന തരത്തില്‍ രണ്ടിലും ഒരേപോലെ ഊന്നുന്നു. ഇത് പരാവസ്ഥയ്ക്കും അപരാവസ്ഥയ്ക്കും മധ്യത്തിലുള്ളതായതിനാല്‍ ഇതിനെ പരാപരദശ എന്നു പറയുന്നു. ഈ ബോധാവസ്ഥയില്‍ അഹം- ഇദം എന്ന തരത്തലുള്ള ബോധത്തിന്റെ ശരിയായ ഘടന ഉദിക്കുന്നതിനാല്‍ ഇതിനെ ശുദ്ധവിദ്യ അഥവാ സദ്‌വിദ്യ എന്നു വിളിക്കുന്നു.
ഈ ഘട്ടം വരെയുള്ള പ്രപഞ്ചസൃഷ്ടിപ്രക്രിയ പരമശിവന്റെ അന്തരംഗത്തില്‍ ആണു സംഭവിക്കുന്നത്- ഒരു സ്വപ്‌നം പോലെ. പരമശിവന്റെ സ്വരൂപം ഇനിയും ആവൃതം ആയിട്ടില്ല; മറയ്ക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഈ അഞ്ചു തത്ത്വങ്ങളേയും ചേര്‍ത്ത് ശുദ്ധാധ്വാ എന്നു പറയുന്നു.
 മായയും അതിന്റെ അഞ്ചു കഞ്ചുകങ്ങളും- ആറു തൊട്ടു പതിനൊന്നു വരെയുള്ള തത്ത്വങ്ങളാണിവ. ഇവിടം തൊട്ട് മായാതത്ത്വം അതിന്റെ ലീല ആരംഭിക്കുന്നു. പരമശിവനെ പരിമിതപ്പെടുത്തി ജീവതത്ത്വമാക്കുന്ന പ്രക്രിയ ഇവിടെ തുടങ്ങുന്നു. അളന്നു മാറ്റുന്നത് എന്ന അര്‍ഥമുള്ള മാന്മധാതുവില്‍ നിന്നാണ് മായാ എന്ന പദം (മീയതേ അനേന ഇതി മായാ) ഇവിടെ വ്യുല്‍പാദിപ്പിക്കുന്നത്. 
ലളിതാസഹസ്രനാമത്തിലെ ആദ്യത്തെ നാമമായ ശ്രീമാതാ എന്ന പദത്തിന്റെ വ്യാഖ്യാനാവസരത്തില്‍ ഭാസ്‌കരരായന്‍ മാതാ എന്ന പദത്തിനും ഇതേ അര്‍ഥം പറയുന്നുണ്ട് (സാഭാഗ്യഭാസ്‌കരം). ആറാമത്തെ തത്ത്വമായ മായാശക്തി അളവറ്റ ബോധത്തെ അളക്കാന്‍ കഴിയുന്ന തരത്തില്‍ പരിമിതപ്പെടുത്തുന്നു. അഹമിദം എന്ന ബോധഏകകത്തെ അഹമെന്നും ഇദമെന്നും രണ്ടാക്കി പിരിക്കുന്നു.
ഇവിടം തൊട്ട് സങ്കോചക്രിയ തുടങ്ങുന്നു. മായാശക്തി അഞ്ച് കഞ്ചുകങ്ങളെ (ആവരണം) ഉപയോഗിച്ചാണ് പരമശിവനെ ജീവതത്ത്വമായി ചുരുക്കുന്നത്. ശരീരകഞ്ചുകിതഃ ശിവോ ജീവഃ നിഷ്‌കഞ്ചുകഃ പരശിവഃ എന്നു പരശുരാമകല്‍പസൂത്രം. ആവരണങ്ങള്‍ മൂലം പരമശിവന് സ്വസ്വരൂപം വിസ്മൃതമാകുന്നു. ഞാനും ഞാനല്ലാത്തതും എന്ന ഭേദബുദ്ധി രൂഢമൂലമാകുന്നു. ആത്മനിഷ്ഠയാഥാര്‍ഥ്യ (സബ്ജക്റ്റീവ് റിയാലിറ്റി) വും വസ്തുനിഷ്ഠയാഥാര്‍ഥ്യ (ഒബ്ജക്റ്റീവ് റിയാലിറ്റി) വും ചേര്‍ന്ന പ്രപഞ്ചബോധം ഉളവാകുന്നു.
മായാതത്ത്വത്തിന്റെ സങ്കോചോപാധികള്‍ കലാ, വിദ്യാ, രാഗം, കാലം, നിയതി എന്നീ അഞ്ചെണ്ണമാണ്. അവയെ വിശദമാക്കാം.
 കലാതത്വം- പരമശിവന്റെ സര്‍വകര്‍തൃത്ത്വത്തെ കിഞ്ചില്‍കര്‍തൃത്വം ആയി ചുരുക്കുന്നു. എന്തും ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ട് ചിലതു മാത്രം ചെയ്യാനുള്ള കഴിവില്‍ ഒതുങ്ങുന്നു.
 വിദ്യാതത്ത്വം- സര്‍വജ്ഞത്വത്തിനു പകരം കിഞ്ചിജ്ഞത്വം മാത്രമാകുന്നു. എല്ലാം അറിയാനുള്ള കഴിവ് മങ്ങി പരമശിവന്‍ ചില അറിവുകള്‍ മാത്രമുള്ളവനാകുന്നു.
രാഗതത്ത്വം- പൂര്‍ണത്വം കൊണ്ടുള്ള തൃപ്തി പോയ്മറയുന്നു. തൃപ്തി തേടി ചിലതിനോട് ഇഷ്ടം തോന്നുന്നു, മറ്റു ചിലതിനോട് അനിഷ്ടം തോന്നുന്നു. 
കാലതത്ത്വം- നിത്യത്വം ഇല്ലാതെയായി ഭൂതം, വര്‍ത്തമാനം, ഭാവി എന്ന പരിമിതമായ ത്രികാല (ടൈം) ബോധം അനുഭവപ്പെടുന്നു.
 നിയതിതത്ത്വം- സ്വാതന്ത്ര്യവും വ്യാപകത്വവും നഷ്ടപ്പെട്ട് കാര്യകാരണബദ്ധതയും ദേശ (സ്‌പേസ്)പരമായ പരിമിതിയും ഉടലെടുക്കുന്നു. 
പുരുഷതത്ത്വം- പരമശിവന്‍ മായാധീനനായി ഈ അഞ്ച് ആവരണങ്ങള്‍ അണിഞ്ഞ് സര്‍വകര്‍തൃത്വം, സര്‍വജ്ഞത്വം, പൂര്‍ണത്വം, നിത്യത്വം, സ്വാതന്ത്ര്യത്വം, വ്യാപകത്വം എന്നിവ നഷ്ടപ്പെട്ട് ജീവതത്ത്വം അഥവാ പുരുഷതത്ത്വം ആയി മാറുന്നു. എല്ലാ ജീവികളും ഇതില്‍ പെടുന്നു. വ്യാപകത്വം നഷ്ടപ്പെട്ടതിനാല്‍ ഈ തത്ത്വത്തെ അണു എന്നും ഈ ശാസ്ത്രത്തില്‍ പറയുന്നു. ഇതു പന്ത്രണ്ടാമത്തെ തത്ത്വം ആണ്...
vamanan

No comments: