Monday, April 15, 2019

ശ്രീമദ് ഭാഗവതം 121*
രാജാവ് ജഡഭരതനെ വീണ്ടും നമസ്ക്കരിച്ചു പറഞ്ഞു.
നമോ നമ: കാരണ വിഗ്രഹായ
സ്വരൂപതുച്ഛീകൃതവിഗ്രഹായ
നമോഽവധൂത ദ്വിജബന്ധുലിംഗ
നിഗൂഢനിത്യാനുഭവായ തുഭ്യം.
ഹേ പ്രഭോ, അവിടുത്തെ ശരീരം എന്നെ അനുഗ്രഹിക്കാനായിട്ടുള്ള കാരണവിഗ്രഹം ആണ്. സ്വരൂപാനുഗ്രഹം കൊണ്ട് തുച്ഛമാക്കി കണക്കാക്കിയിരിക്കുന്ന അങ്ങയുടെ ഈ ശരീരം എന്നെ അനുഗ്രഹിക്കാനായിട്ടാണ് ദാ ഇവിടെ ഇപ്പൊ എഴുന്നള്ളിയിരിക്കുന്നത്.
അവിടുത്തെ വാക്ക് മരുഭൂമിയില് മഴ പെയ്തതുപോലെ, മരിക്കാൻ കിടക്കണ ആൾക്ക് അമൃതം കിട്ടിയ പോലെ, വ്യാധിഗ്രസ്ഥന് ഔഷധം കിട്ടിയപോലെ എന്നെ അനുഗ്രഹിച്ചിരിക്കണു.
ജരാമയാർത്തസ്യ യഥാഗദം സ-
ന്നിദാ ഘദഗ്ദ്ധസ്യ യഥാ ഹിമാംഭ:
കുദേഹമാനാഹിവിദഷ്ടദൃഷ്ടേ:
ബ്രഹ്മൻ വചസ്തഽമൃതൗഷധം മേ
അവിടുന്ന് ആരാണ്? പറയൂ.
"ഓ ഞാനോ ഈ ജഡം ആരാണെന്നാണോ അങ്ങ് ചോദിക്കണത്? ഹേ രാജൻ, രണ്ടു മുള. മുളയിൽ കുറേ മാംസം കെട്ടി വെച്ച് കാല് അതിന് മേലെ മുട്ട്, തുട. അതിന് മേലെ ഒരു പാന പോലെ ഒരു വയറ്, അതിന് മേലെ തോള്, രണ്ടു കൈയ്യ്, അതിന്റെ മേലെ ഒരു ഉലയ്ക്കാ അതിന് മേലെ ഒരു പീഠം അതിലൊരു മാംസപിണ്ഡം ഇരുന്നിട്ട് പറയണു ഞാൻ സിന്ധുസൗവീര ദേശത്തിലെ രാജാവ് ആണെന്ന് പറയണു.
എന്നിട്ട് ഈ സാധുക്കളെ ഒക്കെ തല്ലേം ചീത്തേം പറഞ്ഞ് സ്വധർമ്മം ആരാധനം അച്യുതസ്യ എന്ന് പറഞ്ഞ് അതിനൊരു വാദം വേറെ. ഹേ രാജൻ, എപ്പഴാണോ അങ്ങ് അജ്ഞാനം നീക്കി വാസുദേവ തത്വത്തിനെ സാക്ഷാത്ക്കരിക്കുന്നത് അപ്പോഴേ അങ്ങേയ്ക്ക് വിമുക്തി കിട്ടൂ.
"എന്താണ് ഭഗവാനേ വാസുദേവ തത്വം?"
ജ്ഞാനം വിശുദ്ധം പരമാർത്ഥമേകം
അനന്തരം ത്വബഹിർബ്രഹ്മ സത്യം.
പ്രത്യക് പ്രശാന്തം ഭഗവദ് ശബ്ദസംജ്ഞം
യദ് വാസുദേവം കവയോ വദന്തി.
വിശുദ്ധമായ ജ്ഞാനം, രണ്ടില്ലാത്തതായ അദ്വൈതജ്ഞാനം അതിനെ പുറത്ത് തിരഞ്ഞാൽ കിട്ടില്ല്യ. ബ്രഹ്മം എന്ന് പറയും. അത് എല്ലാകാലത്തും ബാധിക്കപ്പെടാത്ത സത്യം ആണ്. പ്രത്യക് പ്രശാന്തം. ചിത്തത്തിനും സാക്ഷിയായി എല്ലാറ്റിനും പുറകെ നില്ക്കുന്ന പരമസത്യം. ശാന്തി ആണ് അതിന്റെ സ്വരൂപം. ഭഗവദ് ശബ്ദ സംജ്ഞം.
ഈ ജ്ഞാനം എങ്ങനെ ണ്ടാവും?
തപസാ.
രഹൂഗണൈതത്തപസാ ന യാതി
ന ചേജ്യയാ നിർവ്വപണാത് ഗൃഹാദ്വാ
ന ച്ഛന്ദസാ നൈവ ജലാഗ്നി സൂര്യൈർ
വ്വിനാ മഹത് പാദരജോഽഭിഷേകം.
മഹാത്മാക്കളുടെ പാദരജസ്സ്കൊണ്ട് അഭിഷേകം ചെയ്യാ. മഹാത്മാക്കളുടെ പാദരജസ്സിനെ ഉപാസിക്കാ. എന്നാൽ ഈ ഭക്തി ണ്ടാവും. ഭഗവദ് അനുഭവം ഹൃദയത്തിൽ ണ്ടാവും.
അഹങ്കാരം പോകണം. പാദരജസ്സ് എന്നാൽ അഹങ്കാരക്ഷയം ആണ്.
അഹങ്കാരം എപ്പോ ക്ഷയിക്കും?
അഹങ്കാരം പ്രബലമായ ഒരു സന്നിധിയിലേ അടങ്ങൂ. മഹാത്മാക്കളുടെ മുമ്പില് ചെല്ലുമ്പോ നമ്മളറിയാതെ അടങ്ങും. ആ അടക്കം ആണ് മുഖ്യം. ആ സന്നിധിയാണ് പ്രധാനം.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad.

No comments: