ആകാശഗംഗയെ മണ്ണിലൂടൊഴുക്കി പാതാളത്തിലെത്തിക്കണമെന്ന വസിഷ്ഠന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഭഗീരഥന്‍ ആദ്യം ബ്രഹ്മാവിനെ തപസ്സു ചെയ്തു. ഭഗീരഥനു മുമ്പില്‍ പ്രത്യക്ഷപ്പെട്ട ബ്രഹ്മാവ്, ഗംഗയെ തപസ്സു ചെയ്ത് പ്രീതിപ്പെടുത്തിയാലേ അവള്‍ അവതരിക്കുകയുള്ളൂ എന്നും ഒഴുകിയെത്തുന്ന ഗംഗയെ ഭൂമീദേവിക്ക് താങ്ങാനാകില്ലെന്നും ഇതിനായി ശിവനെ പ്രത്യക്ഷപ്പെടുത്തണമെന്നും ഭഗീരഥനെ അറിയിച്ചു. വൈകാതെ ഭഗീരഥന്‍ ശിവനെ തപസ്സു ചെയ്ത് പ്രീതിപ്പെടുത്തി. ആകാശ ഗംഗയെ തന്റെ തിരുജടയില്‍ താങ്ങാമെന്ന് ശിവന്‍ സമ്മതിച്ചു. ഗംഗാതപം നടത്തിയതിനെ തുടര്‍ന്ന് പ്രത്യക്ഷയായ ഗംഗ ഭൂമിയിലേക്ക് ഒഴുകാന്‍ അനുമതി അറിയിച്ചു.
പക്ഷേ ഗംഗയ്‌ക്കൊരു സംശയം. ശിവന് തന്നെ താങ്ങാനാവുമോയെന്ന്. അഹങ്കാരത്തോടെ ഗംഗ എടുത്തു ചാടി. ശിവന്‍ അവളെ തന്റെ ജടയില്‍ സ്വീകരിച്ചു. അതും ഒരു മഞ്ഞു തുള്ളിയേറ്റു വാങ്ങുന്ന ലാഘവത്തോടെ. ശിവനെ പിന്നെയും ഭഗീരഥന്‍ തപം ചെയ്ത ശേഷമാണ് ജടയില്‍ നിന്ന് ഗംഗാജലം വിട്ടുകൊടുത്തത്. ഭഗീരഥനെ അനുഗമിച്ച് ഗംഗ ഭൂമിയിലേക്കൊഴുകി.
ഗംഗയുടെ അഹങ്കാരം അപ്പോഴും ശമിച്ചിരുന്നില്ല. ഭഗീരഥനെ അനുഗമിച്ച ഗംഗ, ഋഷിയായ ജഹ്നുവിന്റെ തപോവനം മുക്കിക്കളയാന്‍ തുടങ്ങി. കോപംപൂണ്ട ഋഷി ഗംഗയെ അരക്കവിള്‍ വെള്ളമെന്ന പോലെ കുടിച്ചു. ഋഷിയെ പ്രീതിപ്പെടുത്താനായി ഭഗീരഥന്റെ അടുത്ത തപസ്സ്.
ഒടുവില്‍ ജഹ്നു കര്‍ണത്തിലൂടെ ഗംഗയെ പുറത്തേക്കൊഴുക്കി. ഒട്ടേറെ പര്‍വതങ്ങളും കുന്നുകളുമുള്‍പ്പെടെ ദുര്‍ഘടസ്ഥാനങ്ങള്‍ പിന്നിട്ട് ഗംഗ ശാന്തമായി സമതലത്തിലേക്ക് പ്രവേശിച്ചു. വീണ്ടും പ്രവഹിച്ച് പാതാളത്തിലെത്തി, സഗരന്റെ പുത്രന്മാരുടെ ചിതാഭസ്മത്തിലൂടെ ഒഴുകാന്‍ തുടങ്ങി. അതോടെ അവരുടെ ആത്മാക്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ഭഗീരഥന്റെ പ്രയത്‌നം കൊണ്ട് ഭൂമിയില്‍ പ്രവേശിച്ചതിനാലാണ് ഗംഗയെ ഭാഗീരഥിയെന്ന് വിളിക്കുന്നത്.
പവിത്രയായ, ഒട്ടേറെ മഹത്വങ്ങളുള്ള ഗംഗാദേവിയെ നമുക്കും ആരാധിക്കാമെന്ന് വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരോട് പറഞ്ഞു.
(തുടരും)
No comments:
Post a Comment