Wednesday, April 24, 2019

യോഗിയും സിദ്ധനും

സമ്പൂർണ്ണ മനുഷ്യത്വത്തിന്റെ പര്യായം എന്ന നിലയിലാണ് സന്ന്യാസിത്വം, ഋഷിത്വം, യോഗിത്വം, ദേവത്വം തുടങ്ങിയ വാക്കുകൾ ഭാരതത്തിന്റെ സംസ്കൃതിയിൽ പ്രയോഗിച്ചിട്ടുള്ളത്. ഒരു മനുഷ്യൻ സമ്പൂർണ്ണനാണെന്നു പറയുമ്പോൾ, മറ്റു പക്ഷിമൃഗാദികളിൽ നിന്നും എന്തു പ്രത്യേകതയാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്? ഏകകോശജീവിയിൽനിന്നും മനുഷ്യൻ വരെയുള്ള പരിണാമദശയിലെ എല്ലാ ജീവികളെയും ജന്തുക്കൾ എന്നാണ് പറയുന്നത്. ഒരേ ചൈതന്യത്തിന്റെ ഭാഗമായ പക്ഷിമൃഗാദികളുടെ തുടർച്ചതന്നെയാണ് മനുഷ്യനും എന്ന് ശ്രുതികളും വ്യക്തമാക്കുന്നു. ഈശ്വരന്റെ മുന്നിൽ എല്ലാ ജീവജാലങ്ങൾക്കും ഒരേ സ്ഥാനം തന്നെയാണുള്ളത്. ആധുനിക ശാസ്ത്രവും മനുഷ്യനെ – thinking animal, political animal, tool using animal - ജന്തുക്കളുടെ കൂട്ടത്തിൽ തന്നെയാണ് ചേർത്തിട്ടുള്ളത്. ചില സെമിറ്റിക് മതങ്ങൾ മാത്രമെ മനുഷ്യൻ ദൈവത്തിന്റെ വിശേഷമായ സൃഷ്ടിയാണെന്ന പ്രാധാന്യം കൊടുക്കുന്നുള്ളൂ.


വളരെയധികം ആളുകൾ 'ഭഗവാൻ' എന്നു വിശേഷിപ്പിച്ചുപോന്ന സായിബാബയ്ക്ക് അസുഖം വന്നതും, അദ്ദേഹം പ്രവചിച്ചതിനെക്കാൾ (?) മുമ്പുതന്നെ മരിച്ചു എന്നതും എന്തോ ഒരു മഹാസംഭവം ആയി പലരും പറഞ്ഞുകേട്ടു. ഈ പ്രപഞ്ചത്തിൽ നശിക്കാത്ത എന്തെങ്കിലും ഉണ്ടോ? കർമ്മം ചെയ്യുന്ന ഏതൊരു വസ്തുവിനും കുറെ കഴിയുമ്പോൾ ക്ഷീണം ഉണ്ടാകും. പിന്നീട് അത് നശിക്കുകയും ചെയ്യും. അങ്ങിനെയാകുമ്പോൾ പ്രവർത്തിക്കുന്നത് ഈശ്വരനാണെങ്കിൽ തന്നെ അത് നശിച്ചുപോകും. പ്രപഞ്ചത്തിൽ കർമ്മം ചെയ്യാത്ത ഒരേഒരു വസ്തു മാത്രമെ ഉള്ളൂ. പരബ്രഹ്മം എന്ന ആദിമൂലദ്രവ്യം – നിർഗുണബ്രഹ്മം. ബ്രഹ്മത്തിന്റെ സഗുണാവസ്ഥയാണ് ഈശ്വരൻ. ഈശ്വരന് കർമ്മം ഉണ്ട്. അതുകൊണ്ട് ഈശ്വരനും ഈശ്വരാവതാരത്തിനും ജനനമരണങ്ങളുണ്ട്.

സന്ന്യാസി എന്നാൽ സന്തോഷ് മാധവനെപ്പോലുള്ള ഒരു ഫ്രോഡ് ആണെന്നു വിശ്വസിക്കുന്ന ജനങ്ങളോട്, ഒരു യഥാർത്ഥ സന്ന്യാസിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് എങ്ങിനെ വിശദീകരിച്ചാലും സ്വീകാര്യമാവില്ല എന്ന ബോധത്തോടുകൂടിത്തന്നെ ചില കാര്യങ്ങൾ ഇവിടെ എഴുതിവെയ്ക്കുന്നു.

(ദൈവം, ഈശ്വരൻ എന്നീ സങ്കല്പത്തെക്കുറിച്ച് ഇവിടേയും,  സന്ന്യാസിയെക്കുറിച്ച് ഇവിടെയും  ചെറുതായി സൂചിപ്പിച്ചിരുന്നു.)

ഒരു പൂർണ്ണനായ മനുഷ്യന്റെ ജീവിതം, സ്ഥിതപ്രജ്ഞനായ സന്ന്യാസിയിലാണ് നമുക്ക് ദർശിക്കാനാവുക. സുഖദുഃഖങ്ങളിൽ സമചിത്തതയോടെ കഴിയുക എന്നതാണ് ഒരു സന്ന്യാസിയുടെ പ്രത്യേകത. പരിശീലനംകൊണ്ട് ഒരാൾക്ക് ഈ കഴിവുകൾ ആർജ്ജിക്കുവാൻ സാധിക്കും. മനുഷ്യനെ മനുഷ്യനാക്കി നിലനിർത്തുന്നതും, പ്രവർത്തിപ്പിക്കുന്നതും, അനുഭവിപ്പിക്കുന്നതും മനുഷ്യനിലെ ചൈതന്യമാണ്. ഈ ചൈതന്യത്തെ സാക്ഷാത്ക്കരിച്ച് അതിൽ സദാസമയവും മുഴുകിയിരിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതിനെയാണ് യോഗാവസ്ഥ എന്നു പറയുന്നത്. ഒരു യോഗി ബ്രഹ്മസാക്ഷാത്ക്കാരം നേടി എന്നു വച്ചാൽ, ബ്രഹ്മത്തിന്റെ ഇടതടവില്ലാത്ത ആനന്ദത്തിൽ ലയിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എപ്പോഴും പ്രപഞ്ചത്തിന്റെ പരമകാരണമായ സച്ചിദാനന്ദത്തിൽ ലയിച്ചിരിക്കും. അവിടെ ആദിമദ്ധ്യാന്തങ്ങൾ ഉണ്ടായിരിക്കുകയില്ല. ബ്രഹ്മജ്ഞാനിയായ യോഗി എപ്പോഴും ബ്രഹ്മത്തിന്റെ സർവ്വജ്ഞതയിൽ മുഴുകിയിരിക്കും. അപ്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് താനെ തെളിഞ്ഞുവരും. അതായിരിക്കാം അറിവ് (വേദം) ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉത്ഭവിച്ചു എന്ന്‌ ശ്രുതികൾ പറയുന്നത്.

വേദോപനിഷത്തുക്കൾ ഒന്നും പഠിക്കാത്ത ശ്രീരാമകൃഷ്ണദേവന്റെ നാവിൽ നിന്നും വരുന്ന വേദാന്ത വിശദീകരണങ്ങൾ ശ്രവിച്ചിട്ടുള്ളവർ ഈ ദൈവീകത്വം രേഖപ്പെടുത്തിയിട്ടുണ്ട്. രമണമഹർഷിയും ഗ്രന്ഥങ്ങളൊന്നും വായിച്ചിരുന്നില്ലെന്ന് രേഖപ്പെടുത്തിക്കാണുന്നു.

ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷി / യോഗി എന്നെല്ലാം പറഞ്ഞിരിക്കുന്നത്. അവർ യോഗയുക്തരായി കഴിയുന്നു. അതിന്റെ മറുവശമാണ് ഭോക്തൃപ്രപഞ്ചം - ഭോഗികളുടെ പ്രപഞ്ചം. എല്ലാ ജീവികളുടെയും സുഖദുഃഖങ്ങൾ തന്റെ സുഖദുഃഖങ്ങളായി കാണുന്ന യോഗിയാണ് പരമനായ യോഗി എന്ന് ഗീത സൂചിപ്പിക്കുന്നുണ്ട്. അവനവന്റെ ഓരോ കർമ്മവും മറ്റുള്ളവരുടെ സുഖത്തിനായി വരണം എന്ന് ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നത് ഇങ്ങനെയാണ്:

“അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”

ഗുരുദേവൻ അരുവിപ്പുറത്ത് ഉണ്ടായിരുന്ന കാലത്ത് ധ്യാനം കഴിഞ്ഞ് പുറത്തു വരുമ്പോൾ പതിവായി കാണാറുള്ള മുഖകാന്തിയെപ്പറ്റി, പലപ്പോഴും സഹോദരനയ്യപ്പനോട് കുമാരനാശാൻ പറയാറുണ്ടയിരുന്നത്രെ. നേരിട്ടനുഭവിച്ചിട്ടുള്ള ഗുരുദേവന്റെ വിശേഷണങ്ങൾ തന്നെയാണ് ‘നളിനി’യിലെ നായകനിൽ നാം ദർശിക്കുന്നത്.

“പാരിലില്ല ഭയമെന്നു, മേറെയു-
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ.”


“സ്നേഹമാം അഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ വെടിഞ്ഞു ഞാൻ.” 


ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കൾ നമ്മളെ ആകർഷിക്കുന്നു. നമുക്കുണ്ടാകുന്ന ആകർഷണം നമ്മളെ അതിന്റെ അടിമകളാക്കുകയും ചെയ്യുന്നു. ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ ഇന്ദ്രിയജന്യമായ ഭോഗവിഷയങ്ങളിൽ നിന്നും മോചിപ്പിച്ച് ഒന്നിലും സംഗമില്ലാതെയിരിക്കുന്നു. അതിനുശേഷം പ്രാണാപാനവായുക്കളെ ചലിക്കാത്ത നിലയിൽ നിർത്താൻ യോഗി പരിശീലിക്കുന്നു. ആ പരിശീലനം പൂർണ്ണമാകുമ്പോൾ യോഗി ബ്രഹ്മപ്രാപ്തിയുടെ ആദ്യപടിയായ ആദ്യന്തികമായ സത്യത്തിന്റെ ബോധത്തിലേയ്ക്ക് പ്രവേശിക്കും. ലഘുത്വം (ശരീരത്തിന് ഭാരമില്ലായ്മ), ആരോഗ്യം (രോഗം ദുഃഖിപ്പിക്കാത്ത അവസ്ഥ), അലോരുപത്വം (ഭോഗവസ്തുക്കളോടുള്ള വിരക്തി) എന്നീ അനുഭവം യോഗിക്ക് ഈയവസരത്തിൽ സിദ്ധിക്കും. “വർണ്ണപ്രസാദംസ്വരസൌഷ്ഠവംച“. വാക്കുകൾ ഉച്ഛരിക്കുമ്പോൾ അത് കേൾക്കുന്നയാൾക്ക് അതിനോട് പ്രീതിയുണ്ടാകും. വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും, വാക്കിന്റെ ശബ്ദസൌകുമാര്യത്തിൽ ആകൃഷ്ടരാകും. യോഗിയുടെ ശരീരത്തിന് ആകർഷണീയമായ നിറം വന്നുചേരും.

സിദ്ധനെന്നു പറഞ്ഞാൽ ‘കിട്ടിയവൻ’ എന്നാണ് അർത്ഥം. സാദ്ധ്യമായതിനെ സാധനകൊണ്ട് സാക്ഷാത്കരിക്കുമ്പോൾ അത് സിദ്ധിയായി. യോഗസൂത്രങ്ങളിൽ അഷ്ടൈശ്വര്യസിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള രഹസ്യമറിയുന്നത് ഒരു സിദ്ധിയാണ്. അതറിഞ്ഞവന് ഗ്രഹങ്ങളുടെ ചലനവും, സൂര്യ-ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ കഴിയും. വേറൊരാളുടെ മനസ്സിന്റെ വ്യാപാരം അറിയാൻ കഴിയുന്നത് ഒരു സിദ്ധിയാണ്. സിദ്ധികൾ കൈവരിച്ചിട്ടുള്ള നിരവധി സിദ്ധന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ചിലർ രോഗങ്ങൾ മനസ്സിലാക്കി ചികിത്സിച്ചു മാറ്റാൻ കഴിവുള്ളവരായിരിക്കും. അതുപോലെ ചിലർക്ക് പല ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടാനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ ഇത്തരം സിദ്ധികളൊന്നും ലോകസംഗ്രഹത്തിനുള്ളതല്ല എന്നാണ് അദ്ദ്വൈതമതം. സിദ്ധന്മാർ യോഗികളായിരിക്കണമെന്നില്ല. പക്ഷെ ആത്മാവിനെ വശപ്പെടുത്തിയ ഒരു യോഗിക്ക് (ബ്രഹ്മജ്ഞാനിക്ക്) ഏതു സിദ്ധിയും കൈവരിക്കാനാകും. സിദ്ധിയിലൂടെയുള്ള അത്ഭുതങ്ങൾ കാണിക്കൽ ഒരു യോഗിയെ സംബന്ധിച്ചിടത്തോളം നിസ്സാരങ്ങളാണ്. ബ്രഹ്മജ്ഞാനി എപ്പോഴും ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു എന്നു പറയുന്നു. എപ്പോഴും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്.

ഇത്രയൊക്കെ സിദ്ധികളുള്ള യോഗികൾക്ക് എന്തുകൊണ്ട് രോഗം ഉണ്ടാകുന്നു എന്നതാണ് ചോദ്യം. ഓരോ മനുഷ്യനും ജനിക്കുന്നത് പൂർവ്വജന്മകർമ്മഫലവുമായിട്ടാണ് (സഞ്ചിതകർമ്മം). അതുപോലെ ആർജ്ജിതകർമ്മങ്ങളും മനുഷ്യനെ രോഗിയാക്കും, യോഗിയെയും.

ദുഃഖിക്കുന്ന രോഗികളോട് തോന്നുന്ന അനുകമ്പ മൂലം പലപ്പോഴും അവരുടെ രോഗാവസ്ഥയെ യോഗി പകർന്നെടുക്കും. ഗുരുദേവൻ ഇങ്ങനെ പലരെയും ആശ്വസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, രോഗം ഒരു യോഗിയെ ദുഃഖിപ്പിക്കുന്നില്ല. ഒരു യോഗിയും അവരുടെ രോഗം ദുഃഖമായി കരുതിയിരുന്നില്ല. മറ്റുള്ളവർക്കെല്ലാം മരുന്ന് നിർദ്ദേശിച്ചിരുന്ന ഗുരുദേവനും അസുഖം വന്നിട്ടുണ്ട്. അടുത്ത കാലത്ത് ജീവിച്ചിരുന്ന യോഗികളായ ഗുരുദേവനും, രമണമഹർഷിയും, ശ്രീരാമകൃഷ്ണപരമഹംസനും രോഗം വന്നിട്ടാണ് സമാധിയായത്.

ബ്രഹ്മജ്ഞാനികൾക്കും ദൈവീകത്വം ഉണ്ടെന്നു കരുതുന്നവർക്കും മരണമില്ലെന്ന് പറഞ്ഞു പരത്തിയ മഹാൻ ആരെന്നറിയില്ല. എന്തായാലും ചിലരെല്ലാം അങ്ങനെ വിശ്വസിക്കുന്നു. ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്. ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ. ലോകത്തിലെ സത്യങ്ങളെ കണ്ടമാത്രയിൽ തന്നെ ഗ്രഹിക്കത്തക്ക വിധത്തിൽ അയാളുടെ പ്രജ്ഞാശക്തി വികസിക്കും. സർവ്വപ്രാണികളുടെയും ശബ്ദാർത്ഥപരിജ്ഞാനമുണ്ടാകുന്നതുകൊണ്ട് എല്ലാ ജീവികളുമായും സംവദിക്കാൻ ഒരു യോഗിക്ക് കഴിവുണ്ടാകും. ഒരാളെ കാണുമ്പോഴേക്കും അയാളുടെ ആഗമനോദ്ദേശംപോലും മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തിൽ സമാർജ്ജിച്ച വ്യത്യസ്ഥതക്ക് കൊടുക്കുന്ന അംഗീകാരമാണ് ദേവത്വം / ദൈവീകത്വം.

 ചൈതന്യം നിറഞ്ഞ ചില മഹത്വ്യക്തികളുടെ മരണം അവർ എങ്ങിനെ സ്വീകരിച്ചു എന്ന് നമുക്കു നോക്കാം.
കൃഷ്ണൻ തന്റെ കുടുംബനാശം കണ്ടുകൊണ്ട് മരിക്കേണ്ടിവരും എന്ന് ഗാന്ധാരി കൃഷ്ണനെ ശപിക്കുമ്പോഴും, വേടൻ എയ്ത അമ്പുകൊണ്ട് കൃഷ്ണൻ മരിക്കാനിടയാകുമ്പോഴും വിധിയുടെ സഹജമായ അവസ്ഥകണ്ട് കൃഷ്ണൻ മന്ദഹസിക്കുകയാണുണ്ടായത്.

സ്നേഹത്തിന്റെ മൂർത്തിയായ ഒരു ദൈവത്തിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ യേശുവിനെ എല്ലാവരും ചേർന്ന് കുരിശ്ശിലേറ്റി. ക്രൂശിതനായ യേശു കുരിശിൽ കിടന്നു പിടയുമ്പോഴും, ഏകസത്യമായ ദൈവത്തോട് “പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവർക്ക് മാപ്പു നല്കേണമേ” എന്നു പറയുമ്പോൾ സത്യത്തിലധിഷ്ഠിതമായ ക്രോധരഹിതമായ അഹിംസയുടെ ഒരു ദൃഷ്ടാന്തം നമുക്കു ലഭിക്കുന്നു.

ചുന്ദൻ എന്ന ഒരു സാധു മനുഷ്യൻ കൊടുത്ത, വിഷലിപ്തമായ പഴയ ആഹാരം കഴിച്ചാണ് ഭഗവാൻ ബുദ്ധന് ശരീരം വെടിയേണ്ടി വന്നതെങ്കിലും, തന്റെ ജീവിതത്തിൽ ലഭിച്ച മൂന്ന് അനുഗ്രഹീത ആഹാരങ്ങളിലൊന്നാണ് ചുന്ദൻ കൊടുത്ത അത്താഴം എന്നു പറഞ്ഞ്, തന്റെ മരണത്തിനിടയാക്കിയ ആതിഥേയനെ അനുഗ്രഹിക്കുകയാണ് ബുദ്ധൻ ചെയ്തത്.

സോക്രട്ടീസ് തന്റെ തടവറയുടെ സൂക്ഷിപ്പുകാരനിൽ നിന്നും ‘ഹെംലോക്ക്’ എന്ന വിഷം വാങ്ങി സൌമ്യനായി കുടിക്കുമ്പോൾ, തനിക്കെതിരായി കോടതിയിൽ പോയവരോടോ, വധശിക്ഷ നല്കിയവരോടോ അല്പം പോലും വെറുപ്പ് പ്രകടിപ്പിച്ചിരുന്നില്ല.

ഒരു യോഗിയുടെ ജീവിതം നയിച്ച് രാഷ്രത്തിനുവേണ്ടി സ്വയം സമർപ്പിച്ച
മഹാത്മാഗാന്ധി വെടികൊണ്ട് മരിക്കുമ്പോഴും, തന്നെ വെടിവെച്ച ഗോഡ്സെയ്ക്ക് മാപ്പുകൊടുത്തിരുന്നു.

ഇങ്ങനെ നമുക്ക് അഹിംസ, സത്യം, ദയ, സ്നേഹം എന്നീ അദ്ധ്യാത്മിക ഗുണങ്ങളോടെ ജീവിക്കാൻ കഴിഞ്ഞിട്ടുള്ളവരുടെ അനേകം ദൃഷ്ടാന്തങ്ങൾ കാണാം.

No comments: