ശ്രീശുകനോട് ഗൃഹസ്ഥാശ്രമിയാകാന്‍ വ്യാസമഹര്‍ഷി പറഞ്ഞതിന് ശ്രീശുകന്‍ പറയുന്നു: ''ഗൃഹം ഗൃഹിക്കുന്നതാണ് (വിഴുങ്ങുന്നതാണ്). അതെപ്പോഴും ധനത്തില്‍ ആശയുണ്ടാക്കും. അത് മോഹത്തില്‍പ്പെടുത്തും. അതിനാല്‍ സംന്യാസമാണ് ഏറ്റവും നല്ലത്.'' അതുകേട്ട് വ്യാസമഹര്‍ഷി പറയുന്നു: ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സംന്യാസം എന്നീ നാലുവിധമാണ് ആശ്രമങ്ങള്‍. ഇതെല്ലാം മഹത്തരമാണ്. പക്ഷേ പിതൃകടവും ഋഷികടവും ദേവകടവും തീര്‍ക്കാന്‍ ഗൃഹസ്ഥാശ്രമത്തിനെ കഴിയൂ എന്നതിനാല്‍ അതാണ് ഏറ്റവും മഹത്തരം. ഓരോ ആശ്രമത്തില്‍കൂടെയും വേണം സംന്യാസത്തിലെത്താന്‍. പക്ഷേ 'സംന്യസിച്ചു പിഴച്ചെന്നാല്‍ വഴിയില്ല കരേറുവാന്‍' എന്നുപറഞ്ഞ് ഇതില്‍ കൂടുതല്‍ അറിയുവാന്‍ മിഥിലയിലെ ജനകന്റെ കൊട്ടാരത്തിലേക്ക് പോകൂ എന്നുപറഞ്ഞ് ശുകനെ യാത്രയാക്കി. പിതാവിന്റെ വാക്കുകള്‍ കേട്ട ശുകന്‍ ജനക മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. എന്നാല്‍ കാവല്‍ക്കാരന്‍ ശുകനെ തടഞ്ഞുനിര്‍ത്തി ചോദിച്ചു. ഹേ! ബ്രാഹ്മണാ! എന്തിനാണ് നീ വന്നത്? നിന്റെ കുലമേതാണ്? എന്താണു കാര്യം? മഹാരാജാവിനെ അറിയിച്ചശേഷം മാത്രമേ അങ്ങയേ ഉള്ളില്‍ കടത്തൂ. ഇതുകേട്ട ശുകന്‍ പറഞ്ഞു: 'ഞാന്‍ ഈ രാജ്യം കാണാന്‍ വന്നതാണ്. ധനാഗ്രഹം മൂലമാണ് ഇത്രദൂരം നടന്നുവരുവാനുള്ള കാരണം. എന്നാല്‍ എനിക്ക് ധനാശയില്ല. പക്ഷേ അച്ഛന്റെ വാക്കുകേട്ടപ്പോഴാണ് മോഹമുണ്ടായത്. അതില്‍ നിരാശനായാണ് ഞാന്‍ വന്നത്.'' ഇത്രയും അറിവുള്ള അങ്ങയെ തടഞ്ഞതിന് എന്നോടു ക്ഷമിക്കണമെന്ന് കാവല്‍ക്കാരന്‍ പ്രതിവചിച്ചു. അതിന് ശ്രീശുകന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യമാണ് ചെയ്തത്. അന്യ ഗൃഹത്തില്‍ വരികയെന്ന ദോഷം ഞാനാണ് ചെയ്തത്. ''ഇപ്പോള്‍ എനിക്കിവിടെ ഉണ്ടായ ഈ നിസ്സാരപ്പെടല്‍-എന്നെ തടഞ്ഞുനിര്‍ത്തിയത്-മോഹത്തില്‍പ്പെട്ട് അന്യന്റെ ഗൃഹത്തില്‍ വന്നതുകൊണ്ടാണ്.'' ഇതുകേട്ട കാവല്‍ക്കാരന്‍ വന്നയാള്‍ അറിവുള്ളയാളാണെന്ന് മനസ്സിലാക്കി ഇങ്ങനെ ചോദിച്ചു. ഹേ! ബ്രാഹ്മണാ! എന്താണ് സുഖം? എന്താണ് ദുഃഖം? ആരാണ് ശത്രു? ആരാണ് മിത്രം? അതിന് ശ്രീശുകന്‍ പറയുന്നു. ധനം, പുത്രന്‍, കളത്രം, മാനം, വിജയം ഇതെല്ലാം വരുമ്പോള്‍ സുഖവും കിട്ടാഞ്ഞാല്‍ ദുഃഖം വരും. സുഖവിഷയങ്ങളെ കിട്ടുന്നതിന് ആരാണോ സഹായിക്കുന്നത് അവന്‍ ബന്ധുവും വിഘ്‌നം ചെയ്യുന്നവന്‍ ശത്രുവുമാണ്. ബുദ്ധിയില്ലാത്തവന്‍-രാഗി (എല്ലാറ്റിനോടും രാഗമുള്ളവന്‍) എല്ലാറ്റിലും ഭ്രമിക്കും. ലൗകികത്തില്‍ താല്‍പ്പര്യം ഉള്ളവനുമായിരിക്കും. ആശയില്ലാത്തവന്‍ മാത്രമാണ് എപ്പോഴും ആത്മാവ്, വേദാന്തം ഇവയെക്കുറിച്ച് ചിന്തിച്ച് ഏകാന്തവാസം സുഖമായി അനുഭവിച്ചറിയുന്നത്. ഇങ്ങനെ ശുകന്റെ അറിവ് കാവല്‍ക്കാരനാല്‍ അറിഞ്ഞ ജനകന്‍ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി ഇങ്ങനെ ചോദിച്ചു: ''എന്താണ് അങ്ങയുടെ മോഹം എന്ന്?'' ''ഹേ! മഹാരാജന്‍ എന്റെ പിതാവും വ്യാസമഹര്‍ഷി പറഞ്ഞു ആശ്രമങ്ങളില്‍ ഗൃഹസ്ഥാശ്രമമാണ് ഏറ്റവും മുഖ്യമെന്നും അതിന് വിവാഹം ചെയ്യണമെന്നും. എന്നാല്‍ വിവാഹം ആവശ്യമാണോ എന്ന് എനിക്ക് തോന്നുന്നു.ജ്ഞാനവും വിജ്ഞാനവും വൈരാഗ്യവും ഉള്ള ആള്‍ക്ക് ആശ്രമത്തില്‍ താമസിക്കണോ? കാട്ടില്‍ താമസിച്ചുകൂടെ? എന്റെ സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനാണ് പിതാവ് എന്നെ പറഞ്ഞയച്ചത്.''
janmabhumi
janmabhumi
No comments:
Post a Comment