Monday, April 22, 2019

ദേവി അന്നപൂർണ്ണേശ്വരിയായ കഥ

പരിണയാനന്തരം കൈലാസത്തിൽ വച്ച് ഒരു ദിവസം പാർവ്വതിദേവി മഹാദേവനോട് ചോദിച്ചു. "പ്രഭോ, പ്രപഞ്ചസൃഷ്ടിയുടെ തുടക്കത്തിലെ അവിടുത്തെ രൂപമായ അർദ്ധനാരീശ്വര രൂപം സ്വീകരിക്കാൻ അവിടുന്ന് ഇപ്പോൾ വൈമുഖ്യം കാണിക്കുന്നത് എന്തിനാണ്?". എന്നാൽ മഹാദേവൻ ഇതിന് ഉത്തരം നൽകാതെ മന്ദഹാസത്തോടെ ധ്യാനത്തിൽ മുഴുകി. കുറച്ചു ദിവസങ്ങൾക്കു ശേഷം, ചെമ്പിച്ച തലമുടിയും നീലക്കണ്ണുകളും ദംഷ്ട്രകളും ഉള്ള ഒരു സ്ത്രീസത്വം കൈലാസത്തിൽ മഹാദേവൻ്റെ മുന്നിലെത്തി വണങ്ങി. മഹാദേവൻ പുഞ്ചിരിയോടെ ചോദിച്ചു, "ഭദ്രേ, ഭവതി ആരാണ്? എന്തിനാണ് കൈലാസത്തിൽ എത്തിയത്?". സ്ത്രീരൂപം പറഞ്ഞു, "ദേവാധിദേവ, മഹാദേവ, ഞാൻ ബ്രഹ്മഹത്യയാണ്. ബ്രഹ്മാവിൻ്റെ ശിരസ്സു ഛേദിച്ചതിനാൽ താങ്കളെ ബ്രഹ്മഹത്യാപാപം ബാധിച്ചിരിക്കുകയാണ്. ദയവായി അവിടുന്ന് എന്നെ സ്വീകരിക്കുക". മഹാദേവൻ ബ്രഹ്മഹത്യയെ സ്വീകരിച്ചു. ബ്രഹ്മഹത്യ ബാധിച്ചതോടെ മഹാദേവൻ അസ്വസ്ഥനായി. ബ്രഹ്മഹത്യാ പാപമോചനത്തിനായി തീർത്ഥസ്നാനവും ഭിക്ഷാടനവും ആരംഭിച്ചു.ഭിക്ഷാംദേഹികൾ ഒരു ദിവസം ഏഴു ഗൃഹങ്ങളിൽ മാത്രമേ ഭിക്ഷാടനത്തിന് പോകുകയുള്ളു. പാകം ചെയ്യാത്ത ധാന്യങ്ങൾ മാത്രമേ സ്വീകരിയ്ക്കുള്ളു. സ്വയം പാകം ചെയ്ത ശേഷം സഹജീവികൾക്കു നൽകിയ ശേഷം ശേഷിച്ചത് മാത്രമേ കഴിക്കുകയുളളു. മഹാദേവൻ തീർത്ഥസ്നാനവും ഭിക്ഷാടനവും തുടർന്നു, കാലങ്ങൾ കഴിഞ്ഞപ്പോൾ മഹാദേവൻ്റെ കൈകളിൽ ഇരുന്ന ബ്രഹ്മകപാലവും ബാധിച്ചിരുന്ന ബ്രഹ്മഹത്യയും ഒഴിഞ്ഞു പോയി. ആ സ്ഥലം "കപാലമുക്തേശ്വരം" എന്ന നാമത്തിൽ പ്രസിദ്ധമായി.എന്നാൽ മഹാദേവൻ തീർത്ഥസ്നാനവും ഭിക്ഷാടവും തുടർന്നു. ഒരു ദിവസം മഹാദേവന് ഒരിടത്തു നിന്നും ഒന്നും ലഭിച്ചില്ല. മഹാദേവൻ കൈലാസത്തിലേക്ക് മടങ്ങി.ജ്ഞാനദൃഷ്ടിയിൽ ഇക്കാര്യങ്ങൾ ഗ്രഹിച്ച പാർവ്വതിദേവി വിഭവസമ്യദ്ധമായ ഒരു സദ്യ ഒരുക്കി മഹാദേവനെ കാത്തിരുന്നു. വിശന്നു തളർന്നു വരുമ്പോൾ ഭാര്യ വിഭവസമൃദ്ധമായ സദ്യയൊരുക്കി തന്നെയും കാത്തിരിക്കുന്നത് കാണുമ്പോൾ ഏതു ഭർത്താവിനാണ് സന്തോഷമാകാത്തത്? സന്തോഷാധിക്യത്താൽ മഹാദേവൻ പാർവ്വതിദേവിയെ ഗാഡമായി ആലിംഗനം ചെയ്തു. തുടർന്നു തൻ്റെ വാമഭാഗം പകുത്തു നൽകി. എന്നിട്ട് ദേവിയെ അനുഗ്രഹിച്ചു, " ദേവി ഇനി മുതൽ അന്നപൂർണ്ണേശ്വരി എന്ന നാമത്തിൽ അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യും"
കടപ്പാട്..

No comments: