Saturday, June 01, 2019

ജഗത്തിന് കാരണം ബ്രഹ്മം

Friday 31 May 2019 12:30 pm IST
ആനുമാനികാധികരണം തുടരുന്നു.
സൂത്രം - ത്രയാണാമേവ ചൈവമുപന്യാസ: പ്രശ്‌നശ്ച
മൂന്നെണ്ണത്തിന്റെ മാത്രമേ  വിവരണവും ചോദ്യവും കഠോപനിഷത്തില്‍ ഉള്ളൂ,
പ്രധാനത്തെപ്പറ്റിയുള്ള ചോദ്യം കഠോപനിഷത്തില്‍ ഇല്ല എന്നതിനാല്‍ ഇവിടെ പറയുന്ന അവ്യക്തം എന്നത് പ്രധാനമല്ല എന്ന് ഉറപ്പിക്കാം. അഗ്‌നി, ജീവന്‍, ആത്മാവ് എന്നീ മൂന്ന് വിഷയങ്ങളെപ്പറ്റിയാണ് കഠോപനി
ഷത്തിലെ ചോദ്യങ്ങള്‍. ഇതല്ലാതെ മറ്റ് ചോദ്യങ്ങളോ ഉത്തരങ്ങളോ ഇതില്‍ ഇല്ല.
കഠോപനിഷത്തില്‍ നചികേതസ്സ് യമനോട് ചോദിക്കുന്ന ആദ്യ ചോദ്യം ' സ ത്വമഗ്‌നിം സ്വര്‍ഗ്യ മധ്യേഷി മൃത്യോ പ്രബ്രൂഹി തം ശ്രദ്ദ ധാനായ മഹ്യം ' - സ്വര്‍ഗം പ്രാപിക്കാനായി കാരണമായ അഗ്‌നിയെപ്പറ്റി പറഞ്ഞു തരണം എന്നതാണ്.
രണ്ടാം ചോദ്യം 'യേയം പ്രേതേ വിചികിത്സാ മനുഷ്യേ അസ്തീത്യേകേ നായ മസ്തീതി ചൈകേ ' മനുഷ്യന്‍ മരിച്ചു പോയാല്‍ പിന്നേയും അവശേഷിക്കുന്നുവെന്നും ഇല്ലയെന്നും അഭിപ്രായമുണ്ട് ഇതിലേതാണ് ശരി എന്നത് പറഞ്ഞു തരണം
മൂന്നാം ചോദ്യം ' അന്യത്ര ധര്‍മ്മാദന്യത്രാധര്‍മ്മാദന്യ
ത്രാസ്മാത്കൃതാകൃതാത് അന്യത്ര ഭൂതാച്ച ഭവ്യാച്ച യത്തത് പശ്യസി തദ് വദ'- ധര്‍മ്മാധര്‍മ്മങ്ങളില്‍ നി
ന്നും കാര്യകാരണങ്ങളില്‍ നിന്നും ഭൂതഭാവികളില്‍ നി
ന്നും അതീതമായ ആത്മതത്വതെ ഉപദേശിച്ചു തരൂ എന്നതാണ്.
 ഇവിടെ ഒരിടത്തും പ്രധാനത്തെപ്പറ്റി ചോദ്യം ഇല്ലാത്തതിനാല്‍ അവ്യക്തം എന്ന വാക്ക് കഠോപനി
ഷത്തില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രധാനം എന്ന അര്‍ത്ഥത്തിലാവില്ല എന്ന് നിശ്ചയിക്കാം. പ്രധാനം എന്നതിന് ശ്രുതി സമ്മതിയില്ല. അതിനാല്‍ പരമാത്മാ വര്‍ണ്ണനം തന്നെയാണ് ആ മന്ത്രത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് മന്ത്രം വ്യക്തമാക്കുന്നു. ഉപനി
ഷത്ത് അര്‍ത്ഥമാക്കുകയോ ഉദ്ദേശിക്കുകയോ ചെയ്യാത്ത ഒന്നിനെ ഇവിടെ സ്വീകരിക്കേണ്ടതില്ല എന്ന് സൂത്രത്തിലൂടെ ഉറപ്പാക്കുകയാണ്.
അവ്യക്തം എന്ന് മന്ത്രത്തില്‍ ഉള്ളത് പ്രധാനം എന്ന് കരുതാന്‍ വേദാന്തത്തിന് ഒരു തരത്തിലും സാധിക്കുകയില്ല. അവ്യക്തം എന്നത് പരമാത്മാവിനെ കുറിക്കുന്നത് മാത്രമാണ്.
സൂത്രം -മഹദ്വച്ച
(മഹദ്വത് ച)
മഹത് എന്ന ശബ്ദം പോലെയാണ്  അവ്യക്തം എന്നതും.
മഹത് ശബ്ദത്തില്‍ സാംഖ്യ ദര്‍ശനത്തില്‍ മഹതത്ത്വം എന്നാണ് അര്‍ത്ഥം. വേദാന്തത്തില്‍ മഹത് എന്നതിന് ആത്മാവ് എന്ന അര്‍ത്ഥമാണ്. ഇതു പോലെയാണ് അവ്യക്തം എന്നതും. സാംഖ്യത്തില്‍ അതിന് പ്രധാനം എന്ന് അര്‍ത്ഥമുണ്ടെങ്കിലും വേദാന്തത്തില്‍ ആത്മാവ് എന്ന അര്‍ത്ഥമെടുക്കണം
 ഒരു വാക്കിന് പലയിടത്തും പല അര്‍ത്ഥങ്ങളും കാണാം.എന്നാല്‍ വേദാന്ത പദത്തിന്  വേദാന്തം സ്വീകരിച്ചിരിക്കുന്ന അര്‍ത്ഥത്തെ തന്നെ വേണം കണക്കിലെടുക്കാന്‍.
ശ്രുതിയില്‍ പലയിടത്തും മഹത് ശബ്ദം സാംഖ്യ സിദ്ധാന്തത്തിന് വിരുദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. ഇതു പോലെ തന്നെയാണ് അവ്യക്ത ശബ്ദവും. സാംഖ്യം പറയുന്ന തരത്തില്‍ പ്രധാനം എന്ന അര്‍ത്ഥം എടുക്കാന്‍ വേദാന്തത്തിന് കഴിയില്ല. അങ്ങിനെ എടുക്കുന്നത് ഉചിതവുമാവില്ല. അവ്യക്തം എന്നത് പരമാത്മാവ് എന്നാണെങ്കില്‍ അതില്‍ ഔചിത്യവും യുക്തിയുമുണ്ട്.രണ്ടല്ലാത്ത, ഏകമായ ആ പരബ്രഹ്മത്തില്‍ നിന്നാണ് എല്ലാമുണ്ടായത്.
 അതിനാല്‍ ജഗത്തിന് കാരണം ബ്രഹ്മമാണ്. അത് ഒരിക്കലും പ്രധാനമാകില്ല. ഇതോടെ ഏഴ് സൂത്രങ്ങളിലായി സാംഖ്യന്‍മാരുടെ പ്രധാന വാദത്തെ തള്ളിക്കളയുന്നു. ജഗത് കാരണമായ ബ്രഹ്മത്തിന്റെ പ്രാമാണികതയെ ഉറപ്പിക്കുകയും ചെയ്യുന്നു.

No comments: