Monday, June 03, 2019

എല്ലാവരിലും ദൈവസാന്നിധ്യം

Monday 3 June 2019 3:47 am IST
ഭഗവാന്‍ ശ്രീഹരിയിലുള്ള ഭക്തിയാല്‍ ഹൃദയം ലയിച്ച് 
പുളകാഞ്ചിതനായി ആനന്ദബാഷ്പം ചൊരിഞ്ഞ് നില്‍ക്കുമ്പോള്‍ ചിത്തം ഭഗവാനില്‍ തന്നെ ലയിച്ചു നില്‍ക്കും. അങ്ങനെ സര്‍വം ഭഗവന്മയയമായി നില്‍ക്കും. അതു ബോധ്യപ്പെടാനുള്ള ബോധം പോലും ഉണര്‍ന്നു പ്രവര്‍ത്തിക്കാതെ ഭഗവാനില്‍ തന്നെ ലയിച്ചുനില്‍ക്കും. യോഗമാര്‍ഗം അതിനുള്ള കാരണവും മാര്‍ഗവുമായി ഭവിക്കും. ഞാന്‍ എന്ന ഭാവം പോലുമില്ലാതെ മനസ്സ് പൂര്‍ണമായ വിരക്തിയെ പ്രാപിക്കുന്നു. 
കര്‍മാനുസൃതമായി ദേഹം ദൈവവശകമായി നിലനില്‍ക്കും. 
'ദേഹോപി ദൈവവശഗ ഖലുകര്‍മ യാവത് 
സ്വാരംഭകം പ്രതിസമീക്ഷത ഏവ സാസു: 
ഈ അവസ്ഥയിലെത്തിയ മനസ്സ് സ്വപ്‌നത്തിലെ പോലെ പുനര്‍ജനിക്കില്ല. അതാണ് സമാധിയോഗത്തിലെ  പ്രത്യേകത.
''സര്‍വഭൂതേഷു ചാത്മാനാം സര്‍വഭൂതാനി ചാത്മനി
ഈക്ഷേതാനന്യഭാവേന ഭൂതേഷ്വിവ തദാത്മദാം.' 
സര്‍വഭൂതങ്ങളിലും ആത്മാവിനെത്തന്നെ നോക്കിക്കാണണം. സര്‍വഭൂതങ്ങളേയും ആത്മാവിലും നോക്കിക്കാണുക. ഇങ്ങനെ അവയെ അനന്യഭാവത്തില്‍ത്തന്നെ  നോക്കിക്കാണണം. പഞ്ചഭൂതങ്ങളേയും ആത്മാവില്‍ തന്നെ ആത്മസ്വരൂപമായി കാണാന്‍ കഴിയണം. ഇങ്ങനെയൊരു കാഴ്ചപ്പാടുണ്ടാകുമ്പോള്‍ അതുതന്നെയാണ് ആത്മസാക്ഷാത്ക്കാരം. 
എല്ലാ ജീവജാലങ്ങളിലും സര്‍വചരാചരങ്ങളിലും ഇതേ ആത്മാവു തന്നെയാണ് നിലനില്‍ക്കുന്നതെന്നും എല്ലാ ജീവജാലങ്ങളും ചരാചരങ്ങളും ഇതേ ആത്മാവില്‍ തന്നെ നിലനില്‍ക്കുന്നതായും കാണാന്‍ കഴിയുന്നതോടെ എല്ലാത്തിലും ഭഗവത് ചൈതന്യം തന്നെ നിലനില്‍ക്കുന്നതായി അനുഭവപ്പെടും. 
''തസ്മാദിമാപ്രകൃതിം ദൈവിം സദസദാത്മികാം
ദുര്‍വിഭാവ്യാം പരാഭാവ്യാ സ്വരൂപേണാവതിഷ്ഠതേ' 
പ്രകാശം പരത്തുന്ന അഗ്‌നിജ്വാല കാഴ്ചയ്ക്ക് പലരൂപത്തില്‍ കാണപ്പെട്ടാലും യഥാര്‍ഥത്തില്‍ അഗ്‌നി ഒന്നു തന്നെ. അതിന്റെ പ്രകൃതവും ഒന്നു തന്നെ . ഇത്തരത്തിലാണ് ഒരേ ആത്മാവിനെ പല പ്രകൃതത്തില്‍ തോന്നുന്നതെന്ന് മനസ്സിലാക്കി കഴിയുമ്പോള്‍ പരമപുരുഷന്റെ മായയാണ് നമുക്ക് സ്വരൂപവിജ്ഞാനത്തെ മറച്ചത് എന്നു വ്യക്തമാകും. 
ഒരു യോഗി തന്റെ സ്വത്വം എന്തെന്ന് തിരിച്ചറിയുന്നതോടു കൂടി താന്‍ ആത്മാവു തന്നെ എന്നു മനസ്സിലാക്കി മറ്റു യാതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന് തിരിച്ചറിയുന്നു. തന്റെ ജീവാത്മാവ് എന്ന് താന്‍ കരുതിയിരുന്ന ജീവന്‍ തന്റേതെന്ന് തോന്നിയ ആ ബോധമാണ് പലതായി കാണാന്‍ പ്രേരിപ്പിച്ചത്. ആ ബോധത്തിന് പരമാത്മാവു തന്നെ എന്നു ബോധ്യപ്പെടുന്നതോടെ ജീവാത്മാ പരമാത്മാ വ്യത്യാസമില്ല. 
ഇതു തന്നെയാണ് ഉപനിഷത്തുക്കളില്‍ പ്രജ്ഞാനം ബ്രഹ്മ:  എന്ന വാക്യത്തിലൂടെ ഉദ്ദേശിച്ചത്. 

 9447213643

No comments: