കണ്ണനിലേക്കു മടങ്ങിയ രാധ...!*
രാധയെ കുറിച്ച് പറയാൻ തുടങ്ങുമ്പോൾ തന്നെ അവിടെ കൃഷ്ണ സാന്നിധ്യം ഉണ്ടാകുന്നു.എഴുതാൻ തുടങ്ങുന്ന വാക്കുകൾ മാറി പണ്ടെന്നോ സംഭവിച്ചതു വാക്കുകളായി ഒഴുകുന്നു. യമുന പോലെ ഇത് രാധാകൃഷ്ണ പ്രണയത്തിന്റെ അദൃശ്യ ശക്തി ആകാം.
ഭഗവാൻ മഹാവിഷ്ണു ചതുർഭുജൻ ആയിരിക്കുമ്പോൾ ലക്ഷ്മീഭാവത്തിലും,ഗോ ലോകത്തിൽ ദ്വിഭുജൻ ആയി ശ്രീകൃഷ്ണൻ ആയിരിക്കുമ്പോൾ രാധയുടെ വേഷത്തിലും ലക്ഷ്മീദേവി വസിക്കുന്നു.
രാധ ജനിച്ചത് ഗുജറാത്തിലെ റാവൽ എന്ന സ്ഥലത്താണ്.വൃഷഭാനു എന്ന ഗോപാലനു കലാവതി എന്ന ഭാര്യയില്‍ ജനിച്ചവളാണ് രാധ എന്ന് ബ്രഹ്മവൈവർത്തപുരാണവും നാരദപുരാണവും പറയുന്നു.ജനിച്ചു ഒരു വർഷത്തിന് ശേഷം ആണ് രാധ കണ്ണുകൾ തുറന്നത്.എല്ലാവരും ഈ കുട്ടി അന്ധയാണ് എന്ന് വിധിയെഴുതി.എന്നാൽ യശോദയ്ക്ക് ഒരു ആൺകുട്ടിയാണ് ഉണ്ടായതു എന്ന വാർത്ത ഒരു ദൂതൻ മുഖാന്തിരം അറിഞ്ഞ രാധയുടെ പിതാവ് ആ കുട്ടിയെ കാണാൻ ഭാര്യയോടൊപ്പം നന്ദ ഗൃഹത്തിലേക്കു പോയപ്പോൾ രാധയെയും കൂടെ കൂട്ടി.അന്നുവരെ കണ്ണ് തുറക്കാത രാധ കണ്ണന്റെ ശയ്യാഗൃഹത്തിനടുത്തു എത്തിയപ്പോൾ ആദ്യമായി കണ്ണുതുറന്നു.അവൾ ആദ്യം കാണുന്നത് ശിശുവായ കണ്ണനെ ആണ് എന്ന് പറയപ്പെടുന്നു.രാധയും കൃഷ്ണനും തമ്മിൽ 12 മാസത്തിന്റെ വ്യതാസം ഉള്ളതായും, കൃഷ്ണാവതാര കാലത്ത് വിഷ്ണുവിന്റെ നിര്‍ദേശപ്രകാരം ഭൂമിയില്‍ ജന്മമെടുത്തവളാണ് രാധയെന്ന് ആദിപുരാണത്തില്‍ പറയുന്നു.
ഭാദ്രപദ മാസത്തിലെ ശുക്ലാഷ്ട്ടമി ദിവസം തൃക്കേട്ട നക്ഷത്രത്തില്‍ രാധ ഗോകുലത്തിൽ ജനിച്ചു എന്നാണ്
ആദിപുരാണത്തില്‍ പറയുന്നത്.! വിഷ്ണുവിന്റെ അഞ്ചു ശക്തികളില്‍ ഒന്നായി ദേവീ ഭാഗവതവും രാധയെ പറയുന്നു.! ബ്രജ് ലെയും വൃന്ദാവനത്തിലെയും ജനങ്ങൾ ഇന്നും ആദ്യം കാണുമ്പൊൾ പരസ്പരം സംബോധന ചെയ്യുന്നത് രാധേ രാധേ എന്നാണ്.
കണ്ണന്‍, അക്രൂരനാല്‍ അനുഗതനായി മധുരയിലേക്ക് യാത്രയാകുമ്പോള്‍ ഗോപികമാര്‍ കണ്ണുനീരോടെ കണ്ണനെ ഏറെ ദൂരം അനുഗമിച്ചു. രാധ വൃന്ദാവനം വിട്ടു പോയില്ല കണ്ണനു വാക്ക് കൊടുത്ത് പോലെ കരഞ്ഞതും ഇല്ല . അവള്‍ക്കറിയാമായിരുന്നു കണ്ണന്‍ തന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന്. ഈ വിശ്വാസവും തന്‍റെതു മാത്രമായ ഓടക്കുഴലുമാണ് കൃഷ്ണന്‍ വിട വാങ്ങുമ്പോള്‍ രാധക്ക് സമ്മാനിച്ചത്.
കംസ നിഗ്രഹത്തിനും പഠനത്തിനും ശേഷം തിരിച്ചു വന്ന കണ്ണൻ സാഗരത്തോടു വാങ്ങിയ മനോഹരമായ ഭൂമിയിൽ ദ്വാരക എന്ന സ്വപ്നതുല്യമായ കൊട്ടാരം നിർമിച്ചു രാജ്യകാര്യങ്ങളിൽ ജേഷ്ഠനെ സഹായിച്ചും രുഗ്മിണി സത്യഭാമ എന്ന പത്നിമാരോടൊപ്പം കഴിയുന്ന നാളിൽ കൃഷ്ണ ബന്ധുവും സചീവനുമായ ഉദ്ധവര്‍ കൃഷ്ണനെ കാണാൻ എത്തി.കൃഷ്ണനോട് സംഭാഷണ മദ്ധ്യേ അദ്ദേഹം ചോദിച്ചു :
"കൃഷ്ണാ വൃന്ദാവനത്തില്‍ നിന്ന് പോന്നതിന് ശേഷം ഏറെ സ്നേഹിച്ചിരുന്ന രാധയെ കാണാന്‍ ഒരിക്കല്‍ പോലും തിരിച്ചു പോയില്ലല്ലോ അവളെ അങ്ങ് പൂർണ്ണമായി മറന്നോ എന്ന്?.
കണ്ണൻ അർദ്ധനിമീലിതമായ കണ്ണുകൾ ഉയർത്തി ഉദ്ധവരെ നോക്കി.ഉദ്ധവരെ എന്നെ സ്പർശിച്ചു കൊണ്ട് രാധയെവിടെ,എന്ന് ഒരു നിമിഷം നോക്കു എന്ന് പറഞ്ഞു.
ഭഗവാന്റെ മാറിടത്തിനുളളില്‍ അതാ, രാധ!.യാത്രയാകുമ്പോള്‍ കൃഷ്ണന്‍ സമ്മാനിച്ച ഓടക്കുഴലുമായി യമുനയുടെതീരത്ത് നിര്‍വൃതിയിലിരിയ്ക്കുന്നു. യമുനയിലെ ഓളങ്ങള്‍ തന്റെ പാദങ്ങളിലൂടെ കയറി ഇറങ്ങുത് രാധ അറിയുന്നില്ല.രാധക്ക് ചുറ്റും അനേകം രാധാകൃഷ്ണൻമാർ രാസകേളിയാടുന്നു.
ഒരു കൃഷ്ണൻ രാധയുടെ മുടിയിൽ പൂവ് ചൂടിക്കുന്നു,മറ്റൊരാൾ അവളുടെ കാലുകൾ മടിയിൽ വെച്ച് ചെമ്പകമരച്ചുവട്ടിലിരിക്കുന്നു, മറ്റൊരു കൃഷ്ണൻ രാധയോടൊപ്പം യമുനയിൽ നീരാടുന്നു, വേറൊരാൾ പിണങ്ങിയിരിക്കുന്ന രാധയെ അനുനയിപ്പിക്കുന്നു.ഉദ്ധവർ വിഭ്രമത്തിൽ അകപ്പെട്ടു.ഏതാണ് യഥാർത്ഥ കൃഷ്ണൻ.?!ഒരു നിമിഷം അദ്ദേഹം ഭഗവാന്റെ ശരീരത്തിൽ നിന്ന് കൈകൾ പിൻവലിച്ചു,അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.കണ്ണാ അങ്ങ് എവിടെ ആണ്,ഇവിടെയോ അവിടെയോ.?
സംശയമെന്തു ഉദ്ധവരെ, കണ്ണൻ അവിടെ ആണ് രാധയുടെ അടുത്ത്.എന്ത് കൊണ്ടെന്നാൽ എന്നെ എല്ലാവരും ആഗ്രഹിക്കുന്നു,എന്റെ സാമീപ്യം ആഗ്രഹിക്കുന്നു,അടുത്ത് ചെല്ലാൻ വിളിക്കുന്നു.എന്നാൽ എന്റെ രാധ മാത്രം ഉള്ളിലിരിക്കുന്ന എന്നെ എപ്പോഴും കാണുന്നു അറിയുന്നു.അകലെയാണെങ്കിലും ഞാൻ അവളുടെ അടുത്ത് തന്നെയാണ് എന്നറിയുന്ന ഒരുവളെ വീണ്ടും അടുത്തേക്ക് വിളിക്കേണ്ടത് എന്തിനാണ്.?
എങ്കിലും രാധ വരും കണ്ണനെ തേടി.ദ്വാരകയിലെ അനേകം കണ്ണുകൾ അവളെ ഒരു നോക്ക് കാണാൻ കൊതിക്കുന്നുണ്ട്.!
കണ്ണന്റെ വാക്കുകൾ സത്യമായി.വർഷങ്ങൾ കടന്നു പോയി.ഭഗവാന്റെ സ്വർഗാരോഹണ സമയത്തിനു കാലമായ ഒരു ദിവസം അവൾ വന്നു.ഉദ്ധവർ അവളെ കൂട്ടികൊണ്ടു വന്നു.
സ്വർഗ്ഗലോകത്തെ നാണിപ്പിക്കുന്ന ദ്വാരകയുടെ വാതിലുകൾ ആ സായന്തനത്തിൽ അനുവാദം ചോദിക്കാതെ രാധക്ക് മുൻപിൽ തുറക്കപ്പെട്ടു.വീഥികൾക്കിരുവശ ത്തും നിന്ന ചെമ്പകവും പുന്നാഗവും പതിവിൽ കൂടുതൽ പൂക്കൾ പൊഴിച്ച് വീഥിയെ മനോഹരമാക്കിയിരുന്നു.ധാരയെന്ത് രങ്ങളിൽ നിന്ന് വമിച്ചുകൊണ്ടിരുന്ന ജലം പാൽനിറമായി. സന്ധ്യാപൂജക്കുള്ള മന്ത്രധ്വനികൾ അന്തരീക്ഷത്തെ ഭക്തി സാന്ദ്രമാക്കിക്കൊണ്ടിരുന്നു. ആർക്കോ വേണ്ടി കാത്ത് നിൽക്കും പോലെ സൂര്യൻ കുംകുമ വർണമായി അസ്തമിക്കാൻ മടിച്ചു നിന്നു.ദ്വാരകയുടെ വീഥിയിലൂടെ ഒരഗ്നിസ്പുലിംഗം കടന്നു പോകുന്നത് പോലെ പുരവാസികൾക്കു തോന്നി.രാധയെ ഒരു നോക്ക് കാണുവാൻ കാത്തിരുന്ന ഭഗവാന്റെ പത്നിമാർ രാധയുടെ സൗന്ദര്യത്തിനു മുൻപിൽ അസ്തപ്രജ്ഞരായി.രുഗ്മിണിയും സത്യഭാമയും അവളെ സ്വീകരിക്കാൻ താല മെടുത്തിറങ്ങും മുൻപേ അവർ ആ കാഴ്ച കണ്ടു ..!
ഒരു കൊടുംകാറ്റ് പോലെ കണ്ണൻ ...!
ഉത്തരീയം വഴിയിൽ വീണു പോയതറിയാതെ,പാദുകങ്ങൾ അണിയാതെ...! ഭഗവാന് സന്ധ്യാവന്ദനത്തിനുള്ള താലം ഏന്തി നിന്ന മിത്രവിന്ദയുടെ കയ്യിലെ പൂപ്പാത്രം ദേഹത്ത് തട്ടി തെറിച്ചു പോയത് പോലും കാണാതെ..കുത്തു വിളക്കിൽ കൊണ്ട് ചോര പൊടിഞ്ഞതറിയാതെ.ദ്വാരകയുടെ അന്തഃപുരത്തിന്റെ പന്ത്രണ്ടു പടികൾ ഒരു നിമിഷം കൊണ്ട് താണ്ടി രാധയുടെ അടുത്തെത്തി അവളേ നെഞ്ചോടു ചേർക്കുന്ന കൃഷ്ണനെ..!
രാധേ രാധേ കൃഷ്ണ കൃഷ്ണ എന്ന് പൗര ജനങ്ങൾ ആർത്തു വിളിക്കുമ്പോൾ കണ്ണൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു.നീല നിറമാർന്ന കണ്ണന്റെ ശരീരത്തിൽ ഒരു കസവുത്തരീയം ചാർത്തിയത് പോലെ ആ കാഴ്ച.രാധാകൃഷ്ണൻമാർ അകത്തേക്ക് നടന്നു.
രാധക്ക് ഉറങ്ങുന്നതിനു മുൻപ് ചൂടുപാൽ വേണം എന്ന് കണ്ണൻ എന്നോ പറഞ്ഞ അറിവ് വെച്ച് രുഗ്മിണി ചൂടുപാൽ കൊണ്ടുവന്നു.കണ്ണന്റെ കണ്ണുകളിൽ നോക്കി അവൻ പറയുന്നതൊന്നും തന്നിൽ നിന്ന് ചോർന്നു പോകാതെ ഉള്ളിലേക്ക് ചേർത്ത് കൊണ്ടിരുന്ന രാധ,ഒട്ടും ശ്രദ്ധിക്കാതെ ആ ചൂടു പാൽ കുടിക്കുകയും രാധകുടിച്ച പാലിന്റെ ചൂടുകൊണ്ട് കണ്ണൻ ഒന്ന് പിടയുകയും ചെയ്തു.അപ്പോൾ രാധ പിടഞ്ഞെണീറ്റു കണ്ണനെ പനീർ വിശറികൊണ്ട് വീശി.ഈ കാഴ്ച കണ്ടു കൊണ്ട് നിന്ന രുഗ്മിണിക്കു കണ്ണനും രാധയും രണ്ടല്ല ഒന്നാണ് എന്ന തത്വം മനസ്സിലായി.
എന്നാൽ രാധയെ ഒരു നോക്ക് കാണാൻ നിന്ന ദ്വാരകയിലെ പ്രജകൾ നിരാശരായി ..രാധ ശയിച്ചിരുന്ന അന്തഃ പുരം സൂന്യമായിരുന്നു ദ്വാരകയിൽ നിന്ന് കൃഷ്ണപ്രിയഃ പുറത്തേക്കു പോയതായി ആരും കണ്ടിട്ടില്ല ... രാധ എങ്ങും പോയില്ല. അവള്‍ ദ്വാരകയില്‍ തന്നെ കൃഷ്ണ ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്നു സായൂജ്യം അടഞ്ഞു. അധികം താമസിയാതെ ഭഗവാന്റെ സ്വർഗ്ഗാരോഹണവും നടന്നു ...ഒന്ന് വിളിക്കുന്ന ഭക്തരെ പോലും ഒരിക്കലും ഉപേക്ഷിക്കാത്ത ഭഗവൻ രാധയെ എങ്ങിനെ ഉപേക്ഷിക്കും ...കണ്ണൻ രാധയെ ഉപേക്ഷിച്ചു പോയി എന്ന് പറയുന്ന അനേകം പേരെ കാണാൻ കഴിയും എന്നാൽ കണ്ണനും രാധയും ....അര്ധനാരീശ്വരന്മാരെപോലെ ഒന്ന് തന്നെ ആണ് ...
അഷ്ടപദിയിൽ ജയദേവൻ പറയുന്നത് നോക്കൂ ...!
മുഹുരവലോകിത മണ്ഡന ലീലാ
മധുരിപുരഹമിതി ഭാവനശീലാ
നാഥ! ഹരേ ജഗന്നാഥഹരേ!
സീദതി രാധാ വാസഗൃഹേ
ഹേ... കൃഷ്ണാ.. രാധ നിന്നോടുള്ള പ്രണയ തീവ്രതയാൽ നിന്നെ അനുകരിച്ച് ഇതേ രീതിയിലുള്ള വസ്ത്രങ്ങളും, ആഭരണങ്ങളും അണിഞ്ഞിരിയ്ക്കുന്നു. കൂടാതെ അവൾ "ഞാൻ കൃഷ്ണനാണ്" എന്ന് പറയുകയും സ്വയം വിസ്മൃതിയിലും, വിഭ്രാന്തിയിലും, നീ തന്നെ ആണവൾ എന്ന തന്മയീഭാവം പൂണ്ട് സങ്കൽപ്പത്തിൽ മുഴുകുകയും ചെയ്യുന്നു. ഹേ..ഹരീ.. രാധ അവളുടെ ഭവനത്തിൽ ഏകാന്തതയിൽ വിരഹിണിയായി കഴിയുന്നതറിഞ്ഞാലും.
No comments:
Post a Comment