Monday, September 09, 2019

സകലതും ബ്രഹ്മ രൂപമാണെങ്കിൽ കാര്യത്തിന്റെ വൈകാരിക ധർമ്മവും ബ്രഹ്മത്തിൽ വന്നു കൂടുകയില്ലേ എന്നു ചിലർ സംശയിക്കുന്നു. ആ ശങ്ക ദൂരീകരിയ്ക്കുന്നതിന് ശ്രീനാരദൻ "ധ്വസ്ത ഗുണപ്രവാഹം" എന്ന ശബ്ദം പ്രയോഗിച്ചിരിയ്ക്കുന്നു. ശ്രീമദ് ഭാഗവതത്തിന്റെ മംഗളാചരണത്തിലെ പ്രഥമ ശ്ലോകത്തിൽ "നിര സ്ത കുഹകം'' എന്നൊരു പദം പ്രയോഗിച്ചിരിയ്ക്കുന്നു. ഇതിന്റെ അർത്ഥവും മേൽ പറഞ്ഞതിൽ നിന്നും ഭിന്നമല്ല. കാര്യം ഒരു യഥാർഥ വസ്തുവല്ല. ഏകാദശ സ്കന്ധത്തിലെ ഹംസഗീതയിൽ പറയുന്നു: 'വസ്തു ഏകമാകയാൽ കാര്യകാരണ ഭാവം ആരംഭത്തിൽ തന്നെ സ്വീകരിച്ചിരിയ്ക്കുന്നു. സ്വർണാഭരണം കാണുന്നവർക്ക് സ്വർണത്തേയും ആഭരണം ഉണ്ടാക്കിയവനേയുംപററി ആലോചിയ്ക്കേണ്ടി വരുന്നു. ആഭരണത്തിൽ സ്വർണ്ണം മാത്രം കാണുന്നവർക്ക് രണ്ടെണ്ണത്തെപ്പറ്റി അന്വേഷിയ്ക്കേണ്ടി വരുന്നില്ല. വേദ സ്തുതിയിലും ഇക്കാര്യം സ്പഷ്ടമായി പറഞ്ഞിരിയ്ക്കുന്നു. സഗുണബ്രഹ്മം ഭേദത്തെ സ്വീകരിച്ച് അതിനെക്കൂടി അഭേദമാക്കുന്നു. നിർഗുണബ്രഹ്മം ഭേദത്തെ നിഷേധിയ്ക്കുന്നു. രണ്ടു വിധത്തിലും അദ്വൈത ഭാവം സിദ്ധമാകുന്നു. ഒരു വസ്തു മാത്രം ഉണ്ടായിരിയ്ക്കയും ചെയ്യുന്നു. ഈ ഭാവത്തിൽ തന്മയതയുണ്ടാവുകയാണ് അഭേദഭാവത്തിലുള്ള ഭജനം കൊണ്ടുദ്ദേശിയ്ക്കുന്നത്
(അദ്ധ്യാത്മഭാഗവതം)
Sunil Namboodiri 

No comments: