Friday, October 18, 2019

പ്രകൃതി അഥവാ മായ

Thursday 17 October 2019 4:04 am IST
പ്രകൃതി ശക്തിസ്വരൂപിണിയാണ്. ശക്തിയെ കാളിയെന്നും കാളികയെന്നും വിളിക്കുന്നു.  കാളിയെന്നാല്‍ കാളുന്നവള്‍ അഥവാ അഗ്നിയെ പുറന്തള്ളുന്നവള്‍. അഗ്നി ഊര്‍ജ്ജമാണ്. പ്രപഞ്ചത്തില്‍ ലഭ്യമായവകളില്‍വച്ച് ഏതാണ്ട് പൂര്‍ണമായതാണ് അഗ്നി. മഹാവിസ്‌ഫോടനാവസരത്തില്‍ അതീവ ഊര്‍ജ്ജപ്രവാഹമുണ്ടായി എന്ന് ആധുനിക ശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിരിക്കുന്നു. ഐന്‍സ്റ്റയിന്‍, ന്യൂട്ടണ്‍ എന്നീ ഭൗതികശാസ്ത്രകാരന്മാര്‍ എല്ലാത്തിന്റെയും അടിസ്ഥാനഘടകം ഊര്‍ജ്ജമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഊര്‍ജ്ജം എന്ന വാക്കിനു പകരം ചൈതന്യം എന്ന സുന്ദരപദമാണ് വ്യാസന്‍ പ്രയോഗിച്ചിട്ടുള്ളത്. ഞാന്‍ ഈ പ്രപഞ്ചത്തെ പരമാണുക്കളെക്കൊണ്ട് സൃഷ്ടിച്ചിരിക്കുന്നു.  ആ പരമാണു എന്റെ ചൈതന്യമാകുന്നു - ശ്രീ മഹാഭാഗവതത്തില്‍ വ്യാസന്‍ ഇങ്ങനെ രേഖപ്പെടുത്തി. ശ്രീനാരായണഗുരുദേവന്‍ ആഗ്നിയെ ഹോമിക്കുന്നതിനായി ദര്‍ശിച്ച മന്ത്രത്തില്‍ ''ആഗ്നേ തവയത്തേജസ്തത്ബ്രാഹ്മം അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി'' - അല്ലയോ അഗ്നേ നിനക്ക് യാതൊരു തേജസ്സാണോ ഉള്ളത് അത് ബ്രഹ്മത്തിന്റേതാകുന്നു.  അതുകൊണ്ട് നീ പ്രത്യത്തില്‍ ബ്രഹ്മം തന്നെയാകുന്നു.  ബ്രഹ്മം അന്നാല്‍ മൂലപ്രകൃതിയാണ്.
ഭൗതികവാദിയും ഡയലിറ്റിക്കല്‍ മെറ്റീറിയലിസത്തെ ആശ്ലേഷിച്ചവനുമായ എസ്സ്. ടി. മെലുഖിന്‍ എന്ന റഷ്യന്‍ ശാത്രജ്ഞന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നതായി സ്വാമി നിത്യചൈതന്യയതി  രേഖപ്പെടുത്തിയിരിക്കുന്നു- “ഇല്ലായ്മയില്‍നിന്ന് ഒന്നും ഉണ്ടാകുന്നില്ല.  അതുപോലെ ഉണ്ടായതൊന്നും എന്നെന്നേക്കുമായി ഇല്ലായ്മയില്‍ മറഞ്ഞുപോകുന്നുമില്ല.  ഒരു ആകാരമോ പ്രകാരമോ വിട്ട് വേറൊരുരൂപം ആര്‍ജ്ജിക്കുന്നുവെന്നേ ഉള്ളു. അനുഭവവിദിതമായതെല്ലാറ്റിനും വ്യക്തമായ ഒരു കാരണവും കാര്യവുമുണ്ടായിരിക്കുന്നു.  കാര്യമായ എന്റെ ചൈതന്യത്തിനു കാരണം ‘ഞാന്‍’ തന്നെ. മെലുഖിന്റെ ഈ വാക്കുകളില്‍ നിന്ന് ഒരു കാര്യം നമുക്ക് നിര്‍ണയിക്കാം, കാര്യകാരണജ്ഞാനംതേടിയുള്ള നിരന്തരമായ ധ്യാനത്തില്‍ക്കൂടി ആ ഈശ്വരനിഷേധിയായ ശാസ്ത്രജ്ഞന്‍ ഒരു ഋഷിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പ്രപഞ്ചത്തിന്റെ അടിസ്ഥാന തത്ത്വം ദര്‍ശിച്ചിരിക്കുന്നുവെന്നും.  അതല്ലെങ്കില്‍ ആര്‍ഷദര്‍ശനങ്ങളോട് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇത്രമാത്രം കൃത്യതവരാന്‍ ന്യായമില്ല.
'അനാദിമത് പരംബ്രഹ്മം' (ഗീത) എന്ന പൂര്‍വാവസ്ഥ പ്രപഞ്ചത്തിന്റെ  മൂലകാരണമായിരുന്നു. അത് ചൈതന്യമായിട്ട് ശോഭിച്ചു. അത് ബ്രഹ്മത്തില്‍ വിലീനമായിരുന്ന മായയുടെ അഥവാ ശക്തിയുടെ ഊര്‍ജ്ജമായ ചൈതന്യമായിരുന്നു.  ഊര്‍ജ്ജത്തില്‍നിന്ന് പാരമാണ്വികപിണ്ഡം ആദിയില്‍ സംജാതമായതുപോലെ പാരമാണ്വികപിണ്ഡം ഊര്‍ജ്ജമായിട്ടും പരിണമിക്കാമെന്ന നൂതനതത്ത്വമനുസരിച്ച് ശക്തിയുടെ ചൈതന്യം പ്രപഞ്ചപിണ്ഡാണ്ഡങ്ങളിലേക്ക് വികസിച്ച് വ്യാപരിക്കുകയായിരുന്നു - ഊര്‍ജ്ജത്തില്‍നിന്ന് ദ്രവ്യത്തിലേക്കുള്ള മാറ്റത്തെ ഋഷിമാര്‍ ചിത്തില്‍നിന്ന് ജഡത്തിലേക്കുള്ള മാറ്റമെന്ന് നിര്‍വചിച്ചു.

No comments: