Friday, October 18, 2019

ഒരു രോഗിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ഹോസ്പിറ്റലും പ്രൈവറ്റ് ഹോസ്പിറ്റലും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം എന്താണെന്നോ? രോഗിവരുമ്പോള്‍ ഗവണ്‍മെന്‍റിന് അത് ഒരു രോഗിയാണ്. പ്രൈവറ്റിനാകട്ടെ അതൊരു കസ്റ്റമറാണ്. അതുപോലെ തന്നെയാണ് വിദ്യാലയങ്ങളുടെ കാര്യത്തിലും. ഗവണ്‍മെന്‍റിന് കുട്ടികള്‍ വിദ്യാര്‍ത്ഥികളാണ്. പ്രൈവറ്റിന് അവരുടെ കസ്റ്റമേഴ്സാണ്. അങ്ങനെവരുമ്പോള്‍ കച്ചവടതാല്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന വിദ്യാർത്ഥികളുടെയും രോഗികളുടെയും അവസ്ഥ എങ്ങനെയാകും? മുതല്‍മുടക്കുന്നയാളിൻറെ ലക്ഷ്യങ്ങള്‍ സാധിക്കുന്നതിനുള്ള ഉപകരണങ്ങളാകും അവരെല്ലാം! അങ്ങനെ ചിന്തയെയും ശരീരത്തെയും നാം പരന് വിട്ടുകൊടുക്കുന്നു! നമ്മുടെ സംസ്കാരത്തെ അവര്‍ മാറ്റിമറിക്കുകയാണുണ്ടാവുക.
മനുഷ്യന് ഏറ്റവും ആവശ്യമുള്ള കാര്യങ്ങള്‍ ഏതൊക്കെയാണോ അവയിലാണല്ലോ ബിസിനസ് സാദ്ധ്യത കൂടുതല്‍ ഉള്ളത്. വിദ്യാഭ്യാസം, ആരോഗ്യം ഇവയാണല്ലോ ആ രണ്ടെണ്ണം. ഇവയാകട്ടെ മനുഷ്യന്‍റെ ശാരീരികവും സാംസ്ക്കാരികവുമായ അവസ്ഥയെ സൃഷ്ടിക്കുന്നവയുമാണ്. എന്നതിനാല്‍ ഇവ രണ്ടും കച്ചവടവല്‍ക്കരിക്കപ്പെട്ടുകൂടാത്തതാണ്. അവ കച്ചവടവല്‍ക്കരിക്കുകയും മനുഷ്യന്‍റെ ശരീരത്തെയും പ്രകൃതത്തെയും വികലമാക്കുന്ന മദ്യശാലകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യുന്നതായാല്‍ ആ നാടിന്‍റെ സ്ഥിതി എന്താകും? രോഗികളെയും, ക്രിമിനലുകളെയും, മറ്റെന്തിനും മേലെ പണത്തിന് പ്രാധാന്യംകൊടുക്കുന്ന മാനസികരോഗികളെയും കൊണ്ട് നാട് ക്രമേണ നിറയുമല്ലോ! സംസ്കാരവും ആരോഗ്യവും നശിക്കുമല്ലോ!
പരിഹാരം ജനങ്ങളുടെ ഇടയിലാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളെയും സര്‍ക്കാര്‍ ആശുപത്രികളെയും ഉപയോഗിക്കുക, അവയെ വളര്‍ത്തുക. ജനങ്ങള്‍ പാര്‍ട്ടികളുടെ കപടസമരങ്ങളില്‍ അല്ല ഒത്തുചേരേണ്ടത്. നാടിന്‍റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്കുവേണ്ടിയാണ് ഒത്തുചേരേണ്ടത്.
ഓം.
krishnakumar kp

No comments: