Monday, February 11, 2019

അവതാരങ്ങളും കര്‍മ്മസിദ്ധാന്തങ്ങളും വെറും ഭ്രമം.

ജനുവരി 21, 2008
ജഢ സമ്പര്‍ക്കത്തിനു് വഴങ്ങാത്തതാണല്ലോ ജീവന്‍ അഥവാ ബോധം, പിന്നെ പഞ്ചഭൂതങ്ങളെ കൊണ്ടുള്ള ഈ ശരീരം എങ്ങനെ ജീവന്‍ സ്വീകരിച്ചു? ഈ ശരീരം എങ്ങനെ കിട്ടി? യാദൃശ്ചികമായി സംഭവിച്ചതാണോ? അതോ എന്തെങ്കിലും കാരണമുണ്ടോ? ശരീരമുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഇതു് അന്തര്‍മുഖമായി സത്യം അന്വേഷിച്ചാല്‍ മാത്രം അറിയുന്നതാണു്.
ഇവിടെ വസ്തു ഒന്നേയുള്ളൂ. ഉദാഹരണം സ്വര്‍ണ്ണം. മാലയുള്ളപ്പോള്‍ ഉള്ളതെന്ത്‌? സ്വര്‍ണ്ണം. മാലയില്ലാത്തപ്പോഴും ഉള്ളതെന്ത്‌? സ്വര്‍ണ്ണം. മാല വെറും ഭ്രമം. സ്വര്‍ണ്ണത്തിലുള്ള വെറും ഭ്രമം. സൂര്യനെന്ന രൂപത്തെ ഉണ്ടെന്നു തോന്നിപ്പിക്കുന്ന വസ്തുവെന്ത്‌ – ബോധം. സൂര്യന്‍ മാറുമ്പോഴും ആ രൂപം ഉണ്ടെന്നു് തോന്നിപ്പിച്ച വസ്തു ശേഷിക്കും. അതാണു് ബോധം. ഒരു കാര്യം ഉണ്ടു് എന്നു് തോന്നാന്‍ ഒരു വസ്തു വേണമല്ലോ. ആ കാര്യം ഇല്ലാതായാലും അതു് തോന്നാന്‍ ഒരു വസ്തു വേണമല്ലോ. ആ വസ്തുവാണു് ബോധം.
ഇവിടെ ബോധം മാത്രമേ ഉള്ളൂ. കര്‍മ്മസിദ്ധാന്തങ്ങള്‍ വെറും ഭ്രമം. അവതാരങ്ങള്‍ വെറും ഭ്രമം. അങ്ങനെയൊന്നില്ല. ഇതൊക്കെ ഒരാള്‍ സ്വപ്നം കാണുന്നതു പോലെ, സ്വപ്നം കാണുമ്പോള്‍ അനുഭവിക്കുന്നതു പോലെ. സ്വപ്നദൃഷ്ടാന്തത്തില്‍ സ്വപ്നം കാണുന്ന ആള്‍ ബോധം. സ്വപ്നം മിഥ്യ. സ്വപ്നത്തില്‍ കടുവയും കുതിരയുമൊക്കെ എങ്ങനെ ഉണ്ടായി? വെറും സങ്കല്‍പ്പങ്ങള്‍. ജഢം ഇല്ല. ബോധം മാത്രമാണു് ഉള്ളതു്. പലതു് തോന്നുന്നതു് ബോധത്തിലെ വെറും ഭ്രമം. ഈ തത്ത്വം എപ്പോഴും ഓര്‍മ്മിക്കൂ.

ഞാനും ഈശ്വരനും

ജനുവരി 13, 2008
ഈ പ്രപഞ്ചം അനുഭവിക്കുന്ന ആരുടെയും ഉള്ളില്‍ “ഞാന്‍” എന്ന ഘടകം ഇല്ലെന്നു വയ്‌ക്കുക ഈ ലോകം കാണുമോ? ഇല്ലേയില്ല. പ്രപഞ്ചത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തം അതനുഭവിക്കുന്നവരുടെ ഉള്ളിലെ “ഞാന്‍” ആണു്.
എന്നാല്‍ ‘ഞാന്‍’, ‘എന്റെതു്’ എന്ന ഈ പ്രത്യേകമായ ഞാന്‍(അഹന്ത) ഇല്ലത്തതാണു്. ഈ പ്രത്യേക ഞാനിനെ അന്വേഷിച്ചു് ഉള്ളിലേക്കു തിരിഞ്ഞാല്‍ അതു് മാറിപോകും. നമ്മുക്കു വേണ്ടാത്ത സങ്കല്‍പ്പങ്ങളെ ഒക്കെ മാറ്റി ഈ അഹന്തയെ അന്വേഷിക്കൂ, അഹന്ത മാറിപോകും. ഏതു് വികാരത്തെയും വിചാരത്തെയും ഉപേക്ഷിക്കുവാന്‍ കഴിയും. അവ ഉപേക്ഷിച്ചാല്‍ “ഞാന്‍”(awareness absolute) ശുദ്ധരൂപത്തില്‍ ബാക്കി നില്‍ക്കും. പ്രപഞ്ചം ഇല്ലേയില്ല എന്നു് ബോധ്യപ്പെടും. ഞാനിനെ അറിഞ്ഞവര്‍ക്കു് പ്രപഞ്ചം എന്ന ഒരേര്‍പ്പാടു് ഇന്നേവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.
ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്നഭാവമതു തോന്നയ്‌കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ, നാരായണായ നമ:

ഞാന്‍(അഹന്ത) എന്നുള്ള ഭാവം മാറ്റാന്‍ എല്ലാം ഈശ്വരമയമായി കാണുക. (ഈശ്വരന്‍ എന്നാല്‍ ബോധം അഥവാ ബ്രഹ്മം). എന്തു് നാമരൂപം കാണുന്നുവോ സകലതും ഈശ്വരന്‍. സത്യം അസത്യം, ധര്‍മ്മം അധര്‍മ്മം എന്നൊന്നും വേര്‍തിരിക്കാന്‍ പോകേണ്ട, എല്ലാം ഈശ്വരന്‍.
ഈശാ വാസ്യമിദം സര്‍വ്വം യത്‌ കിഞ്ച ജഗത്യാം ജഗത്‌” – ഈ പ്രപഞ്ചത്തില്‍ എന്തെന്തൊക്കെ അതിന്റെ ഭാഗമായി വര്‍ത്തിക്കുന്നുവോ ഇതെല്ലാം പരമകാരണമായ പരമാത്മാവിനാല്‍ അകവും പുറവും നിരഞ്ഞതായി കാണേണ്ടതാണു്(ഈശവാസ്യോപനിഷത്‌).
ഗുണദോഷവിവേചനമാണു് ദോഷം. ഇവ വിചാരം ചെയ്യാന്‍ പോയിട്ടു് കാര്യമില്ല. കാരണം വസ്തു ഒന്നേയുള്ളൂ. ഗുണവും ദോഷവും എന്നു കാണുന്നതാണു് ദോഷം. എല്ലാം ഒന്നു്. പിന്നെ നിങ്ങള്‍ എന്തിനു് ഗുണമെന്നും ദോഷമെന്നും വേര്‍തിരിക്കുവാന്‍ പോകുന്നു? എല്ലായിടവും നിറഞ്ഞു നില്‍ക്കുന്ന വസ്തു ഒന്നിലെങ്ങനെ കൂടിയും ഒന്നിലെങ്ങനെ കുറഞ്ഞും നില്‍ക്കും?
യാതൊന്നു കാണ്മതതു നാരായണപ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണശ്രുതികള്‍
യാതൊന്നു ചെയ്‌വതതു നാരായണര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമ:

ചിരകാലം എല്ലാം ഈശ്വരമയമാണെന്നു് മനസ്സിനെ പഠിപ്പിക്കുന്നതാണു് തപസ്സു് അഥവാ തപം.

ബോധം, ജഢം

ജനുവരി 7, 2008
ഉണ്ടു് എന്നറിയുന്നതാണു് ബോധം (അഥവാ ബ്രഹ്മം). ഉള്ളതു് ബോധം. ഞാനുണ്ടു് എന്നു് സ്വയം അറിയുന്നു, മറ്റെല്ലാത്തിന്റെയും ഉന്മ അറിയുന്നു. സ്വയം അറിയുന്നതു് ബോധം. ബോധം പ്രകാശമാണു്: എല്ലാത്തതിനെയും പ്രകാശിപ്പിക്കുന്നു, എല്ലാത്തിനെയും ഉള്ളതാക്കിതീര്‍ക്കുന്നു.
ഉണ്ടായി മറയുന്നതൊക്കെ ജഢം. ജഢം സ്വയം ഉണ്ടെന്നറിയുന്നില്ല. ഞാന്‍ (ബോധം) അറിയുന്ന വസ്തുക്കളാണു് ജഢം. ഉദാഹരണം: ‘എന്റെ മനസ്സ്‌’, ‘എന്റെ ഉടുപ്പു്’. ഇവിടെ മനസ്സിനു് സ്വയം അറിയുന്നതിനുള്ള കഴിവില്ല. അതിനാല്‍ അതു് ജഢം.
ഉള്ളതു് അതു് എപ്പോഴും ഉള്ളതായിരിക്കും. അതു് ഇല്ലാതാവില്ല. ഉള്ളതില്‍ നിന്നു് ഇല്ലാത്തതുണ്ടാവില്ല. ഇല്ലത്തതില്‍ നിന്നും ഉള്ളതുമുണ്ടാവില്ല. ഇവ രണ്ടും പരസ്പര വിരുദ്ധമാണു്, ഇരുട്ടും വെളിച്ചവും പോലെ. ബോധത്തില്‍ നിന്നു ജഢമോ, ജഢത്തില്‍ നിന്നു ബോധമോ ഉണ്ടാവാന്‍ പറ്റില്ല. ബോധവും ജഢവും കൂടികലരില്ല. എന്നാല്‍ ഇവ രണ്ടും കൂടിക്കലര്‍ന്നതുപോലെയാണു് നമ്മുടെ തോന്നല്‍. വെളിച്ചത്തിന്റെ കുറവുകൊണ്ടു് ഇരുട്ടെന്ന വസ്തുവുണ്ടെന്നു തോന്നുന്നു. യഥാര്‍ത്ഥത്തില്‍ ഇരുട്ടില്ല. ഇരുട്ടു് തോന്നലാണു്,  വെളിച്ചത്തിന്റെ അഭാവത്തില്‍ സംഭവിക്കുന്ന ഒരു ഭ്രമം.
ജഢം ഉള്ളതായി തോന്നുന്നു. യഥാര്‍ഥത്തില്‍ ജഢം ഇല്ലേയില്ല. വാസ്തവത്തില്‍ ഇവ (ഈ നാമരൂപ ജഢപ്രപഞ്ചം) ഉണ്ടായിട്ടില്ല. എങ്ങനെയുണ്ടാകും? പ്രകാശത്തില്‍ നിന്നും ഇരുട്ടോ? ഇവ ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ നശിക്കുന്നുമില്ല. ഇവ ഉണ്ടെന്നു തോന്നുന്നതു് വെറും ഭ്രമം. ഈ കാണപ്പെടുന്ന നാമരൂപങ്ങള്‍ മറഞ്ഞാലോ ബോധമവശേഷിക്കും. ബോധമെന്ന ഒരു വസ്തുവേ ഇവിടെയുള്ളൂ. “ഞാന്‍” അല്ലാത്ത എന്തിനേയും അഴിച്ചു മാറ്റുക, “ഞാന്‍” അവശേഷിക്കും. രാവണനായി അഭിനയിക്കുന്ന രാമന്‍പിള്ള വേഷങ്ങള്‍ അഴിച്ചുമാറ്റിയാല്‍ രാമന്‍പിള്ള മാത്രം അവശേഷിക്കും.
ബോധമുണ്ടോ ഈ ജഢപ്രപഞ്ചമുണ്ടു്. ബോധമില്ലേ ഈ ജഢപ്രപഞ്ചമില്ല. അതിനാല്‍ ജഢമെന്നു തോന്നിക്കുന്നതു ബോധം തന്നെ. “ബ്രഹ്മസത്യം ജഗത്‌ മിഥ്യ” – ബോധം ഉള്ളതു്, ജഢം ഇല്ലാത്തതു്. പിന്നെ ഈ പലതു കാണുന്നതു്? ജഢത്തിലെ വെറും ഭ്രമം.

കര്‍മ്മഗതി വെറും തോന്നല്‍

ജനുവരി 1, 2008
ഇന്നലെവരെ ചെയ്ത കര്‍മ്മം ഇന്നു് വെറും തോന്നല്‍. മരിക്കാറാവുമ്പോഴും ‘ഞാന്‍ (ശരീരം) ഉണ്ടു് എന്നതു് വെറും തോന്നലായി മാറും. അതുവരെ അനുഭവിച്ചതൊക്കെ തോന്നല്‍. ഇന്നലെ മരിച്ചയാള്‍ ഇന്ന്‌ എന്ത്‌? വെറും തോന്നല്‍. തോന്നല്‍ വന്നു, മറഞ്ഞു. പക്ഷെ ആ തോന്നലിനാധാരമായ ബോധം ഇപ്പൊഴും ബാക്കി നില്‍ക്കുന്നു. ഭൂതകാലം വെറും തോന്നല്‍. ‘ഇന്നലെ’ എവിടെ? മഹാനായ അക്ബര്‍ ചക്രവര്‍ത്തിയെവിടെ? ബോധത്തിലെ ഒരു തോന്നല്‍.
രണ്ടായാലും കര്‍മ്മഗതി തോന്നലാണ്‌. നിങ്ങള്‍ അറിഞ്ഞാലും അറിഞ്ഞില്ലങ്കിലും ഇത്‌ തോന്നലാണു്. നിങ്ങള്‍ ഇതറിഞ്ഞുകൊണ്ടു് ജീവിക്കൂ: ഭൂതവും, വര്‍ത്തമാനവും ഭാവിയും വെറും തോന്നല്‍ മാത്രം. കര്‍മ്മം മുഴുവന്‍ മനസ്സിന്റെ തോന്നലാണു്. കര്‍മ്മം മുഴുവന്‍ അസത്യം. നിരന്തരം മാറുന്ന കര്‍മ്മത്തില്‍ മാറ്റമില്ലാതെ നില്‍ക്കുന്നതു് ബോധം മാത്രം. ബോധം (അഥവാ ബ്രഹ്മം) മാത്രം സത്യം. അതുകൊണ്ടു് ബോധത്തിനു് കര്‍മ്മവുമായി യാതൊരു ബന്ധവുമില്ല.
പ്രത്യേക വസ്തുസത്തയില്ലാതെ ഉണ്ടെന്നുതോന്നി കുറച്ചു കഴിഞ്ഞില്ലാതാകുന്നതു് വെറും മായ – ബോധവസ്തുവിലെ വെറും മായ.

സത്യാസത്യ നിര്‍വ്വചനം

ഡിസംബര്‍ 29, 2007
വ്യക്തമായി നിര്‍വ്വചിക്കുക എന്താണ്‌ സത്യം, എന്താണ്‌ അസത്യം എന്നു്.
ഏതു് എപ്പോഴും എവിടെയും ഉണ്ട്‌ അതാണു് സത്യം. മുന്‍പേ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്‌ ഇനിമേലും ഉണ്ടായിരിക്കും.
ഇല്ലാതിരുന്നിട്ടു് ഉണ്ടെന്നു തോന്നുന്നു. ഉണ്ടെന്നു തോന്നിയിട്ടു് ഇല്ലാതാകുന്നു. ഇതു് അസത്യം.
ഏതു് എപ്പോഴും എവിടെയും ഉണ്ട്‌ അതാണു് സത്യം. അങ്ങനെ ഒരു വസ്തുവിനെ അന്വേഷിക്കൂ. (ചോദിക്കൂ) സൂര്യന്‍ സത്യമാണോ ? ശ്രീകൃഷ്ണന്‍ സത്യമാണോ ? (ശ്രീകൃഷ്ണന്‍ ഏകദേശം നൂറ്റിയിരുപത്തിയഞ്ചു വര്‍ഷം ജീവിച്ചിരുന്നതായി കരുതപ്പെടുന്നു). നൂറ്റിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ വസുദേവപുത്രനായ കൃഷ്ണന്‍ ഉണ്ടായിരുന്നോ ? ആ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞതിനുശേഷം കൃഷണനുണ്ടോ ? ഇപ്പോള്‍ കൃഷണനുണ്ടോ ? പിന്നെ കൃഷണനെങ്ങനെ സത്യമാകും ?
ഈ അസത്യനിര്‍വ്വചനത്തില്‍പ്പെടാത്ത എന്തെങ്കിലും ഈ പ്രപഞ്ചം എന്നു പറയുന്ന അനുഭവത്തില്‍ ഉണ്ടോ എന്നു പരിശോധിക്കുക.
sivaravaindam

No comments: