വെള്ളത്തില്‍ കുളിക്കാനിറങ്ങുന്നതു കുളിച്ചു കരയ്ക്കുകയറാന്‍ വേണ്ടിയാണ്, വെള്ളത്തില്‍ത്തന്നെ കിടക്കാനല്ല. അതുപോലെ ഗൃഹസ്ഥാശ്രമജീവിതത്തില്‍ പ്രവേശിക്കുന്നത് ഈശ്വരനിലേക്കെത്തുവാനുള്ള തടസ്സങ്ങളെ നീക്കംചെയ്യുവാനാണ്. 'എന്റെ' എന്ന ഭാവമാണു ബന്ധനത്തിനു കാരണം. അതു വിടാനുള്ള അവസരമായിവേണം ഗൃഹസ്ഥാശ്രമത്തെ കാണുവാന്‍. എന്റെ ഭാര്യ, എന്റെക ുട്ടി, എന്റെ അച്ഛന്‍, എന്റെ അമ്മ എന്നൊക്കെ നമ്മള്‍ ചിന്തിക്കുന്നു. വാസ്തവത്തില്‍ ഇവരൊക്കെ എന്റേതാണോ? എന്റെതാണെങ്കില്‍ അവരെപ്പോഴും എന്റെകൂടെ ഉണ്ടാകേണ്ടെ? അവരുടേതാണു ഞാന്‍ എങ്കില്‍ അവരോടൊപ്പം ഞാനെന്നും ഉണ്ടാകേണ്ടെ? ഈ തിരിച്ചറിവോടെ ജീവിതം നയിക്കുമ്പോള്‍ മാത്രമേ അതു ഗൃഹസ്ഥാശ്രമമാകുന്നുള്ളു, അവനവന്റെയുള്ളില്‍ ആദ്ധ്യാത്മികത ഉണര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. ഇതിനര്‍ത്ഥം കുടുംബപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്‍തിരിയണമെന്നല്ല. ചെയ്യേണ്ട കര്‍മ്മങ്ങള്‍ നമ്മുടെ കടമയെന്നുകണ്ടു സന്തോഷത്തോടെ നിര്‍വ്വഹിക്കുമ്പോഴും അവയില്‍ മനസ്സ് ബന്ധിക്കാതിരിക്കണം. ഈശ്വരന്‍ മാത്രമാണ് എന്റെ യഥാര്‍ത്ഥ ബന്ധു എന്നബോധം വേണം. ബന്ധങ്ങളും ഭൗതിക വസ്തുക്കളും എത്രയായാലും നമുക്ക് ദുഃഖം മാത്രമേ നല്‍കുകയുള്ളു.
ലോകത്തില്‍ നാനാ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുമ്പോഴും അതൊന്നും നിത്യമല്ലെന്നറിഞ്ഞ് ആത്മലോകത്തിലേക്കു പറന്നുയരാന്‍ ജാഗ്രതയോടെ കഴിയണം. അങ്ങനെയാകുമ്പോള്‍ ഒന്നിനും നമ്മെ ബന്ധിക്കുവാനോ ദുഃഖിപ്പിക്കുവാനോ കഴിയില്ല. അപ്പോഴാണ് ഗൃഹം ഗൃഹസ്ഥാശ്രമമാകുന്നത്.
No comments:
Post a Comment