Saturday, February 09, 2019

*ശ്രീമദ് ഭാഗവതം 57*

മനു തന്നെ പറയണത് അന്ത്യജാതപി എന്നാണ്. അന്ത്യജനാണെങ്കിൽ പോലും അധമ ജന്മത്തിൽ ജനിച്ചവനാണെങ്കിൽ പോലും ഈ സത്യം അറിഞ്ഞ ഒരാളുണ്ടെങ്കിൽ അങ്ങട് പോയിക്കൊള്ളുക. ഇവിടെ ദേവഹൂതിക്ക് അത്രയൊന്നും മെനക്കെടേണ്ടി വന്നില്ല്യ. വിഷമം ണ്ടായില്ല്യ. പക്ഷേ മെനക്കെട്ടു കിട്ടിയാലും മെനക്കെടാതെ കിട്ടിയാലും നമുക്ക് പക്വമായാലേ കിട്ടുള്ളൂ. കൃഷ്ണനെ എത്ര പേര് പരിചയപ്പെട്ടു.  ഒരേ ഒരാൾക്കാണ് ഗീത കൊടുത്തത്. അർജുനന്. അർജുനനും സമയം ആയപ്പോഴേ കിട്ടിയുള്ളൂ. അതുകൊണ്ട് ബന്ധുക്കളാണെന്നോ സുഹൃത്തുക്കളാണെന്നോ അടുത്ത് തന്നെ ഉണ്ടെന്നോ വിചാരിച്ചാൽ പോലും ചിലപ്പോ കിട്ടില്ല്യ. അതിനുള്ള പക്വത ഉണ്ടാവണം. അറിയണം.


സ്വസുതം ദേവഹൂതി ആഹ ധാതുസ്സംസ്മരതീ വച:

എനിക്ക് ഉപദേശിക്കൂ എന്ന് ദേവഹൂതി  പ്രാർത്ഥിച്ചു.

അപ്പോ കപിലഭഗവാൻ അമ്മയ്ക്ക് ഉപദേശിക്കണു.
ചേത: ഖല്വസ്യ ബന്ധായ മുക്തയേ ച ആത്മനോ മതം.
ഗുണേഷു സക്തം ബന്ധായ രതം വാ പുംസി മുക്തയേ.
നമുക്ക് ആകെയുള്ള ഉപകരണം എന്താ മനസ്സ്. മനസ്സ് കൊണ്ടാണ് ലൗകിക വ്യവഹാരം ഒക്കെ നടക്കണത്. ഭക്തി ചെയ്യാനും മനസ്സ് വേണം. ഭഗവദ് മാർഗ്ഗത്തെ ഉപയോഗപ്പെടുത്തിയാൽ അതില് പോയി ഒട്ടി നില്ക്കും. വിഷയങ്ങളെ ഉപയോഗപ്പെടുത്തിയാൽ അതിനോട് ചേർന്ന് നില്ക്കും. മനസ്സ് എന്ന് പറയുന്നത് ജഡം ആണ്.

മതിരിഹ ഗുണസക്താ ബന്ധകൃത്
തേഷു അസക്താ

പുറം വിഷയങ്ങളിൽ നിന്ന് വിട്ടാലോ  അമൃതകൃത് പതുക്കെ പതുക്കെ പതുക്കെ  അത് മരണം ഇല്ലാത്ത വസ്തുവിനെ അനുഭവിക്കും. ഭഗവാനെ അനുഭവിക്കും. ഭക്തിയോഗസ്ത്യസക്തിം. പക്ഷേ വിഷയങ്ങളെ ഒക്കെ ഉപേക്ഷിക്കണം. മനസ്സിനെ ഇതിൽ നിന്നും വലിച്ചു കൊണ്ട് വരാൻ വലിയ വിഷമമാണ്. ഇഷ്ടപ്പെട്ട വസ്തുവിനെ ധ്യാനിക്കാൻ മനസ്സിന് പറഞ്ഞു കൊടുക്കേ വേണ്ടാ. ഇപ്പൊ ഗുരുവായൂരപ്പനെ ധ്യാനിക്കാൻ പറ്റണില്ല്യ എന്ന് പറയും. അതേ ആൾക്ക് ഭാര്യയെ ധ്യാനിക്കാനോ ഭർത്താവിനെ ധ്യാനിക്കാനോ കുട്ടികളെ ധ്യാനിക്കാനോ വിഷമം ഇല്ല്യ. എന്തുകൊണ്ടാ അവിടെ ഇഷ്ടം ണ്ട്. ചില കാര്യങ്ങളിലൊക്കെ മനസ്സ് വഴങ്ങും.

ഒന്ന് സൗന്ദര്യം, എവിടെയെങ്കിലും സൗന്ദര്യം ഉണ്ടെങ്കിൽ മനസ്സ് അവിടെ തനിയെ പോയി നില്ക്കും.  രണ്ട്,എന്തിലെങ്കിലും സുഖം ഉണ്ടെങ്കിലും മനസ്സിന് പറഞ്ഞു കൊടുക്കേണ്ട. അവിടെ പോയി നില്ക്കും.  അതേ പോലെ നമുക്ക് എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കിലും മനസ്സ് അവിടെ പോയി നില്ക്കും.

അപ്പോ ഇതേ മനസ്സ് ഭഗവാനിൽ നില്ക്കണമെങ്കിൽ എന്തു വേണം? ഭഗവാനിൽ സൗന്ദര്യം കാണണം. ഭഗവാനിൽ സുഖം അനുഭവിക്കണം. ഭഗവാനെ കൊണ്ട് വേണം സകല കാര്യങ്ങളും നടക്കാനെന്നുള്ള ഭാവവും ണ്ടാവണം. ഈ മൂന്നു വസ്തു സ്ഥിതി ഉണ്ടാകാതെ മനസ്സിനെ പിടിച്ചു നിർത്തിയാലും അത് ഓടി പ്പോകും. 

നമ്മള് എത്ര മെനക്കെട്ട് ഒരു രൂപത്തിനെ ഒക്കെ കൊടുത്ത് പ്രാണായാമം ഒക്കെ ചെയ്ത് കണ്ണടച്ച് ഇരിക്കണു. കാല് മുതൽ തല വരെ നോക്ക്വാ, തല മുതൽ കാല് വരെ നോക്ക്വാ ധ്യാനിക്കാൻ മനസ്സിനെ പിടിച്ചു നിർത്തിയാലും വേറെ എന്തെങ്കിലുമൊക്കെ കണ്ടാൽ അങ്ങട് ഓടി പ്പോകും. ഇഷ്ടണ്ടെങ്കിൽ ഓടി പ്പോവും. ആസക്തി ണ്ടെങ്കിൽ ഓടി പ്പോവും.
ശ്രീനൊച്ചൂർജി
 *തുടരും. ....*

No comments: