Saturday, February 09, 2019

ഇന്ന് വസന്തപഞ്ചമി. മാഘമാസത്തിലെ അഞ്ചാംനാള്‍. പ്രകൃതിയും മനുഷ്യനും മഞ്ഞ നിറത്തിലാറാടുന്ന ആഘോഷത്തിമിര്‍പ്പാണ് വസന്തപഞ്ചമിയുടെ കാതല്‍. മഴയും മഞ്ഞും മാറി, വസന്തത്തിന്റെ വരവറിയിച്ചെത്തുന്ന പഞ്ചമിയില്‍ ആഘോഷങ്ങളിലെ വൈവിധ്യവും ശ്രദ്ധേയം.  കടുകുപാ
ടങ്ങള്‍ പൂത്തുലയുന്ന  പഞ്ചാബിലും ഹരിയാനയിലും  പട്ടം പറത്തിയാണ് ആഘോഷം. ഉത്തരേന്ത്യയിലെ  മറ്റിടങ്ങളില്‍ സരസ്വതീ ഇന്ന് പൂജയാണ്. 
മലയാളികള്‍ക്ക് വസന്തപഞ്ചമി ആഘോഷമല്ലെങ്കിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് പതിവുണ്ട്. സ്‌കൂളുകളിലും ആരാധനാലയങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ടാകും. പുസ്തകങ്ങളും സംഗീതോപകരണങ്ങളും സരസ്വതീ ദേവിക്കു മുമ്പില്‍ പൂജിക്കും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭാരംഭങ്ങള്‍ക്കും വസന്തപഞ്ചമി ശ്രേഷ്ഠമത്രേ. 
മഞ്ഞപ്പൂക്കളാണ് സരസ്വതീ ദേവിക്ക് ഈ നാളില്‍ അര്‍ച്ചനയ്‌ക്കെടുക്കുക. കേസരി ഷീര, ബൂന്ദി ലഡു, രാജ്‌ഭോഗ് തുടങ്ങി ദേവിക്കുള്ള നിവേദ്യങ്ങളും മഞ്ഞനിറത്തില്‍. സ ്ത്രീപുരുഷഭേദമില്ലാതെ എല്ലാവരും ധരിക്കുന്നതും മഞ്ഞ വസ്ത്രങ്ങള്‍.    
ആര്യന്മാരുടെ കാലത്താണ് വസന്തപഞ്ചമി ആഘോഷിച്ചു തുടങ്ങിയതെന്ന് വിശ്വാസം.  സരസ്വതീ നദിയുടെ  തടത്തിലായിരുന്നു ആര്യസംസ്‌കൃതിയുടെ വികാസം. 
അറിവിന്റെയും സമൃദ്ധിയുടേയും ദേവതയായി അവര്‍ സരസ്വതിയെ ആരാധിച്ചു. അത് തലമുറകളിലേക്ക് പകര്‍ന്നു പോന്നു. പഞ്ചാബിലും സമീപദേശങ്ങളിലും വസന്തപഞ്ചമി  പ്രകൃതിയോട് സമരസപ്പെടുന്നതിന്റെ പുരാവൃത്തം ഇതാണ്.  മഹാകവി കാളിദാസന് അജ്ഞത മാറി സരസ്വതീകടാക്ഷം ലഭിച്ച കഥയാണ് ബംഗാളിലും മറ്റിടങ്ങളിലും ഇതേനാളിലെത്തുന്ന സരസ്വതീ പൂജയ്ക്ക് ആധാരം. പ്രയാഗിലെ കുംഭമേളയില്‍ രണ്ടു കോടിയലേറെപ്പേര്‍ ഇന്ന് സ്‌നാനത്തിനെത്തുമെന്നതും വസന്തപഞ്ചമിക്ക് മികവേറ്റുന്നു.  നേപ്പാളിലും ഇന്ന് സരസ്വതീ പൂജയാഘോഷിക്കും. നേപ്പാളികള്‍ ക്ഷേത്രമതിലുകളിലാണ് കുട്ടികളെക്കൊണ്ട് ആദ്യാക്ഷരമെഴുതിക്കുക. 
അടുത്ത കാലം വരെ പാക് പഞ്ചാബിലും ലാഹോറിലുമുണ്ടായിരുന്നു പട്ടം പറത്തി വസന്തപഞ്ചമി ആഘോഷം.
 gp

No comments: