Sunday, February 10, 2019

*ശ്രീമദ് ഭാഗവതം 58*

ഈ മൂന്നു കാര്യം ദൃഢമാവണം. ഒന്ന് സൗന്ദര്യം, രണ്ട് സുഖം, മൂന്ന് കാര്യം നടക്കൽ. സകല കാര്യവും നടക്കാൻ ആകെയുള്ള സോഴ്സ് ഭഗവാൻ മാത്രേ ഉള്ളൂ എന്നറിയണം. ഗജേന്ദ്രനെ പോലെ അറിയണം. ഗോപികകളെപ്പോലെ ഭഗവാന്റെ സൗന്ദര്യം കണ്ട് മയങ്ങണം രമിക്കണം . ആശ്രയിക്കാൻ ഭഗവാനേ ഉള്ളൂ എന്ന് ഗജേന്ദ്രനെ പ്പോലെയും ദ്രൗപദിയെപ്പോലെയും അറിയണം. അതേപോലെ സുഖവും ഭഗവാനിൽ മാത്രേ ഉള്ളൂ എന്നറിയണം. ഈ മൂന്നും ഉണ്ടെങ്കിൽ മനസ്സ് ഭഗവാനിൽ നില്ക്കും. ഈ മൂന്നും തരുന്നതാണ് ഭക്തി.

അപ്പോ ഭക്തി ആസക്തിയുടെ മാർഗ്ഗം ആണ്. അനാസക്തിയുടെ മാർഗ്ഗം ആണ് ജ്ഞാനം. ഗീതയില് ഭഗവാൻ മയ്യാസക്ത മന: പാർത്ഥാ എന്ന് പറഞ്ഞു. എന്നിൽ ആസക്തി വെയ്ക്കൂ എന്നാണ്. ഭക്തി വെയ്ക്കൂ എന്ന് പറഞ്ഞാൽ മനസ്സിലാവില്ല്യ. ഭക്തി എന്നാൽ എന്താ നമ്മള് ധരിച്ച് വെച്ചിരിക്കുന്നത്. ഗുരുവായൂരപ്പന്റെ നടയിൽ പോയി ക്യൂവിൽ നില്ക്കും. എന്നിട്ട് അവിടെ നിലക്കണവരെ കുറേ ചീത്ത പറയും. തിരക്ക് കൂട്ടണ്ടാ ന്ന് പറയും എന്നിട്ട് ഇടിക്കും. തൊഴുതിട്ട് വരും. തിരക്ക് കൂട്ടണ്ട ഭക്തജനങ്ങളെ എന്നൊക്കെ അനൗൺസ്മെന്റ് വരും. ഭക്തി ഉള്ളത് ആർക്കാണെന്ന് ആർക്കറിയാം. ഭഗവാന് അറിയാം ല്ലേ. നമുക്ക് ഭക്തന്മാരാണ് എന്നൊക്കെ ധരിക്കാം. രുദ്രാക്ഷമാല ഒക്കെ ഇടാം. ഭക്തി ഉണ്ടോ എന്ന് ഭഗവാനേ അറിയുള്ളൂ.

ഭാവഗ്രാഹി ജനാർദ്ദനാ. ഭഗവാനോടുള്ള ആസക്തി ആയിട്ട് പരിണമിക്കണം നമ്മുടെ ഭക്തി. ആസക്തി ണ്ടായി ഗോപികളെ പോലെ ആവണം.  ആരെങ്കിലും ഗോപികകൾക്ക് മെഡിറ്റേഷൻ ക്ലാസ്സ് എടുത്ത് കൊടുത്ത് ധ്യാനിക്കൂ എന്ന് പറഞ്ഞുവോ. ഗോപികകള് പറയണത് അവനെ ഒന്ന് മറന്നു കിട്ടിയാൽ വേണ്ടില്ല്യാന്നാണ്. ഞങ്ങൾക്കീ ലോകത്തില് ഒരു കാര്യവും നടക്കണില്ല്യ. ഒന്ന് മറന്നാൽ വേണ്ടില്ല്യ. മറക്കാൻ പറ്റണില്ല്യല്ലോ. ഓർമ്മ വന്നു കൊണ്ടേ ഇരിക്കുണു. ഭഗവാന്റെ ദിവ്യസൗന്ദര്യം കണ്ടിട്ട് .

അത്തരത്തിൽ ഒരു പ്രിയം സൗന്ദര്യോ ത്തതരതോഽപി  സുന്ദരതരം ത്വദ് രൂപം. ഭഗവാന്റെ അലൗകികമായ സൗന്ദര്യം. അങ്ങനെ എല്ലാത്തിനേക്കാളും സുന്ദരമായ ഒരു വസ്തു കണ്ടാലോ മനസ്സ് പിന്നെ അതിനെ വിട്ട് ചലിക്കേ ഇല്ല്യ.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: