Saturday, February 02, 2019

ബ്രഹ്മസൂത്ര പഠനം സുഗമമാകണമെങ്കില്‍ ശങ്കരഭാഷ്യസഹായം വേണം. സൂത്രത്തിന്റെ ഭാഷ്യത്തിലേക്ക് കടക്കും മുമ്പ് ആചാര്യ സ്വാമികള്‍ അതിന് അധ്യാസഭാഷ്യം രചിച്ചിട്ടുണ്ട്. അധ്യാസ ഭാഷ്യപഠനം ഒരു തയ്യാറെടുപ്പും വിഷയത്തിന്റെ ഗൗരവത്തെ അറിഞ്ഞ് ബ്രഹ്മസൂത്രത്തെ വേണ്ടവിധത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമാണ്.
എന്താണ് അധ്യാസം?
ഒന്നില്‍ മറ്റൊന്നിന്റെ ധര്‍മ്മങ്ങളെ കല്‍പ്പിക്കുന്നതിനെയാണ് അധ്യാസം എന്ന് പറയുന്നത്.മുമ്പ് കണ്ടിട്ടുള്ളതും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതുമായ വിഷയങ്ങള്‍ ഏതെങ്കിലുമൊരു ഉപാധിയില്‍ പ്രകാശിക്കുന്നതാണ് അധ്യാസം.പാമ്പിനെ കണ്ടിട്ടുള്ളയാള്‍ അതിന്റെ ഓര്‍മ്മയില്‍ അരണ്ട വെളിച്ചത്തിലോ മറ്റോ കയര്‍ കിടക്കുന്നത് കാണുമ്പോള്‍ അതിനെ പാമ്പെന്ന് തെറ്റിദ്ധരിക്കുന്നു. പാമ്പിനെ കയറില്‍ ആരോപിക്കുകയാണ് ചെയ്യുന്നത്. ഇതാണ് അധ്യാസം.
ഒന്നിന്റെ ധര്‍മ്മത്തെ മറ്റൊന്നില്‍ ആരോപിക്കുന്നതിനെയാണ് അധ്യാസമെന്ന് ചിലര്‍ പറയുന്നു. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ വിഷയി ധര്‍മ്മങ്ങളെ വിഷയത്തില്‍ ആരോപിക്കുന്നതാണ് അധ്യാസം.അന്യോന്യം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഒന്നിനെ കാണുമ്പോള്‍ മറ്റൊന്നായി കരുതുന്ന ഭ്രമമാണ് അധ്യാസമെന്ന് മറ്റു ചിലര്‍ പറയുന്നു. 
ഒന്നില്‍ മറ്റൊന്നിന്റെ വിപരീത ധര്‍മ്മങ്ങളെ ആരോപിച്ച് തെറ്റിദ്ധരിക്കുന്നതാണ് അധ്യാസമെന്ന് വേറെ ചിലര്‍ വാദിക്കുന്നു.കടല്‍കരയിലോ മറ്റോ മുത്തുച്ചിപ്പി കിടന്ന് തിളങ്ങുന്നതു കണ്ടപ്പോള്‍ വെള്ളിയാണെന്ന് തെറ്റിദ്ധരിച്ച് എടുക്കാന്‍ ഓടുന്ന പോലെയാണിത്. കണ്‍പോളയ്ക്ക് മുകളിലോ മറ്റോ കൈ വച്ച് നോക്കുമ്പോള്‍ മുന്നിലുള്ളതെല്ലാം രണ്ടെന്നു തോന്നും. ഒരേചന്ദ്രനെ രണ്ടായി കാണുന്നതും അധ്യാസത്തില്‍പ്പെടുത്തുന്നു.
 വാസ്തവത്തില്‍ ഇല്ലാത്തതിനെ സത്യമെന്ന് കരുതി തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നത്.ഈ ലോകത്തിലെ സകല വ്യവഹാരങ്ങളും അതിനനുസരിച്ചാണ്. സത്യമേതാണ് വാസ്തവില്ലാത്തത് (മിഥ്യ ) ഏതാണെന്ന് തിരിച്ചറിയുന്നില്ല. സത്യത്തെയും മിഥ്യയേയും കൂട്ടിച്ചേര്‍ത്ത് എല്ലാം ചെയ്യുന്നു. ഇത് ഞാനാണ്, ഇത് എന്റേതാണ് എന്നിങ്ങനെ പലതും തെറ്റായി കരുതുന്നു.
ചേതനം എന്നും ജഡം എന്നും രണ്ട് പദാര്‍ത്ഥങ്ങളാണ് ലോകത്ത് ഉള്ളത്. ഇവ രണ്ടും വ്യത്യസ്ത സ്വഭാവമുള്ളവയാണ്. ചേതനമായതിനെയാണ് ഞാന്‍ (അസ്മത്) എന്ന് വിശേഷിപ്പിക്കുന്നത്. അതിനെ ജ്ഞാതാവ് എന്ന് പറയുന്നു.
ചേതനയല്ലാത്ത അഥവാ ജഡമായതിനെ നീ എന്നോ നിങ്ങള്‍ എന്നോ (യുഷ്മത്) വിശേഷിപ്പിക്കുന്നു. ഇത് ജ്ഞേയം ആണ്.ഇവ അന്യോന്യ വിരുദ്ധ സ്വഭാവങ്ങളോടുകൂടിയവയാണ്. ഇവയ്ക്ക് ചേര്‍ന്നിരിക്കാനാവില്ല. ഇരുട്ടും വെളിച്ചവും പരസ്പരം ചേരാത്തതുപോലെയാണിത്. എന്നാല്‍ ലോകത്തില്‍ ഇവയെ കൂട്ടിച്ചേര്‍ത്ത് വ്യവഹരിക്കുവാനാണ് പണിപ്പെടുന്നത്. ഇവ തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലാത്തതിനാലാണ് പ്രശ്‌നം. ഇങ്ങനെ കൂട്ടിച്ചേര്‍ക്കാന്‍ നോക്കുമ്പോഴാണ് സത്യത്തെ മിഥ്യയായി തെറ്റിദ്ധരിക്കുന്നത്.
അപ്രകാരമുള്ള തെറ്റിദ്ധാരണയെയാണ് അധ്യാസമായി പറയുന്നത്. അവിദ്യ, മായ എന്നിങ്ങനെയും അധ്യാസത്തെ വിശേഷിപ്പിക്കുന്നു. പ്രത്യക്ഷ അനുഭവമല്ലാത്ത ആത്മാവില്‍ പോലും അധ്യാസം ഉണ്ടാകുന്നു.
ഇന്ദ്രിയ പ്രത്യക്ഷമല്ലാത്ത ആത്മാവില്‍ എങ്ങനെയാണ് ഇന്ദ്രിയ പ്രത്യക്ഷമായ വിഷയ ആരോപിക്കുന്നത്?ആര്‍ക്കും കാണാര്‍ സാധിക്കാത്ത, ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാന്‍ കഴിയാത്ത ആത്മാവില്‍ എങ്ങനെയാണ് വിഷയങ്ങളെ ആരോപിക്കുക എന്നത് വളരെ പ്രസക്തമായ ചോദ്യമാണ് മുന്നില്‍ കാണുന്നവയിലാണ് മറ്റ് വിഷയങ്ങളുടെ ധര്‍മ്മങ്ങളെ ആരോപിക്കാന്‍ കഴിയുക. മുന്നില്‍ കാണാനാകാത്ത പ്രത്യഗാത്മാവില്‍ എങ്ങിനെയാണ് മറ്റു വിഷയധര്‍മങ്ങളെ ആരോപിക്കാന്‍ കഴിയുക.
 ആത്മാവിനെ വിഷയമാക്കാന്‍ പറ്റില്ല. അത് ഞാന്‍ എന്ന അനുഭവമായിരിക്കുന്നതാണ്. പ്രത്യക്ഷ അനുഭവമല്ലാത്ത ആത്മാവിലും അധ്യാസം ഉണ്ടാകും.ഇതിനെയാണ് അറിവുള്ളവര്‍ അവിദ്യയായി പറഞ്ഞത്.
janmabhumi

No comments: