Saturday, February 09, 2019

രജത് കുമാര്‍ റായുടെ  ജീവിതത്തിന്റെ ഗതിമാറ്റിയതൊരു സ്വപ്നമായിരുന്നു. മരണവും ദൈവത്തെ മുഖാമുഖം കണ്ടതും സ്വപ്
നമായി റായ് ഉറക്കത്തിലുപേക്ഷിച്ചില്ല. ഉപേക്ഷിച്ചത് ലൗകിക ജീവിതം. സ്വീകരിച്ചത് സംന്യാസം. അതും സന്യാസ  പരമ്പരയില്‍ ഏറ്റവും ശ്രമകരമായ നാഗന്മാരുടെ മാര്‍ഗം. മറൈന്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി റായ് ഗുജറാത്തിലെ കച്ചില്‍ നിന്ന് യാത്ര തിരിച്ചത് നല്ലൊരു ജോലി തേടിയല്ല.  നിഗൂഢതകള്‍ നിറഞ്ഞ നാഗസംന്യാസിമാരുടെ ലോകമായിരുന്നു ലക്ഷ്യം. അവരിലൊരാളാവാനുള്ള പ്രയാണം. 
മാനേജ്മെന്റ് ബിരുദവുമായി ശംഭുഗിരിയും, പന്ത്രണ്ടാം  ക്ലാസ് പരീക്ഷയിലെ റാങ്കിന്റെ തിളക്കമുപേക്ഷിച്ച ഘനശ്യാം ഗിരിയും ഇതേ പാതയിലെത്തിയവര്‍. സ്വന്തം പിണ്ഡദാനം നടത്തി, കുടുംബമുപേക്ഷിച്ച്, ഭോഗവും സുഖവും വെടിഞ്ഞ് സംന്യാസത്തിനുള്ള  വര്‍ഷങ്ങള്‍ നീണ്ട  കഠിന പരീക്ഷണങ്ങള്‍. അതെല്ലാം കഴിഞ്ഞ് ഈ വര്‍ഷം യുപിയിലെ പ്രയാഗില്‍  കുംഭമേളയ്ക്ക് അവരെത്തി. പതിനായിരങ്ങള്‍ക്കൊപ്പം, നാഗസംന്യാസിയായി ദീക്ഷ സ്വീകരിക്കാന്‍. പലരും സമ്പന്നമായ കുടുംബ പശ്ചാത്തലമുള്ളവര്‍. ഉന്നത ബിരുദങ്ങള്‍ ഇട്ടെറിഞ്ഞു പോന്നവര്‍. 
വിവസ്ത്രരായി (നാമമാത്രമായി വസ്ത്രം ധരിക്കുന്നവരുമുണ്ട്), ദേഹം മുഴുവന്‍ ഭസ്മം പൂശി, കടുത്ത ധ്യാനമിരുന്ന് സനാതനധര്‍മം കാത്തുപോരുന്ന സംന്യാസി സമൂഹമാണ് നാഗന്മാര്‍. അചഞ്ചലരായ ശിവഭക്തസമൂഹം. കുംഭമേളയ്ക്കുമാത്രമേ പരിഷ്‌കൃത സമൂഹവുമായി സഹവാസമുള്ളൂ. അപ്പോള്‍  മാത്രം പു
റം ലോകം കാണുന്നവര്‍. അടിമുടി ഭസ്മം പൂശിയ ദേഹം. കഴുത്തില്‍ നിറയെ രുദ്രാക്ഷമാലകള്‍, അഗ്‌നി ജ്വലിക്കുന്ന കണ്ണുകള്‍, നീണ്ട ജഡയും . നാഗസംന്യാസിയുടെ രൂപസവിശേഷതയാണിത്. നാഗന്മാരുടെ തപശ്ശക്തിയുടെ തീഷ്ണ പ്രസരണം സാമീപ്യം കൊണ്ട് അറിയാനാവും. നിഗൂഢമാണ് ഇവരുടെ ജീവിതചര്യ. ആത്മപീ
ഡയിലൂടെ നേടുന്ന ആത്മീയ സാക്ഷാത്ക്കാരം. കുംഭമേളകളില്‍ ഷാഹിസ്നാനത്തിന് അവരെത്തുന്നത്  വാര്‍ത്തയും കാഴ്ചയുമാണ് മറ്റുള്ളവര്‍ക്ക്. 
ഹൈന്ദവധര്‍മ സംരക്ഷണത്തിന് ആദിശങ്കരന്‍ രൂപം നല്‍കിയ ദശനാമി സംന്യാസി സമൂഹ(അഖാഡ) ത്തില്‍ ഒരു വിഭാഗമാണ്  ദിഗംബരന്മാരായ നാഗസംന്യാസിമാര്‍. അസ്ത്രധാരിളെന്നും ശാസ്ത്രധാരികളെന്നും രണ്ടു വിഭാഗമായി തിരിച്ചായിരുന്നു അഖാഡകളുടെ ക്രോഡീകരണം. അവയില്‍ തന്നെ, ശൈവ, വൈഷ്ണവ വിഭാഗങ്ങളെന്ന് അഖാഡകള്‍ക്ക്  വീണ്ടും വകഭേഭങ്ങള്‍ കാണാം.  
വൈദേശികാധിനിവേശത്തില്‍ ഹിന്ദു സമൂഹം അപചയം നേരിട്ടപ്പോള്‍ അതിനെ പ്രതിരോധിച്ച് സനാതന ധര്‍മം സംരക്ഷിക്കാന്‍ നാഗസംന്യാസിമാരെയായിരുന്നു ആദി ശങ്കരാചാര്യര്‍ നിയോഗിച്ചതച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.  ആയുധ പരിശീലനം നേടിയ നാഗസംന്യാസിമാര്‍ അമ്പലങ്ങളും മഠങ്ങളും തകര്‍ക്കാനെത്തിയ മുസ്ലിം ഭരണാധികാരികളെ  ആയുധം കൊണ്ടു നേരിട്ടു. 1664 ല്‍ ഔറംഗസേബിന്റെ സൈന്യാധിപനായിരുന്ന ഇര്‍സാ അലി തുറാങ്ങ്, കാശിവിശ്വനാഥ ക്ഷേത്രം തകര്‍ക്കാനെത്തിയപ്പോഴും 1666 ല്‍ ഹരിദ്വാര്‍ ആക്രമിച്ചപ്പോഴും തുരത്തിയോടിച്ചത് അസ്ത്രധാരികളായ ഈ സംന്യാസി സമൂഹമാണ്. വാള്‍, ശൂലം, അമ്പ്, വില്ല്, ഗദ ഇവയിലെല്ലാം വിദഗ്ധ പരിശീലനം നേടിയവരായിരുന്നു നാഗസംന്യാസിമാര്‍. 
ഇപ്പോഴും പ്രതീകാത്മകമായി ശൂലമോ, വാളോ കൈയിലേന്തിയാണ് നാഗസംന്യാസിമാര്‍ കുംഭമേളയ്ക്കെത്തുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംന്യാസിമാര്‍ ദീക്ഷ സ്വീകരിക്കുന്നത് നാഗന്മാരുടെ ജുന അഖാഡയിലാണ്. സംഖ്യാബലത്തിലും മുമ്പിലാണ് ജുനാ . 
ഗുരുവിന് കീഴില്‍ കഠിന, ബ്രഹ്മചര്യത്തിലൂടെ, നിരന്തര സാധനകളിലൂടെ ലൗകിക ജീവിതത്തില്‍ നിന്ന് വിമുക്തി നേടുമ്പോഴേ ദീക്ഷയ്ക്ക് അവര്‍ പാകപ്പെടുന്നുള്ളൂ. ബ്രഹ്മചര്യത്തിനുള്ള സാധന ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീളും. അതു കഴിഞ്ഞാണ് ദീക്ഷ ചടങ്ങുകള്‍. അഞ്ചു ഗുരുക്കന്മാര്‍ക്ക് കീഴില്‍ 'പഞ്ച് സന്‍സ്‌കാര്‍' എന്ന പേരില്‍ വിവിധങ്ങളായ  ആധ്യാത്മിക ചടങ്ങുകളുണ്ടാവും. 
ആദ്യം മുഖ്യഗുരുവിന്റെ മേല്‍നോട്ടത്തില്‍  മുണ്ഡനം. തുടര്‍ന്ന്  ഭാഗ്വാ ഗുരു കാഷായ വസ്ത്രം സമ്മാനിക്കും. രുദ്രാക്ഷ ഗുരു രുദ്രാക്ഷങ്ങള്‍ നല്‍കും. വിഭൂതി ഗുരു ദേഹം മുഴുവന്‍ ഭസ്മം പുരട്ടി നല്‍കും. ശരീരത്തിലെ അവസാന വസ്ത്രവും എടുത്തു മാറ്റാനുള്ള നിയോഗം ലങ്കോട്ട് ഗുരുവിനാണ്. അഖാരയുടെ പരമാചാര്യനായ  മഹാമണ്ഡലേശ്വര്‍ നടത്തുന്ന 'വിരാജഹോമ ശങ്കര്‍'  ആണ് മറ്റൊരു ചടങ്ങ്. 
അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങളിലെ പൂര്‍വികര്‍ക്കും പിണ്ഡദാന നടത്തുന്ന ചടങ്ങാണിത്. സ്വന്തം പിണ്ഡദാനവും ഇതോടൊപ്പം നടക്കും. അതോടെ പഞ്ച സന്‍സ്‌കാര്‍ പൂര്‍ണമാകുന്നു. തുടര്‍ന്ന്  ദീക്ഷ സ്വീകരിച്ച് ലൗകിക ജീവിതത്തില്‍ നിന്ന് പൂ
ര്‍ണ മുക്തനായി സംന്യാസത്തിലേക്ക്. 
അഖാരധ്വജത്തിന് കീഴില്‍ ആറാമത്തെ ഗുരുവാണ് നാഗസംന്യാസിയായുള്ള പ്രഖ്യാപനം നടത്തുക. ഇതിന്റെ പരമാധികാരം അഖാഡകളുടെ കൂട്ടായ്മയായ അഖിലഭാരതീയ അഖാഡാ പരിഷത്തിനാണ്.  
ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളിലേക്ക് വിവിധ നിയോഗങ്ങളുമായി  ദീക്ഷയ്ക്കു ശേഷം നാഗസംന്യാസിമാരെ പറഞ്ഞു വിടും.  ഭൂരിഭാഗവും ഹിമാലയത്തില്‍ കൊടും തപസ്സനുഷ്ഠിക്കുന്നവരാണ്. പ്രയാഗിലെ കുംഭമേളയില്‍ ഇത്തവണ സ്ത്രീകളുള്‍പ്പെടെ 10000 ത്തിലേറെ നാഗസംന്യാസിമാര്‍ ദീക്ഷ സ്വീകരിച്ചു. ദീക്ഷ നല്‍കാന്‍ ജാതിമതഭേദമില്ല.
 uma

No comments: