Saturday, February 09, 2019

🙏ഹരിഃ ഓം.🙏
 🙏ഓം നമോ നാരായണായ🙏
ശ്രീമന്നാരായണീയം
ദശകം. 4, ശ്ലോകം.4👆

തേ അസ്ഫുടേ വപുഷി = അവിടുത്തെ സ്പഷ്ടമല്ലാത്ത സ്വരൂപത്തിൽ ,

പ്രയത്നതഃ ധിഷണാം മുഹു: ധാരയേമ = ശ്രദ്ധയോടുകൂടി പണിപ്പെട്ട് ബുദ്ധിയെ വീണ്ടും ഉറപ്പിച്ച് നിർത്തി കൊള്ളാം

ഭവദങ്ഘ്രിചിന്തകാഃ = അവിടുത്തെ തൃപ്പാദങ്ങളെ മാത്രം ചിന്തിക്കുന്ന അടിയങ്ങൾ

തേന ഭക്തിരസം അന്തഃ ആർദ്രതാം ഉദ്വഹമേ = ധാരണാപരിശീലനം കൊണ്ട് ഭക്തിയുടെ ആനന്ദത്തെയും, ഹൃദയാർദ്രി ഭാവത്തേയും പ്രാപിച്ചു കൊള്ളാം.

പ്രാണായാണം കഴിഞ്ഞു. ഓങ്കാരം ചൊല്ലി, മനസ്സ് ശാന്തമായി. ഇനി ആ മനസ്സിൽ, ഭഗവാന്റെ "സൂര്യസ്പർദ്ധകിരീടം" ആകുന്ന, മുഖം മനസ്സിൽ കണ്ടു കൊണ്ട് ക്രമേണ ചിന്തകൾ പാദങ്ങളിലെക്ക് മനസ്സിനെ കൊണ്ടുവന്ന്, മനസ്സിനെ അതിലേക്ക് ലയിപ്പിച്ചാലും . ഇങ്ങനെ മനസ്സിൽ ഭഗവാനെ കണ്ടു കൊണ്ട് "ഞാൻ" എന്ന വ്യക്തി. ഉരുകി ഉരുകി ഭഗവാന്റെ പാദത്തിലെക്ക് ലയിക്കും. അപ്പോൾ, ഭട്ടതിരിപ്പാടിന്റെ മുന്നിൽ ഭഗവാൻ മാത്രമേ ഉണ്ടാകുന്നുള്ളൂ. അങ്ങനെ ഉള്ള ഒരു വിഭൂതിയിൽ ശ്രീഭട്ടതിരിപ്പാട് ഇരുന്നു കൊള്ളാം എന്ന് പറയുന്നു.🙏

"ധാരണ" എന്ന "യോഗ" ത്തെയാണ് ഈ ശ്ലോകത്തിൽ പറയുന്നത്. ഇവിടെ പ്രതിബന്ധങ്ങളെ തട്ടി നീക്കിയുള്ള, യോഗാഭ്യാസത്തെ സൂചിപ്പിക്കുന്നു.🙏

"അയം ഹി ദേഹിനോ ദേഹോ
ദ്രവ്യജ്ഞാനക്രിയാത്മകഃ
ദേഹിനോ വിവിധക്ലേശ
സന്താപകൃദുദാഹൃതഃ".

ദേഹിയുടെ ദ്രവ്യങ്ങൾ - ജ്ഞാനേന്ദ്രീയങ്ങൾ - കർമ്മേന്ദ്രിയങ്ങൾ എന്നിവയുടെ സ്വരൂപമായ ഈ ശരീരം, ജീവന്, ബഹു വിധ ക്ലേശങ്ങളേയും സന്താപങ്ങളേയും ജനിപ്പിക്കുന്നതായിട്ട് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.🙏

തസ്മാത് സ്വസ്ഥേന മനസാ
വിമൃശ്യ ഗതിമാത്മനഃ
ദ്വൈതേ ധ്രുവാർത്ഥവിശ്രംഭം
ത്യജോപശമമാവിശ .

അതുകൊണ്ട്, സ്വസ്ഥമായ മനസ്സിനാൽ ഈശ്വരന്റെ ഗതിയെ ആലോചിച്ചിട്ട്, ദ്വൈതത്തിൽ, ശാശ്വതമായ വസ്തു ആണെന്ന വിശ്വാസത്തെ ത്യജിക്കുക. ഉപശമത്തെ, ഉപശാന്തിയെ  ആശ്രയിക്കുക.🙏
ശ്രീനാരദമുനി, അംങ്ഗിരസ്സു ഉപദേശിച്ച പരമാർത്ഥ ജ്ഞാനം, ഉപദേശിക്കുന്നു.

"യാതൊരു ഭഗവാന്റെ പാദമൂലത്തെ ആശ്രയിച്ച പൂർവ്വന്മാരായ ശ്രീ ശിവൻ മുതലായവർ, "ദ്വൈതഭ്രമത്തെ" ഉപേക്ഷിച്ച് നിരതിശയമായിരിക്കുന്ന ഭഗവത്മാഹാത്മ്യത്തെ പ്രാപിച്ചു. അതുപോലെ ഭവാനും കാലതാമസം കൂടാതെ ഭഗവത് മഹിമയെ സാക്ഷാത്കരിക്കും".🙏
(ശ്രീമദ് ഭാഗവതം. 6.15.25)

No comments: