Sunday, February 10, 2019

എന്റെ കൃഷ്ണാ!
ഒരു സത്സംഗം ഏറ്റവും ആനന്ദം നൽകുന്നത്‌ എപ്പോഴന്നോ ! ഭഗവൽപ്രേമത്തോടെ  കേൾക്കാൻ കൊതിച്ചു ചോദിക്കുമ്പോൾ അതേ പ്രേമത്തോടെ ഭാഗവനെപ്പറ്റി പറയുവാനുള്ള കൊതിയോടെ ഭഗവൽപ്രേമത്തൽ ഭഗവാനിൽ അലിഞ്ഞു പറയണം. അതാണ് ശരിയായ സത്സംഗം. സത്തായ ഭഗവാനുമായി എല്ലാം മറന്നുള്ള ഉള്ള സംഗമാണ്‌ സത്സംഗം. അങ്ങിനെ പറയുകയും കേൾക്കുകയും ചെയ്യുമ്പോഴേ ഭഗവാനുമായി സംഗം ഉണ്ടാകുന്നുള്ളൂ . ശ്രവണപ്രിയനായ ഒരാൾക്ക്‌ ആരുടെ അടുത്തുനിന്ന് എപ്പോൾ ഭാഗവനെപ്പറ്റി കേൾക്കാൻ കഴിയും എന്ന ചിന്ത മാത്രമേ ഉണ്ടാകുകയുള്ളൂ. അതുപോലെ എപ്പോൾ എവിടെ വച്ച് ആരു ചോദിച്ചാലും ഭഗവാനെപ്പറ്റി പറയണം എന്ന ചിന്ത മാത്രമേ വക്താവിനും ഉണ്ടാകുകയുള്ളൂ. എങ്കിൽ അവരുടെ ഉളളിൽ ചൈതന്യമായി വിളങ്ങുന്ന ഭഗവത്ചൈതന്യം ഒന്നായി പ്രകാശിക്കുന്നു. സത്തിന്റെ ഈ കൂടിച്ചേരലാണ് സത്സംഗം.

അതുപോലെ ഒരു കഥാശ്രവണത്തിനു ഭാഗ്യണ്ടായി. കണ്ണന്റെ വൃന്ദാവനയാത്രയിൽ ഒന്ന് ചോദിക്കാൻ കാത്തിരുന്നത് പോലെ ഉള്ളിൽ നിറഞ്ഞ പ്രേമത്തോടെ പകർന്നു തന്ന കഥ ഇന്ന് പറയാം ട്ടോ .

സതീദേവി ദേവി ദേഹത്യാഗം ചെയ്തതിനു ശേഷം ഹിമവാന്റെ പുത്രിയായി ജനിച്ചു. പാർവ്വതി എന്നു പേരിട്ടു . ശ്രീപരമേശ്വരനോട് നിറഞ്ഞ പ്രേമത്തോടെ മനസ്സ് അർപ്പിച്ചു പാർവ്വതി ശിവപൂജയിൽ മുഴുകി കഴിയവേ , ശ്രീ പരമേശ്വരൻ ഹിമവൽ ശൈലത്തിൽ വന്ന്‌ തപസ്സു തുടങ്ങി. ദേവി തനിക്കു ലഭിച്ച മഹാഭാഗ്യത്തെ ഒട്ടും പാഴാക്കാതെ അദ്ദേഹത്തെ പരിചരിക്കാനും പൂജിക്കനുമായി കൊട്ടാരം വിട്ടു മഹാദേവന് സമീപം തന്നെ വസിച്ചു . അവസാനം ലോകകല്യാണത്തിനായി പാർവതീപരമേശ്വര വിവാഹമാണ് സന്ദർഭം.

വിവാഹത്തിന് പരമേശ്വരൻ ജടാമകുടമണിഞ്ഞ്‌ സർപ്പവിഭൂഷിതനായി ശരീരം മുഴുവൻ ഭസ്മം പൂശി പുലിത്തോലുടുത്ത് നിൽകുന്നത്‌ കണ്ട് കൃഷ്ണൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചോദിച്ചു
" മഹാദേവാ! ഇതോ അങ്ങയുടെ വിവാഹവേഷം ? "
"ഇത് തന്നെയല്ലേ എന്നും ഞാൻ അണിയുന്ന വേഷം കൃഷ്ണാ'?"
" ഇന്ന് അങ്ങയുടെ വിവാഹമല്ലേ? ശരി എന്നോടൊപ്പം വരൂ?"
ഇതും പറഞ്ഞു കാണാൻ ശിവന്റെ കൈ പിടിച്ചു അടുത്തുള്ള വള്ളിക്കുടിലിലേക്ക്  കയറി . ശ്രീപരമേശ്വരനെ നോക്കി പുഞ്ചിരിച്ചുകൊണ്ട്  കണ്ണൻ അദ്ദേഹത്തെ അലങ്കരിച്ചു. ആ ജടാമകുടം അഴിച്ചിട്ടു. ഗംഗാപ്രവാഹം പോലെ മനോഹരമായ ആ ഇടതൂർന്ന തിരുമുടിയിൽ മാദകസുഗന്ധമുള്ള കൈതപ്പൂമാല ചൂടിച്ചു. ശിരസ്സിൽ സുന്ദരമായ സ്വർണ്ണക്കിരീടം ധരിപ്പിച്ചു. അമ്പിളിക്കല കൊണ്ട് അലങ്കരിച്ചു . വിശാലമായ നെറ്റിയിൽ ഭസ്മത്താൽ കുറിവരച്ചു. ഭഗവാന്റെ പാതി തുറന്ന മൂന്നാം തൃക്കണ്ണുപോലെ ചന്ദനത്താലും കുങ്കുമത്താലും കുറിതൊട്ടു. കരിങ്കൂവ്വളപ്പൂപോലെ അഴകേറിയ മിഴികളിൽ മയ്യെഴുതി.
കർണ്ണങ്ങളിൽ കുണ്ഡലങ്ങൾ ചാർത്തി . അതിമനോഹരമായ ആ നീലകണ്‌ഠത്തിനു ഇണങ്ങുന്ന വൈരക്കല്ലുകൾ പതിപ്പിച്ച കണ്ഠാഭരണം അണിയിച്ചു. സ്വർണ്ണത്തിലും പവിഴത്തിലും മുത്തിലും തീർത്ത ആഭരണങ്ങൾക്കൊണ്ട് മാറിടം അലങ്കരിച്ചു . മല്ലികയും, വെളുത്ത ചെമ്പകവും,കൽഹാരവും ചേർത്ത് കോർത്ത അതിസുഗന്ധമേറിയ പൂമാല ആ വിരിമാറിൽ ചാർത്തി. വെള്ളയും കസവും കൂടിച്ചേർന്ന ആകർഷകമായ പട്ടുവസ്ത്രം അണിയിച്ചു. കൈകൾ കങ്കണങ്ങളാലും തോൾവളകളാലും അലങ്കരിച്ചു. കാലുകളിൽ അതിമനോഹരമായ തളകൾ അണിയിച്ചു.
മഹാദേവന്റെ ആ സുന്ദരരൂപത്തെ ആപാദചൂഡം ഈക്ഷണം ചെയ്ത്‌ ഒരു കള്ളച്ചിരിയോടെ കണ്ണൻ പറഞ്ഞു. ഇപ്പോൾ അങ്ങയെ എനിക്ക് ഒരു പേര് വിളിക്കാൻ തോന്നുന്നു. പരമ പ്രേമത്തോടെ ശങ്കരന്റെ കരം ഗ്രഹിച്ചു ലാസ്യത്തോടെ കണ്ണൻ വിളിച്ചു.
"സുന്ദരേശാ !"
ആ ക്ഷണം ശിവനിൽ മധുരപ്രേമം നിറഞ്ഞു. അതേ പ്രേമത്തോടെ ശിവഭഗവാൻ ചോദിച്ചു.  "കൃഷ്ണാ! ഒട്ടും ചഞ്ചലമകാത്ത എന്റെ ഉള്ളിൽ പ്രേമം നിറഞ്ഞിരിക്കുന്നു. അതിന്റെ അന്തോളനത്താൽ എന്റെ ശരീരം തളർന്നു പോകുന്നു. ഇത് എങ്ങിനെ സാധ്യമായി?"
കണ്ണൻ പറഞ്ഞു
" ഇത് ഒരിക്കൽ അങ്ങ് തന്നെ എനിക്ക് പകർന്നു തന്ന പ്രേമമാണ് "
"ഞാനോ കണ്ണാ?"
"അതെ ദേവാ! .അന്ന് മഹാരസം നടന്ന സമയം ആ രാസത്തിൽ പങ്കെടുക്കാൻ അങ്ങ് അതിയായി ആശിച്ചു എന്നാൽ ആ രാസമണ്ഡലിയിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു.  അതറിഞ്ഞ അങ്ങ് വൃന്ദാവനത്തിന്റെ അടിസ്ഥാന ദേവതയായ രാധാദേവിയെ പ്രാർത്ഥിച്ചു. ദേവി അങ്ങയിൽ പ്രസാദിച്ചു അങ്ങയെ ഒരു ഗോപസുന്ദരിയക്കി. ഓരോ ഗോപിയോടു കൂടിയും രാസമാടിയ ഞാൻ അങ്ങയോടൊപ്പം രാസമാടി. ആ സമയം അങ്ങ് എന്നെ ഒരു വള്ളിക്കുടിലിൽ കൂട്ടിക്കൊണ്ടു പോയി . പരമപ്രേമത്തോടെ എന്നെ അങ്ങ് അലങ്കരിച്ചത്‌ അങ്ങ് മറന്നോ ശിവശങ്കരാ ?. അന്നു അങ്ങ് എനിക്ക് പകർന്നു തന്ന ആ പ്രേമമാണ് അങ്ങേക്ക് ഞാൻ പകർന്നു തന്നത്. എന്നിലേക്ക്‌ എന്ത് തന്നെ പകർന്നു തന്നാലും അത്  എത്രയോ ഇരട്ടിയായി ഞാൻ തിരിച്ചു നൽകും എന്നത് അങ്ങയെപ്പോലെ മറ്റാർക്ക് അറിയും പരമേശ്വരാ?"
എല്ലാം കേട്ട മഹാദേവൻ ആ മഹാരാസത്തിന്റെ ഓർമ്മായാലും ഉള്ളിൽ നിറഞ്ഞ പ്രേമത്തിന്റെ മൂർച്ഛയാലും മെയ് തളർന്ന് കണ്ണനിൽ അലിഞ്ഞു നിന്നു.
കൃഷ്ണൻ പറഞ്ഞു
"വിവാഹപ്പന്തലിൽ എല്ലാവരും അങ്ങയെ കാത്തിരിക്കുന്നു . പുറപ്പെടൂ ഭഗവാനെ! ഇനിയും ഒന്നുകൂടി അങ്ങേക്ക് തരാൻ ഉണ്ട്. അത് ഉചിതമായ സമയത്ത് ഞാൻ തരുന്നതായിരിക്കും."

ആ രംഗം കാണാൻ കുറച്ചു കൂടി മുന്നോട്ടു പോകണം .  സമുദ്രമഥനം കഴിഞ്ഞു അസുരന്മാർ അമൃതുമായി പോയപ്പോൾ അത് വീണ്ടെടുക്കാൻ കൃഷ്ണൻ മോഹിനീ രൂപം ധരിച്ചു. അത് കാണാൻ മോഹിച്ചു ശിവകുടുംബം ഭഗവാന്റെ അടുത്തെത്തി. ഇവിടെയാണ് കണ്ണൻ പറഞ്ഞ രംഗം .

ശ്രീപരമേശ്വരൻ അതന്റെ ആഗ്രഹം അറിയിച്ചപ്പോൾ ഭഗവാൻ പുഞ്ചിരിയോടെ എഴുന്നെറ്റു മാറിപ്പോയി.
മഹാദേവന്റെ ശ്രദ്ധ അവിടെയുള്ള അതിമനോഹരമായ പൂങ്കാവനത്തിലേക്ക് തിരിഞ്ഞു. ആ പൂങ്കാവനത്തിലൂടെ നടക്കുമ്പോൾ അതീവ സുന്ദരിയായ ഒരു സുന്ദരി ക്രീഡയിൽ മുഴുകിയത് കണ്ടു. അദ്ദേഹം അറിയാതെ ആ തരുണിയുടെ അടുത്തേക്ക് നടന്നു. പെട്ടെന്ന് അവൾ തിരിഞ്ഞു ശങ്കരനെ നോക്കി പ്രേമത്തോടെ പുഞ്ചിരിച്ച് നാണത്തോടെ ഓടിപ്പോയി. ശങ്കരൻ നിറഞ്ഞ പ്രേമത്തോടെ അവളുടെ പുറകെ പോയി . ആ പ്രേമാനന്ദം അനുഭവിക്കാനുള്ള അതിയായ ആഗ്രഹത്തോടെ അവളെ മുറുകെ പുണർന്നു. എല്ലാം മറന്നു ആ ആനന്ദത്തിൽ അലിഞ്ഞു നില്ക്കവേ അവൾ ശങ്കരന്റെ ചെവിയിൽ മന്ത്രിച്ചു "സുന്ദരേശാ"
പെട്ടെന്ന് മഹാദേവൻ അറിഞ്ഞു തുളസിയുടെയും ഹരിചന്ദനത്തിന്റെയും ആ സച്ചിതാനന്ദ ഗന്ധം. തന്റെ കരവലയത്തിൽ കണ്ണനാണ്. കണ്ണന്റെ ഹരിചന്ദനം മഹാദേവന്റെ മാറിടത്തിൽ പടർന്നു. കണ്ണന്റെ മാറിൽ മഹാദേവന്റെ വിഭൂതി പടർന്നു.  മഹാദേവന്റെ കണ്ണുകളിൽ നിന്നും ആനന്ദക്കണ്ണുനീർ ധാരധാരയായി ഒഴുകി.
കണ്ണൻ പറഞ്ഞു.
" ഹേ മഹാദേവാ! അങ്ങ് എന്നോടുള്ള പരമ പ്രേമത്താൽ എന്നെ അനുഭവിക്കാൻ ആ പരമാനന്ദമനുഭാവിക്കാൻ ലോകഗുരുവും കൈലസനാഥനും പ്രപഞ്ചത്തിന്റെ നിലനില്പ് സാധ്യമാക്കുന്ന ത്രിമൂർത്തികളിൽ ഒരാളാണ് എന്നതെല്ലാം മറന്ന്‌ സ്വന്തം രൂപവും സ്ഥാനമാനങ്ങളും മറന്നു സ്ത്രീ വേഷം ധരിച്ചു ആ പ്രേമത്തെ എനിക്കായി പകർന്നു തന്നു. അതുകൊണ്ട് തന്നെ അങ്ങ്  വൈഷ്ണവനിൽ പ്രഥമനായി. എല്ലാ മിഥ്യാഭിമാനങ്ങളും വെടിഞ്ഞാൽ മാത്രമേ എന്നെ ലഭിക്കുകയുള്ളൂ എന്ന് അങ്ങ് സ്വന്തം പ്രവർത്തികൊണ്ടു കാണിച്ചു കൊടുത്തു. നാം ഇരുവരും രണ്ടല്ല എന്നതുകൊണ്ട് തന്നെ (ഭക്തനും ഭഗവാനും  ഒന്നാണ് )എനിക്കായി അങ്ങ് ഗോപീ വേഷം സ്വീകരിച്ചത് പോലെ അങ്ങയുടെ പ്രേമത്തെ അനുഭവിക്കാൻ വേണ്ടി മാത്രമാണ് ഞാൻ പാലാഴിമഥനം നിമിത്തമാക്കി  ഈ മോഹിനീ രൂപം ധരിച്ചത്. അല്ലയോ മഹാദേവാ! എന്നിൽ  അനന്യമായ നിഷ്ക്കാമമായ ഭക്തിയുള്ളവന് എപ്പോൾ എവിടെയും ഏതു രൂപത്തിലും എന്നെ അനുഭവിക്കാൻ കഴിയും, അവൻ ഗൃഹസ്ഥനയാലും എന്ന് കൂടി ബോധ്യമാക്കുന്നതിന് വേണ്ടിയാണ്‌ അങ്ങയെ മുൻനിർത്തി ഈ  ലീലയാടിയത്".

എത്ര വലിയ സ്ഥാനമാനങ്ങൾ ഉണ്ടായാലും എല്ലാം ഭഗവാനോടുള്ള പരമ പ്രേമത്തിന് മുൻപിൽ നിസ്സാരമാണ് എന്ന് നമുക്ക് മനസ്സിലാക്കിതന്ന ആ സുന്ദരേശന്റെ കാൽക്കൽ നമിക്കാം .

ശ്രീ പാർവ്വതീദേവിയോടൊത്തു നിത്യം
കൈലാസനാഥൻ ശിവനെ തൊഴുന്നേൻ
ശ്രീകൃഷ്ണനിൽ ചിത്തമുറച്ചിടാനായ്
തൃക്കയ്യണച്ചീടുക എൻ ശിരസ്സിൽ !

സുന്ദരേശാ!
Sudarsana Raghunath
വനമാലി

No comments: