Sunday, February 10, 2019



സത്യബ്രഹ്മത്തിന്റെ ഉപാസന

അഞ്ചാം ബ്രാഹ്മണം
ആപ ഏവേദമഗ്ര ആസുഃ താ ആപഃ സത്യമസൃജന്ത, സത്യം ബ്രഹ്മ...
ഈ ലോകം ആദ്യം അപ്പുകള്‍ തന്നെയായിരുന്നു. ആ അപ്പുകള്‍ സത്യത്തെ സൃഷ്ടിച്ചു. സത്യം എന്നത് ഹിരണ്യഗര്‍ഭനായ  ബ്രഹ്മം തന്നെയാണ്. ഹിരണ്യഗര്‍ഭന്‍ വിരാട് എന്ന പ്രജാപതിയെ സൃഷ്ടിച്ചു. വിരാട് ദേവന്മാരെ സൃഷ്ടിച്ചു. ആ ദേവന്മാര്‍ സത്യത്തെ തന്നെ ഉപാസിക്കുന്നു. സത്യമായ ഇത് മൂന്ന് അക്ഷരങ്ങളോട് കൂടിയതാണ്. 'സ' എന്നത് ആദ്യ അക്ഷരം. 'ത്' എന്നത് നടുവിലെ അക്ഷരം. 'യം' എന്നത് അവസാന അക്ഷരം. ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങള്‍ സത്യമാണ്. നടുക്കുളളത് അസത്യമാണ്. ഈ അസത്യം രണ്ടുഭാഗത്തും സത്യത്താല്‍ മൂടിയിരിക്കുന്നു. അതിനാല്‍ സത്യസ്വരൂപനായിത്തീരുന്നു. ഇങ്ങനെ അറിയുന്നയാളെ അസത്യം ഉപദ്രവിക്കില്ല.
 അഗ്നിഹോത്രം മുതലായ കര്‍മങ്ങളിലെ ആഹുതികളെയാണ് ഇവിടെ അപ്പുകളായി പറഞ്ഞത്. ഈ ആഹുതികള്‍ ദ്രവരൂപമായതിനാലാണ് അപ്പുകള്‍ എന്ന് പറയുന്നത്. അവ കര്‍മങ്ങള്‍ കഴിഞ്ഞാലും സൂക്ഷ്മരൂപത്തില്‍ നിലനിന്ന് മറ്റുള്ളവയോട് ചേര്‍ന്ന് പ്രപഞ്ചമായി മാറുന്നു. ആ സൃഷ്ടിയില്‍ ആദ്യമുണ്ടാകുന്നത് ഹിരണ്യഗര്‍ഭനായതിനാല്‍ ആദ്യമുണ്ടായ 'ബ്രഹ്മം' എന്ന് വിളിക്കുന്നു.
എല്ലാത്തിന്റെയും സ്രഷ്ടാവായതിനാല്‍ മഹത്ത് എന്ന പേരിലും ദേവന്‍ പോലും ഉപാസിക്കുന്നതിനാല്‍ യക്ഷം എന്നും വിശേഷിപ്പിക്കുന്നു. സത്യരൂപ ഉപാസനയുടെ ഫലമായി അസത്യം ബാധിക്കുന്നില്ല എന്നറിയണം.
 തദ്യത്തത്സത്യമസൗ സ ആദിത്യഃ യ ഏഷ ഏതസ്മിന്‍ മണ്ഡലേ...
സത്യം എന്ന് പറഞ്ഞ ആ ബ്രഹ്മം ഈ ആദിത്യന്‍ തന്നെയാണ്. ആദിത്യ മണ്ഡലത്തിലെ ഈ പുരുഷനും വലതു കണ്ണിലെ പുരുഷനും പരസ്പരം ഓരോന്നില്‍ പ്രതിഷ്ഠിതമാണ്. സൂര്യ മണ്ഡലത്തിലെ പുരുഷന്‍ വലതുകണ്ണില്‍ രശ്മികളാല്‍ പ്രതിഷ്ഠിതനാണ്. കണ്ണിലെ പുരുഷന്‍ പ്രാണങ്ങളെക്കൊണ്ട് സൂര്യ മ ണ്ഡലത്തില്‍ പ്രതിഷ്ഠിതനാണ്. കണ്ണിലെ പുരുഷന്‍ ദേഹം വിട്ട് പോകാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ മണ്ഡലത്തെ ശുദ്ധമായി കാണുന്നു. ആദിത്യന്റെ കിരണങ്ങള്‍ ഇയാളുടെ അടുത്തെത്തുന്നില്ല.
ഒരേ സത്യ ബ്രഹ്മം തന്നെയാണ് അധിദൈവതമായി സൂര്യമണ്ഡലത്തിലും അധ്യാത്മമായി വലതുകണ്ണിലും വിളങ്ങുന്നത്. ഉപാസനാ സൗകര്യത്തിനു വേണ്ടിയാണിത്. സൂര്യന്‍ തന്റെ രശ്മികളെ ഉപസംഹരിച്ച് ചന്ദ്ര മണ്ഡലത്തെപ്പോലെ മരിക്കാറായവര്‍ക്ക് പ്രത്യക്ഷനാകുന്നു.
യ ഏഷ എതസ്മിന്‍ മണ്ഡലേ പുരുഷസ്തസ്യ...
ആദിത്യ മണ്ഡല പുരുഷന് 'ഭൂഃ' എന്നത് ശിരസ്സാണ്. എന്തെന്നാല്‍ ശിരസ്സ് ഒന്നാണ്, ഈ അക്ഷരവും ഒന്നാണ്. 'ഭുവഃ' എന്നത് കൈകളാണ്. എന്തെന്നാല്‍ കൈകള്‍ രണ്ടാണ്. ഈ അക്ഷരങ്ങളും രണ്ടെണ്ണമാണ്. 'സ്വഃ' എന്നത് കാലുകളാണ്. കാലുകള്‍ രണ്ടെണ്ണമാണ് ഇതില്‍ 'സ്','വ' എന്നിങ്ങനെ രണ്ട് അക്ഷരമുണ്ട്. അതിന്റെ രഹസ്യമായ ഉപനിഷത് നാമം അഹഃ എന്നതാണ്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നവര്‍ പാപത്തെ നശിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു.
 രണ്ട് പുരുഷന്‍മാരുടെയും വ്യാഹൃതി രൂപത്തിലുള്ള അവയവങ്ങളെയാണ് ഇവിടെ പറഞ്ഞത്. 'ഭൂഃ', 'ഭുവഃ', 'സ്വഃ' എന്നിവയാണ് വ്യാഹൃതികള്‍. ഉപാസനയ്ക്ക് അനുസരിച്ച ഫലം പറയാന്‍ വേണ്ടിയാണ് നശിപ്പിക്കുക, ഉപേക്ഷിക്കുക എന്ന അര്‍ഥത്തില്‍ അഹഃ എന്ന് പറഞ്ഞത്.
യോള യം ദക്ഷിണേളക്ഷന്‍ പുരുഷസ്തസ്യ ഭൂരിതി ശിരഃ...
വലതുകണ്ണിലെ പുരുഷന് 'ഭൂഃ' എന്നത് ശിരസ്സാണ്. തല ഒന്നേ ഉള്ളൂ. ഈ അക്ഷരവും ഒന്ന് മാത്രം. 'ഭുവഃ' എന്നത് കൈകളാണ്. രണ്ട് കൈകളാണ് ഉള്ളത്. അക്ഷരവും രണ്ട് തന്നെ. 'സ്വഃ' എന്നത് കാലുകളാണ്. ഈ അക്ഷരങ്ങളും കാലുകളും രണ്ടെണ്ണമാണ്. അഹം എന്നതാണ് ഗൂഢമായ ഉപനിഷത് നാമം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ പാപത്തെ നശിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യും.

No comments: