Sunday, February 10, 2019

*ബ്രഹ്മ-  വിഷ്ണു-  ശിവ- ആഖ്യാത- ഗ്രന്ഥി- ത്രയ- വിഭേദിനീ.  ബ്രഹ്മാവിനോടു ബന്ധപ്പെട്ട ബ്രഹ്മഗ്രന്ഥി, വിഷ്ണുവുമായി ബന്ധപ്പെട്ട വിഷ്ണുഗ്രന്ഥി, ശിവനുമായി ബന്ധപ്പെട്ട ശിവഗ്രന്ഥി അഥവാ രുദ്രഗ്രന്ഥി എന്നിവയെ ഭേദിക്കുന്നവൾ. സുഷ്മ്നാനാളത്തിനുളളിലുളള  മൂലാധാരം , സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ആധാരചക്രങ്ങളെ കുറിച്ചു പറഞ്ഞു  . ഇവയെ അഗ്നി, സൂര്യൻ   ചന്ദ്രൻ  എന്നിവയുടെ രൂപത്തിലുള്ള മൂന്നു ഖണ്ഡങ്ങളായി തിരിക്കാം. മൂലാധാരവും സ്വാധിഷ്ഠാനവും ചേർന്ന് അഗ്നിഖണ്ഡം, മണിപൂരകം, അനാഹതം എന്നിവ സൂര്യഖണ്ഡം, വിശുദ്ധി, ആജ്ഞ എന്നിവ ചന്ദ്രഖണ്ഡം. അഗ്നിഖണ്ഡം സൃഷ്ടിക്കു കാരണമായ വാസനകളെയും സൂര്യഖണ്ഡം സ്ഥിതിക്കു കാരണമായ വാസനകളെയും ചന്ദ്രഖണ്ഡം മോക്ഷദായകമായ വാസനകളെയും ഉൾക്കൊള്ളുന്നു. അഗ്നിക്കു ഇന്ധനമുണ്ടെങ്കിലേ എരിയാൻ കഴിയൂ. കുണ്ഡലിനീ അഗ്നിഖണ്ഡത്തിലായിരിക്കുമ്പോൾ ഭൗതികകാമനകളാകുന്ന ഇന്ധനം പിണ്ഡാണ്ഡത്തിന് ആവശ്യമായിരിക്കും.  സൂര്യന് പ്രകാശിക്കാൻ പുറത്തു നിന്നും ഇന്ധനം വേണ്ട. അത് സ്വയം ദീപ്തമാണ്. കുണ്ഡലിനീ സൂര്യഖണ്ഡത്തിലായിരിക്കുമ്പോൾ  ഭൗതീകതയ്ക്കു പ്രസക്തിയില്ല. പക്ഷേ തീവ്രമായ ചൂട് അനുഭവപ്പെടും. എത്രയും വേഗം ആ മണ്ഡലം കടക്കാനായിരിക്കും ആഗ്രഹം. കുണ്ഡലിനീ ചന്ദ്രഖണ്ഡത്തിലായിരിക്കുമ്പോൾ അമൃതമയമായ ശാന്തദീപ്തിയിലായിരിക്കും കുണ്ഡലിനീ. അവിടെയും കുണ്ഡലിനീദേവി വിശ്രമിക്കാൻ ശ്രമിക്കുകയില്ല. അവിടെ നിന്നും ഉയരാനായിരിക്കും ശ്രമം. അഗ്നിഖണ്ഡത്തിനും സൂര്യഖണ്ഡത്തിനും  ഇടയ്ക്ക് നാഡികൾ കെട്ടുപിണഞ്ഞുകിടക്കുന്ന സുഷ്മ്നയിലൂടെ മുകളിലേയ്ക്കുളള കുണ്ഡലിനീയുടെ ഗതി തടയുന്ന ബ്രഹ്മഗ്രന്ഥിയായി സ്ഥിതി ചെയ്യുന്നു.. ഗ്രന്ഥി  എന്ന പദത്തിന്  കെട്ട്  എന്നാണർത്ഥം. ഈ കെട്ട്  സൃഷ്ടിക്കാനുള്ള ചോദന രജോഗുണം കൊണ്ടുളളതായതിനാൽ ബ്രഹ്മഗ്രന്ഥി എന്ന് പേര്.  കുണ്ഡലിനീശക്തി ഉപാസകൻറെ സാധനാബലംകൊണ്ടോ ഭക്തികൊണ്ടോ ഗുരുപ്രസാദം കൊണ്ടോ ഉണർന്ന് അഗ്നിഖണ്ഡത്തിലെ ഭൗതികകാമനകളെ ഭേദിച്ച്  മണിപൂരകത്തിലെത്തുന്നു  മണിപൂരകവും അനാഹതവും ചേർന്ന് സൂര്യഖണ്ഡത്തിനു മുകളിൽ സ്ഥിതിക്കുളള അഭിവാഞ്ചയും സത്വഗുണവും കൊണ്ടുണ്ടാകുന്ന വിഷ്ണുഗ്രന്ഥി എന്ന കെട്ട് കുണ്ഡലിനീയുടെ ഊർദ്ധഗതിയെ തടയുന്നു. കുണ്ഡലിനീ വിഷ്ണുഗ്രന്ഥിയെ ഭേദിച്ച്  ചന്ദ്രഖണ്ഡത്തിൽ പ്രവേശിക്കുന്നു.  വിശുദ്ധി, ആജ്ഞ എന്നീ ആധാരാചക്രങ്ങൾ ചേർന്ന് ചന്ദ്രഖണ്ഡത്തിനു മുകളിൽ മോക്ഷകാംക്ഷയും തമോഗുണവും ചേർന്നുണ്ടായ രുദ്രഗ്രന്ഥിയെ ഭേദിച്ച് കുണ്ഡലിനീ സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കതീതയായി സഹസ്രാരപദ്മത്തെ പ്രാപിക്കുന്നു.* 🌷



              *കുല- അമൃത- സ്രവ- ഉദ്ഭൂത- ചിദാനന്ദ- രസ- ആത്മികാ. കുണ്ഡലിനീ സഹസ്രാരത്തിൽ പ്രവേശിക്കുമ്പോൾ സഹസ്രാരത്തിൽ നിന്നും അമൃതസ്രാവമുണ്ടാകും  ആ അമൃതത്തെ കുലാമൃതം എന്നു  പറയുന്നു. കുലാമൃതം പിണ്ഡാണ്ഡത്തിലെ സകല ധാതുക്കളെയും നാഡികളെയും സേചനം ചെയ്യുമ്പോൾ ദേഹവും ദേഹിയും ഉൾപ്പെടുന്ന വ്യക്തി ചിദാനന്ദരസം അനുഭവിക്കുന്നു. വിഷയബന്ധം ഇല്ലാത്ത ചിത്സ്വരൂപമായ ഈ ആനന്ദരസം ദേവിയുടെ രൂപമാണെന്ന് നാമം വ്യക്തമാക്കുന്നു* 🌷

No comments: