Friday, April 05, 2019

ശ്രീമദ് ഭാഗവതം 112* 

ഋഷഭയോഗീശ്വരന്റെ പുത്രനായ ഭരതനെ രാജാവായി അഭിഷേകം ചെയ്തു. 'അജനാഭവർഷം' എന്ന പേരോട് കൂടി ഇരുന്ന നമ്മുടെ രാജ്യത്തിന് അതോടുകൂടെ ഭാരതം എന്ന പേര് വന്നു. ഭരതൻ രാജ്യഭരണം ചെയ്തു. ധർമ്മിഷ്ഠനായി രാജ്യഭരണം ചെയ്തു. യാഗയജ്ഞങ്ങൾ ഒക്കെ അനുഷ്ഠിക്കുകയും യാഗയജ്ഞങ്ങളുടെ ഫലം ഒന്നും കാംഷിക്കാതെ *ഓരോ കർമ്മത്തിനേയും ഭഗവാന്റെ അംഗങ്ങളായിട്ട് യാഗത്തിൽ ഭാവന ചെയ്തു. ഭഗവാനിൽ തന്നെ അതിന്റെ ഫലം ഒക്കെ അർപ്പിച്ചു. ഏത് കർമ്മവൂം ഭഗവദ് അർപ്പണ ബുദ്ധിയോടുകൂടെ ചെയ്യാണെങ്കിൽ അത് യജ്ഞമായിട്ട് മാറും. യജ്ഞം ആയിട്ട് ചെയ്താലോ ചിത്തം ശുദ്ധമാവും.*

ചിത്തശുദ്ധി ണ്ടായ ഭരതൻ യോഗമാർഗ്ഗത്തിലും വളരെയധികം ഉയർന്നു. ഭഗവാനെ ഹൃദയത്തില് ധ്യാനിച്ചു ധ്യാനിച്ച് പരിശീലിച്ച് ക്രമേണ അദ്ദേഹത്തിന് രാജ്യഭാരം ഒക്കെ മതിയെന്നായി. രാജ്യം ഒക്കെ ഏല്പിക്കേണ്ടവരെ ഏല്പിച്ച് പുലഹാശ്രമത്തിൽ വന്ന് ചക്രനദീതീരത്ത് അദ്ദേഹം ഒരു ആശ്രമം കെട്ടി. 

അവിടെ ഭഗവാനെ ധ്യാനിക്കാൻ തുടങ്ങി. ജലത്തിലിറങ്ങി കഴുത്തിന് മേലെ വരെ വെള്ളത്തിൽ സൂര്യനെ നോക്കി മന്ത്രം ജപിക്കാൻ തുടങ്ങിയാൽ സന്ധ്യ ആവണത് പോലും അറിയില്ലാന്നാണ്. ഒരു പുഷ്പം കൈയ്യിലെടുത്ത് ഭഗവാനെ അർച്ചിക്കുന്ന നേരം അർച്ചിക്കണത് പോലും മറന്നു പോയി ധ്യാനത്തിൽ ഇരുന്നു പോകും. അത്ര ഉയർന്ന ഒരു യോഗതലത്തിൽ എത്തി.

ഏവ നിജരമണാരുണ ചരണാരവിന്ദാനുധ്യാന പരിചിത ഭക്തിയോഗേന പരിപ്ലുത പരമാഹ്ലാദ ഗംഭീര ഹൃദയഹ്രദാവഗാഢ ധിഷണ: താം അപി ക്രിയമാണാം ഭഗവത് സപര്യാം ന സസ്മാര II

ഉയർന്ന തലത്തിൽ യോഗസ്ഥിതിയിൽ ഇരുന്നു കൊണ്ട് ഭഗവദ് സപര്യ ചെയ്തു. ഭഗവാനെ ആരാധിച്ചു. അങ്ങനെ ഒക്കെ ആണെങ്കിലും യോഗം കൊണ്ടൊക്കെ മനസ്സിനെ പിടിച്ചു നിർത്തിയാലും ആസക്തിക്ക് മനസ്സ് വഴങ്ങി പോകും. ആസക്തിക്ക് എല്ലാറ്റിനേക്കാളും  വലിയ ബലം ണ്ട്. 

മയ്യാസക്ത മനാ: പാർത്ഥ. 

അതുകൊണ്ടാണ് ഭഗവാൻ ഗീതയില്  പറഞ്ഞത് എന്നോട് ആസക്തി വെയ്ക്കൂ എന്ന്. 

ഭരതൻ യോഗം കൊണ്ട് മനസ്സിനെ ഭഗവദ് സ്വരൂപത്തിൽ നിർത്തി. ഭഗവാനെ ധ്യാനിച്ചു. അങ്ങനെ ധ്യാനിച്ചു കൊണ്ടിരിക്കുമ്പോ ഒരു ദിവസം വെള്ളത്തില് നിന്ന് ജപം ചെയ്തു കൊണ്ടിരിക്കുന്നു. ഗർഭിണിയായ ഒരു മാൻ വെള്ളം കുടിക്കാനായിട്ട് വന്നു. കാട്ടിലാണ്. ഒരു സിംഹത്തിന്റെ ഭയങ്കരമായ ഗർജ്ജനം കേട്ട് ഈ മാൻ ഒന്ന് ചാടി. ഗർഭം സ്രവിച്ചു. ഈ മാൻകുട്ടി വെള്ളത്തിൽ വീണു. മാൻകുട്ടി വെള്ളത്തിൽ ഇങ്ങനെ ഒഴുകി ഒഴുകി വരണു. തപസ്സ് ചെയ്തു കൊണ്ടിരിക്കുന്ന ഭരതന്റെ ദേഹത്ത് വന്നു പതുക്കെ മുട്ടി. തിരിഞ്ഞു നോക്കുമ്പോ വെള്ളത്തില് ഒരു മാൻകുട്ടി. ഉടനെ കാരുണ്യം വന്നു. കാരുണ്യം വന്നാൽ കുഴപ്പല്ല്യ. അത് എടുത്ത് വെച്ച് വീണ്ടും കരയിൽ നിന്ന് ജപിക്കാൻ നിന്നാ കുഴപ്പല്ല്യ. അതെടുത്ത്കൊണ്ട് പോയി തന്റെ കുടീരത്തിൽ കൊണ്ട് ചെന്ന് വെച്ചു. പാവം പിന്നെ വേറെ ആരൂല്ല്യ. ഞാനാണ് അതിന് അച്ഛൻ,  അമ്മ . ഒരു ചാക്ക് വിരിച്ച് അതിൽ മാൻകുട്ടിയെ കിടത്തി. വയ്ക്കോലൊക്കെ ഇട്ടു കൊടുത്ത് അതിന് പാല് കുടിക്കാനുള്ള വയസ്സായിട്ടില്ല്യ. അതിന് തേനൊക്കെ വായില് വെച്ച് കൊടുത്തു. അത് കഴിഞ്ഞ് ധ്യാനിക്കാനായിട്ട് വന്നിരുന്നു. എന്നാൽ ധ്യാനം വരണില്ല്യ. ഇതിനെ കുറിച്ച് തന്നെ ചിന്ത. ഈ മാൻകുട്ടി അവിടെ ണ്ടല്ലോ. അതിനെ ആര് നോക്കും. പാവം എത്ര സുന്ദരമായിരിക്കുണുവ്ലോ. അതിനെ നോക്കാനിപ്പോ ഞാനല്ലാതെ വേറെ ആരുണ്ട്. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi Prasad

No comments: