Wednesday, April 17, 2019

*ശ്രീമദ് ഭാഗവതം 123*
പഞ്ചമസ്കന്ധത്തിൽ ഭരതചരിത്രത്തിന് ശേഷം ഭൂസംസ്ഥാനവർണ്ണനയും ഭൂമിയിലുള്ള പല ഭാഗങ്ങളും അവിടെയൊക്കെ ഭഗവാൻ ഏതേത് രൂപത്തിൽ വർത്തിക്കുന്നു എന്നുള്ളതും അങ്ങകലെ ആകാശത്തിലുള്ള ജ്യോതിർഗോളങ്ങളുടെ സ്ഥിതിയും വർണ്ണിച്ച് അതെല്ലാം ഭഗവാന്റെ സ്ഥൂലമായ ശരീരം ആണ് എന്ന് വ്യക്തമാക്കിയിട്ട്, അവസാനം അല്പം ഒന്ന് നമ്മളെ വെരട്ടാൻ വേണ്ടി, പേടിപ്പിക്കാൻ വേണ്ടി നരകവും പറഞ്ഞു. എന്തെന്തു പാപം ചെയ്താൽ ഏതെല്ലാം നരകത്തിൽ പോകണം എന്തെന്ത് യാതനകൾ അനുഭവിക്കണം എന്ന് വിശദമാക്കി.
കപിലഭഗവാൻ ദേവഹൂതിയോട് പറഞ്ഞു അമ്മേ, നരകവും സ്വർഗ്ഗവും ഒക്കെ ഇവിടെ തന്നെ ണ്ട്. ദു:ഖം തന്നെ നരകമാണ്. സുഖം സ്വർഗ്ഗം ആണ്. ഈ നരകയാതന ഒക്കെ വർണ്ണിച്ചപ്പോ പരീക്ഷിത്ത് ചോദിച്ചു. "ഭഗവാനേ ഈ നരകങ്ങളെ ഒക്കെ വർണ്ണിച്ചുവല്ലോ. ഈ നരകയാതന ണ്ടാവാതിരിക്കണമെങ്കിൽ എന്തു വേണം. എങ്ങനെ രക്ഷപെടാം."
എല്ലാ നരകയാതനയ്ക്കും കാരണം പാപം ആണ്. ശരീരത്തിലുണ്ടാവണ വ്യാധികൾക്കും കാരണം പാപം ആണ്. പാപത്തിന് പ്രായശ്ചിത്തം ചെയ്യണം. അദ്ധ്യാത്മ ശാസ്ത്രം അങ്ങനെയാണ്. പ്രായശ്ചിത്തം ചെയ്താൽ വ്യാധികളും മാറും. പക്ഷേ പ്രായശ്ചിത്തം ചെയ്യാനും ഒരു പക്വത വേണ്ടിയിരിക്കണു. ചിലപ്പോ ചില മഹാത്മാക്കൾ മൂന്ന് വിധത്തിലാണ് ചികിത്സ വിധിക്കണത്. . money, മന്ത്രം, ഔഷധം. ചില വ്യാധികൾക്ക് ചിലപ്പോ money രത്നങ്ങൾ ഒക്കെ വിധിക്കും. ചില രത്നങ്ങൾ ധരിക്കാ. ചിലർക്ക് മന്ത്രം ജപിക്കാ എന്നുണ്ട്. ഇപ്പൊ അതൊക്കെ പലരും വലിയ ബിസിനസ്സ് ആക്കി മാറ്റിയിട്ടണ്ട്. പിന്നെ മന്ത്രം, പിന്നെ ഔഷധം. ഔഷധം ആണ് നമുക്ക് ഇപ്പൊ കിട്ടണത്. മന്ത്രം ഒക്കെ ഉപദേശിക്കുമ്പോ മന്ത്രത്തിന്റെ ബലം മാത്രം പോരാ. മന്ത്രം കൊടുക്കണ ആളാണ് മുഖ്യം.
ചിലപ്പോ മഹാത്മാക്കൾ ചില മന്ത്രം ഒക്കെ ഉപദേശിച്ച് പ്രായശ്ചിത്തം ചെയ്യിപ്പിച്ച് വ്യാധി ഒക്കെ മാറ്റാറുണ്ട്. പക്ഷേ അവിടെയും ചികിത്സ മനസ്സിനാണ്. ഇന്ന് psychosomatic diseases എന്ന് പറയും. ശരീരവും മനസ്സും കൂടെ ചേർന്നിട്ടാണ് അധികവും വ്യാധി എന്നാണ്. അധികം വ്യാധികൾക്കും മനസ്സാണ് കാരണം. മനസ്സില് വിശ്വാസവും ഭക്തിയും ണ്ടെങ്കിൽ ചിലപ്പോ ഭയങ്കരമായ വ്യാധികൾ പോലും മാറി പ്പോകും.
ഒരു ഉദാഹരണം പറയാം. ശൃംഗേരിമഠത്തില് രണ്ട് മഠാധിപതികൾക്ക് മുമ്പ് ണ്ടായിരുന്ന വലിയ ഒരു മഹാത്മാവാണ് ചന്ദ്രശേഖരഭാരതി സ്വാമികൾ. മഠാധിപതി ആയിരുന്നു. എങ്കിലും അദ്ദേഹം മഠത്തിന്റെ ഭരണം ഒന്നും ചെയ്തില്ല്യ. ജീവന്മുക്തസ്ഥിതിയിൽ ഇരുന്നു. പലേ മഹാത്മാക്കളുടെ കഥയും പറഞ്ഞപോലെ ഭ്രാന്തനെ പോലെ, ചിലപ്പോ ഒരു വലിയ ആചാര്യന്റെ ഭാവത്തിൽ ഇരിക്കും. ചിലപ്പോ കുറേ കാലത്തേക്ക് അദ്ദേഹം പുറത്തേ വരില്ല്യ. മുറിയിൽ അടച്ച് അവധൂതനെപോലെയിരിക്കും. അദ്ദേഹം ആചാര്യഭാവത്തിൽ ഇരിക്കുമ്പോ പലർക്കും ഇത്തരത്തിലുള്ള വ്യാധികൾക്ക് അനുഗ്രഹം ചെയ്തണ്ട്.വ്യാധി മാറാൻ ചില വിധികളൊക്കെ നിർദ്ദേശിക്കും. ഒരാൾക്ക് മാറാത്ത ത്വക്ക് രോഗം. സ്വാമികളെ കണ്ടു. അദ്ദേഹത്തിന് വിധിച്ചത് തുംഗനദി കടന്നു പോവാ. അവിടെ ഗോശാല ണ്ട്. അവിടെ മൂന്ന് പ്രദക്ഷിണം വെയ്ക്കാ. എത്രയോ ഒരു കണക്ക് പറഞ്ഞു. ആ അളവില് പച്ചപാല് കാശ് കൊടുത്ത് അവിടെ നിന്ന് വാങ്ങി കുടിച്ച് വീട്ടിലേക്ക് പോയ്ക്കുള്ളൂ എന്ന് പറഞ്ഞു. അതൊരു ചികിത്സാവിധി ആണ്. ഇങ്ങനെ പലർക്കും പല രീതിയിൽ വ്യാധി മാറ്റിയിട്ടുണ്ട് അദ്ദേഹം.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Prasad

No comments: