Tuesday, April 16, 2019

ദക്ഷിണാമൂർത്തി സ്തോത്രം-13

അക്ഷരമണമാലയിൽ രമണ ഭഗവാൻ പറയുന്നു 
മൂക്കിലെ മുൻഗാട്ട് മുഹുരമാഹാതെനെയ്
തൂക്കി അനയ്ത്തരുൾ അരുണാചലാ

മുകുരം എന്നാൽ കണ്ണാടി . നന്നായി ഒരുങ്ങി നിൽക്കുമ്പോൾ ഫോട്ടോ എടുക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. തന്റെ ഭാവനയ്ക്കനുസരിച്ചാണോ രൂപം എന്നാണ് നോക്കുന്നത്. തന്റെ  ദോഷങ്ങൾ കാണാൻ ആരും ഇഷ്ടപ്പെടുന്നില്ല. മൂക്ക് മുറിച്ചവന്റെ മുന്നിൽ കണ്ണാടി കാണിക്കുന്ന പോലെ  ഗുരുവിനെ കാണുമ്പോൾ തന്റെ ദോഷങ്ങൾ കാണുവാൻ സാധിക്കുന്നു.എല്ലാം തികഞ്ഞ ഒരു ഗുരു തന്റെ മുന്നിലിരിക്കുമ്പോൾ, എത്ര ദൂഷ്യങ്ങളും, വൈകല്യങ്ങളുമാണ് തനിക്കുള്ളത് എന്ന് മനസ്സിലാക്കുന്നു. 

അങ്ങനെ എന്റെ വൈകല്യങ്ങൾ കാണിച്ച് തരുന്ന ഒരു കണ്ണാടി എനിക്ക് വേണ്ട.വാസ്തവത്തിൽ ഞാൻ എങ്ങനെയിരിക്കുന്നു അതുപോലെ എന്നെ കാണിച്ച് തരണം. അല്ലാതെ എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ന്യൂനതകൾ എനിക്ക്  കാണണ്ട. ഈ ലോകം തന്നെ ന്യൂനതകൾ കാണിച്ച് തരുന്ന കണ്ണാടിയാണ്. 

പലതും നാം മറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ വിശ്വം സദാ നമ്മെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു. ശരീരത്തിനും മനസ്സിനും അനുഭവപ്പെടുന്ന വേദനകൾ മറന്ന് വേദാന്തം ഒക്കെ കേട്ട് അതൊക്കെ സാരമില്ല ഞാൻ ദേഹമല്ല എന്ന് പറഞ്ഞിരിക്കുന്നു. അങ്ങനെയിരിക്കുമ്പോൾ ആരെങ്കിലും പറയും കണ്ടിട്ട് എന്തോ അസുഖമുണ്ടെന്ന് തോന്നുന്നല്ലോ. ഒരു ചെക്കപ് ഒക്കെ ചെയ്തോളൂ എന്ന്. അത് കേൾക്കുമ്പോഴേയ്ക്കും പേടിയായി. നാം മറക്കാൻ ശ്രമിക്കുന്നത് മറ്റൊരാൾ വന്ന് ഓർമ്മിപ്പിക്കുന്നു. ഇതാണ് ലോകം കണ്ണാടി ആണെന്ന് പറയുന്നത്. ഈ ന്യൂനതകൾ എനിക്കുണ്ടെന്ന് അറിയാം. അത് കാട്ടിത്തരുന്നവരെയൊന്നുമല്ല എനിക്ക് വേണ്ടത്.

 ഞാൻ ബ്രഹ്മമാണ് എന്ന് പറയുന്ന ഒരു കണ്ണാടി വേണം. 
ഞാൻ ശരീരമാണെന്ന് പറയുന്ന കണ്ണാടിയൊന്നും എനിക്ക് വേണ്ട. എന്റെ മനസ്സിന്റെ വൈകല്യങ്ങളേയും അറിവില്ലായ്മയേയും കാട്ടിത്തരുന്ന കണ്ണാടിയും എനിക്ക് വേണ്ട. ഈ ലോകം മുഴുവൻ അതാണ്. എല്ലാം അപമാനകരമാണ്. we have such innumerous mirrors. 

എനിക്ക് വേണ്ടത് എന്നെ അതിരില്ലാത്ത പൂർണ്ണ വസ്തുവായി കാണിക്കുന്ന , അശരീരിയായി, മസ്സോ , ബുദ്ധിയോ , പ്രാണനോ അല്ലാത്ത അഘണ്ട വസ്തുവായി കാണിക്കുന്ന ആ കണ്ണാടിയാണ്. അങ്ങനെയുള്ള കണ്ണാടിയാണ് സദ്ഗുരു.
നീ പാപിയാണ്, ദുഷ്ടനാണ് എന്ന് പറയുന്ന ഗുരു വേണ്ട. അതിനിഷ്ടം പോലെ ആളുണ്ട്. ഞാൻ മറന്ന് പോയിരിക്കുന്ന സ്വരൂപത്തെ അറിയാനുള്ള ശക്തിയാണ് എനിക്ക് വേണ്ടത്. നീ പൂർണ്ണ വസ്തുവാണ്, ആത്മാവാണ്, നിനക്ക് ജനനമില്ല, മരണമില്ല. ശുദ്ധോസി, ബുദ്ധോസി, നിരജ്ഞനോസി, പ്രപഞ്ച മായ പരിവർജ്യതോസി എന്ന അലൗകികമായ വചനം പറയുന്ന ഗുരുവിനെ വേണം. അതിപ്പൊ മൗനമായിട്ട് സത്യം ബോധിപ്പിക്കുന്ന ഗുരു ആയാലും മതി. എന്തായാലും ഗുരു വേണം.

Nochurji 🙏🙏
Malini Dipu

No comments: