Sunday, April 14, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 51
ധർമ്മം, അർത്ഥം, കാമം ഇതു മൂന്നും ശരിയായ രീതിയിൽ ആണെങ്കിൽ ഈ ജീവന്റെ ചിത്തം ശുദ്ധമാകും. നല്ലവണ്ണം നോക്കിക്കൊള്ളണം. ഇവന്റെ ബയോളജിക്കൽ അർജസ് , ഭൗതികമായ ശാരീരികമായ ആഗ്രഹങ്ങൾ ഇത് വലിയ തടസ്സമാണ്. ഭർത്തൃഹരി പറഞ്ഞു കവികൾ നമ്മളെ കേടുവരുത്തി എന്നു പറഞ്ഞു. കവികള് എന്താ കേടുവരുത്തിയത് എന്നു വച്ചാൽ മൃഗങ്ങൾക്കൊന്നും ഇല്ലാത്ത വിധത്തിൽ മൃഗങ്ങളാരും പാട്ടെഴുതുകയോ കവിത എഴുതുകയോ ഈ സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് നാടകമെഴുതുകയോ ഒന്നും ചെയ്തില്ല. അവര് ആ കാലമാകുമ്പോൾ പുത്രോല്പത്തി ഉണ്ടാവുന്നു എന്നല്ലാതെ അതില് കൂടുതൽ അതിനെ പെരുപ്പിച്ച തൊന്നും ഇല്ല. പക്ഷേ കവികളും മനുഷ്യന്റെ മനസ്സും ഈ കാമത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തതു കൊണ്ട് എന്തായി ഈ മനുഷ്യന്റെ മോക്ഷത്തിലേക്കുള്ള യാത്ര വല്ലാതെ തടസ്സപ്പെട്ടു. അല്ലെങ്കിൽ അത് ഒരു തടസ്സമേ അല്ല. അത് സാധാരണമായി പ്രകൃതിയുടെ ഒരു സ്വഭാവം. അത് അത്രേയുള്ളൂ. അത് അതിന്റെ പാട്ടില് പോവും. പക്ഷേ അതിനെ മനുഷ്യൻ മാത്രം മനസ്സിന്റെ തലത്തിലേക്ക് കൊണ്ടുവന്നു. മനസ്സിന്റെ തലത്തിൽ ഭാവനയുടെ തലത്തിലേക്ക് കൊണ്ടുവന്നു . അതു കൊണ്ട് എന്തായി? ഇയാൾക്ക് മനസ്സ് പ്രബലപ്പെട്ടു വന്നു. അതിനെ നിയന്ത്രിക്കാനായി ഋഷികൾ എന്തു ചെയ്തു ധർമ്മത്തിനെ വച്ചു. ധാർമ്മികമായി ജീവിച്ചാൽ ഒരു ഗൃഹസ്ഥനായിട്ട് ധാർമ്മികമായി ജീവിക്കുകയാണെങ്കിൽ ശരിയായ രീതിയിൽ തപസ്സോടുകൂടി ജീവിച്ചാൽ കുറച്ച് കഴിയുമ്പോൾ ശേഷിച്ച വാസനകളും ആഗ്രഹങ്ങളും ഒക്കെ കെട്ടടങ്ങും. കെട്ടടങ്ങിയാൽ ഇതിലൊന്നും കാര്യമായിട്ട് ഒന്നും ഇല്ല എന്ന് അയാള് മനസ്സിലാക്കും. അയാളായിട്ട് ഭാവന ചെയ്ത് ഒന്നും പെരുപ്പിച്ചിട്ടില്ലെങ്കിൽ നാച്ചുറലായി യിട്ട് അത് ഒക്കെ വിട്ടു പോയി ക്കഴിഞ്ഞാൽ പിന്നെ ഇയാളുടെ ഉള്ളിൽ പതുക്കെ ഒരു ചോദ്യം ഉദിക്കും. ജീവിതത്തിന്റെ പരമ ലക്ഷ്യം എന്താണ്? അതിനാണ് തത്ത്വജിജ്ഞാസ എന്നു പറയണത്. അപ്പൊ എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താ? ബേസിക് ആയിട്ടുള്ളതൊക്കെ ക്കഴിഞ്ഞു . ജീവിതത്തിന്റെ പരമ ലക്ഷ്യം എന്താ? ഞാൻ എന്തിനു ജീവിക്കുണു? ജീവിതത്തിന് എന്താ അർത്ഥം ? എന്നൊക്കെയുള്ള ഒരു ചോദ്യം ഉള്ളില് ഉദിക്കും. തത്ത്വജിജ്ഞാ സയുണ്ടാവും എന്നു സൂതൻ പറഞ്ഞു
( നൊച്ചൂർ ജി ).
Sunil Namboodiri.

No comments: