അമൃതവചനം*
*ക്ഷേത്രങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ തൂണുകൾ.*
ഓരോ ക്ഷേത്രത്തിനും അതിന്‍റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. അതിനെ അവഗണിയ്ക്കുന്നത് ശരിയല്ല. ക്ഷേത്ര ആരാധനയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ക്ഷേത്രത്തിലെ ദേവതയും സർവവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കണം. *സർവ്വവ്യാപിയായ ഈശ്വരന് യാതൊരു പരിമിതികളും ഇല്ല.* അവിടുത്തേക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എങ്ങും നിറഞ്ഞു നിൽക്കുന്ന അനന്തമായ ശക്തിയാണ്. എന്നാൽ ക്ഷേത്രത്തിന്‍റെ കാര്യത്തിൽ ഇത് വ്യത്യാസമുണ്ട്.
നമ്മൾ ഏതു രീതിയിൽ ഭാവിക്കുന്നോ, അതുപോലെ ഫലവും കിട്ടും. ഒരു വിത്ത് നട്ടാൽ അതിന് വെള്ളവും വളവും കൊടുക്കുന്നത് കൊണ്ടാണ് പൂവും കായും ഫലങ്ങളും കിട്ടുന്നത്. *ഓരോ ക്ഷേത്ര ദേവതയ്ക്കും യഥാസമയം പൂജ ചെയ്യണം, നിവേദ്യങ്ങൾ സമർപ്പിക്കണം, ശുദ്ധാശുദ്ധങ്ങൾ നോക്കണം – അതുപോലെ ആചാരാനുഷ്ഠാനങ്ങൾ വേണം. സർവവ്യാപിയായ ഈശ്വരന് ഇത്തരം പരിമിതികൾ ഇല്ല.* ക്ഷേത്രത്തിലെ ഓരോ ദേവതയ്ക്കും പ്രത്യേകം പ്രത്യേകം സങ്കൽപ്പമുണ്ട്. രൗദ്രഭാവത്തിലെ സങ്കൽപ്പം വേറെ, ശാന്തഭാവത്തിലെ സങ്കൽപ്പം വേറെ. ഓരോ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ടും ചില സങ്കല്പങ്ങളുണ്ട്. ഇന്ന പൂജ വേണം, ഇന്ന ആചാരങ്ങൾ വേണം, ഇന്നയിന്ന ശുദ്ധാശുദ്ധി വേണം. സഗുണാരാധനക്ക് ഈ രീതിയിലുള്ള പ്രാധാന്യങ്ങൾ ഉണ്ട്. *പാരമ്പര്യമായുള്ള നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ട വിധത്തിൽ പാലിച്ചില്ലെങ്കിൽ അത് ക്ഷേത്രാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും.* ക്ഷേത്ര സങ്കല്പത്തിന്റെ കാര്യമാണ് പറയുന്നത്.
ക്ഷേത്രം മൈനറാണ് എന്നു പറയും [ഭരണഘടനാ പ്രകാരം] . കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും അദ്ധ്യാപകരും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് തന്ത്രിയും പൂജാരിയും അതുപോലെതന്നെ വിശ്വാസികളും ആവശ്യമാണ്.
ശങ്കരാചാര്യർ അദ്വൈതമാണ് സ്ഥാപിച്ചത്. നാരായണ ഗുരുവും അദ്വൈതമാണ് സ്ഥാപിച്ചത്. ചട്ടമ്പി സ്വാമികളുടെ കാര്യം നോക്കിയാലും അങ്ങനെ തന്നെയാണ്. അവരൊക്കെ തിരിച്ചുവന്ന് ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. അതിനകത്തെല്ലാം ഓരോ ആചാരാനുഷ്ഠാനങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഓരോ ക്ഷേത്രത്തിനും ഓരോ രീതിയുണ്ട്. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കാൻ പ്രത്യേക രീതിയുണ്ട്. പ്രദക്ഷിണം വയ്‌ക്കുമ്പോൾ ഇന്ന സ്ഥലത്ത് പ്രദക്ഷിണം വയ്ക്കരുത് തിരിച്ചു വരണം എന്ന് പറയും. എല്ലായിടത്തും ഈശ്വരനുണ്ട് എന്നറിയാമെങ്കിലും പോകുന്ന ക്ഷേത്രങ്ങളിലെല്ലാം അവിടത്തെ ആചാരം അമ്മയും അനുഷ്ഠിക്കാറുണ്ട്.
ശബരിമല സീസൺ സമയത്ത് പതിനഞ്ച് വർഷമായിട്ട് അമ്മ റിസർച് പോലെ നടത്തി. വിവിധ ആശുപത്രികളിൽ ചെന്ന് ഒരു ഗവേഷണം നടത്തിയത്തിൽ എല്ലാ സീസൺ സമയത്തും മുപ്പത് മുതൽ നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണ്. കാരണമെന്താണ്? ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു എന്നതാണ് ഇതിന് കാരണം. *എത്രയോ കുടുംബങ്ങളിൽ മാനസികമായും ശാരീരികമായും ഒരു താളലയം കൊണ്ടു വരുന്നതാണ് ക്ഷേത്രങ്ങൾ.* അതുകൊണ്ട് ഈ സംസ്ക്കാരത്തെ നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്. സംസ്കാരത്തിന്‍റെ കെട്ടും കുറ്റിയും (അടിസ്ഥാനം)അതിലാണ്.
മാതാ അമൃതാനന്ദമയി ദേവി
*സനാതന
No comments:
Post a Comment