Sunday, April 14, 2019

പുരുഷഭാവമാര്‍ന്നതെല്ലാം ശിവനെന്നും, സ്‌ത്രൈണങ്ങളായവ ശക്തിയെന്നും സാധാരണ സങ്കല്പിക്കുക പതിവാണ്. എന്നാല്‍ എല്ലാം പൗരുഷമാണെന്നാണ് ശിവപുരാണമതം.


ശിവശക്തൈ്യക്യത്തിന്റെ അനന്യഭാവമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.

സൃഷ്ടികളെല്ലാം ശിവസങ്കല്പത്തിലുദ്ഭവിക്കുകയും പ്രളയ സങ്കല്പത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷങ്ങളെ സൂചിപ്പിക്കുകയാണ് ശിവശക്തൈ്യക്യം കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തിസ്വരൂപിണിയായ പ്രകൃതി ശിവതത്ത്വത്തില്‍ വിലയം പ്രാപിക്കുന്നു. ആദിപുരുഷനായ ശിവനില്‍നിന്ന് വീണ്ടും ഉല്‍പത്തി സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ സൃഷ്ടി സ്ഥിതിലയഭാവങ്ങളില്‍ ശിവശക്തൈക്യം നിലനില്ക്കുന്നു.

 ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തിസ്വരൂപിണി  എന്നിങ്ങനെയുള്ള വര്‍ണനയുടെ രഹസ്യവും ഈ തത്ത്വം വെളിവാക്കുന്നു.

മാര്‍ക്കണ്ഡേയപുരാണത്തില്‍ ശക്തിയുടെ അനന്തമായ വൈഭവങ്ങളെ വര്‍ണിക്കുന്ന ഒരേ കാരണത്തിന്റെ സഗുണനിര്‍ഗുണഭാവങ്ങള്‍ തന്നെയാണ് പുരുഷനെന്നും പ്രകൃതിയെന്നും ശിവനെന്നും ശക്തിയെന്നും വര്‍ണിക്കപ്പെട്ടിരിക്കുന്നത്.



‘രുദ്രോ ഗന്ധ: ഉമാ പുഷ്പം
രുദ്രോfര്‍ഥ: അക്ഷര: സോമാ
രുദ്രോ ലിംഗമുമാപീഠം
രുദ്രോ വഹ്നിരുമാ സ്വാഹാ
രുദ്രോ യജ്ഞ ഉമാ വേദി:
രുദ്രോ ദിവാ ഉമാ രാത്രി:
രുദ്ര: സോമ ഉമാ താര
രുദ്ര: സൂര്യ ഉമാച്ഛായാ
തസ്‌മൈ തസൈ്യ നമോ നമ:’ (രുദ്രഹൃദയോപനിഷത്ത്)



എന്നിങ്ങനെ ഉമാമഹേശ്വര മാഹാത്മ്യം വര്‍ണിക്കുന്നിടത്ത് അഭിന്നവും അനന്യവുമായ തത്ത്വമാണ് ശിവനും ശക്തിയുമെന്ന്‌വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
sanathanadharma

No comments: